സ്കൂൾ കുട്ടികൾ വയറിങ് ജോലി നടത്തുന്നു
അടിമാലി : അടിമാലി എസ്.എൻ.ഡി.പി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് & കൗൺസലിങ് സെല്ലിന്റെയും നാഷനൽ സർവിസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ കട്ടമുടി ആദിവാസി ഉന്നതിയിലെ നിർധന കുടുംബം താമസിക്കുന്ന വീടിന്റെ വയറിങ് ജോലികൾ പൂർണമായി ചെയ്തു നൽകി. വീടിന്റെ വയറിങ് ഇടിമിന്നലിൽ പൂർണമായി തകരാറിലായി മാസങ്ങളോളം ഇരുട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. വാർഡ് അംഗം എം.ജി. അലിയാരുടെ അഭ്യർഥന പ്രകാരമാണ് പ്രവർത്തനം ഏറ്റെടുക്കാൻ കുട്ടികൾ തീരുമാനിച്ചത്.
ഒരു ദിവസം പൂർണമായി എടുത്താണ് കുട്ടികൾ ജോലി പൂർത്തീകരിച്ചത്. വയറിങ്ങിന് ആവശ്യമായ മെറ്റീരിയൽസ് അടിമാലി കൽപന ഇലക്ട്രികൽസാണ് സൗജന്യമായി നൽകിയത്. സ്കൂളിലെ ഇ.ഡി.എസ് ബാച്ചിലെ കുട്ടികളായ ഗൗതം ഗോപകുമാർ, മിലൻ ജോമോൻ, ശ്യാം ശശി, മെൽവിൻ മാർട്ടിൻ, ജോനാസ് അനിൽ, എറിക് റെജി എന്നിവരാണ് വയറിങ് പൂർത്തീകരിച്ചത്. പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ എം.എസ്. അജി, കോഓഡിനേറ്റർ പി.എസ്. നിഥിൽ നാഥ് , പ്രോഗ്രാം ഓഫിസർ ബി. അജയ് , അധ്യാപകൻ പി.സി. അജിമോൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.