തൊടുപുഴ: ഉറ്റവരെ നഷ്ടപ്പെട്ടവർ, ആയുസ്സിന്‍റെ അധ്വാനം മുഴുവൻ ഒറ്റരാത്രികൊണ്ട് ഇല്ലാതായവർ, കൂര ഉറപ്പില്ലാതായതോടെ തല ചായ്ക്കാൻ ക്യാമ്പുകളിൽ അഭയം തേടുന്നവർ, വിയർപ്പൊഴുക്കിയ കൃഷിയിടങ്ങൾ ചളിക്കളമായത് നിസ്സഹായതോടെ നോക്കിനിൽക്കുന്നവർ. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ച വരെ തോരാതെ പെയ്ത മഴ ജില്ലയിലെമ്പാടും വരുത്തിവെച്ച ദയനീയ കാഴ്ചകളാണിവ. പ്രാഥമിക വിവരശേഖരണത്തിൽ 30 വീടുകൾ പൂർണമായും 48 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. തൊടുപുഴയിലും പീരുമേട്ടിലും 200 മി.മീ മുകളിലാണ് മഴ രേഖപ്പെടുത്തിയത്. ഈ രണ്ടു താലൂക്കുകളിലുമാണ് മരണമടക്കമുള്ള വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതും.
അടൂർമലയെ നടുക്കി ഉരുൾപൊട്ടൽ
വെള്ളിയാഴ്ച രാത്രിയോടെതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തോരാപ്പെയ്ത്തിൽ മണ്ണിടിച്ചിൽ ആരംഭിച്ചിരുന്നു. പുലർച്ചയോടെ ഉരുളുകളും എത്തി. കുടയത്തൂർ കോളപ്രക്ക് സമീപം അടൂർമലയിലാണ് ആദ്യം ഉരുൾപൊട്ടിത്. അടൂർമല മഷികല്ലേൽ രവി എന്നയാളുടെ വീടിന് മുകളിൽനിന്നുമുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വീട് പൂർണമായും നശിച്ചു. വീട്ടിലുണ്ടായിരുന്ന രവിയും മകനും രക്ഷപ്പെട്ടെങ്കിലും രവിയുടെ ഭാര്യ സുമതി മരണപ്പെട്ടു. ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഉറങ്ങിക്കിടന്ന വയോധികനും മരിച്ചു. കോലാഹലമേട് സ്വദേശി പ്രഭാകരൻ നായരാണ് മരിച്ചത്.
മുട്ടം ചള്ളാവയലിന് സമീപം പരപ്പാൻ തോട് നിറഞ്ഞതിനെ തുടർന്ന് വിവിധയിടങ്ങളിൽ വെള്ളം പൊങ്ങി വീടികളിലുള്ളവർ കുടുങ്ങി. മുട്ടം ചള്ളാവയൽ മാക്കിൽ കോളനിയിൽ വെള്ളം കയറി ആളുകൾ കുടുങ്ങി. മുട്ടം ഇടപ്പള്ളി-ഊരക്കുന്ന് പാലത്തിന് മുകളിൽ വെള്ളം കയറിയിട്ടുണ്ട്. തുടങ്ങനാട് - ചള്ളാവയൽ ഭാഗത്ത് കഠാര കോളനിയിൽ വെള്ളം കയറി വീടുകൾ ഒറ്റപ്പെട്ടു. ചെറുതോണിയിൽ കീരിത്തോട്ടിലും വ്യാപക മണ്ണിടിച്ചിലാണ് ഉണ്ടായത്.
കരിങ്കുന്നം നെല്ലാപ്പാറയിൽ രണ്ടിടത്താണ് മണ്ണിടിഞ്ഞുവീണത്. ഇവിടങ്ങളിലൊന്നും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിൽ വിവിധ മേഖലകളിൽ വ്യാപക മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പലയിടത്തും ഗതാഗത തടസ്സം; തൊടുപുഴയാർ നിറഞ്ഞൊഴുകി
ശനിയാഴ്ച വെള്ളം കയറിയും മണ്ണിടിഞ്ഞും നഗര-ഗ്രാമ ഭേദമെന്യേ ഗതാഗതം തടസ്സപ്പെട്ടു. ഇലപ്പള്ളി ചെളിക്കൽ കവല ഭാഗത്ത് മണ്ണിടിഞ്ഞുവീണ് മൂലമറ്റം - വാഗമൺ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വാഗമൺ - ഈരാറ്റുപേട്ട റോഡിലും വാഗമൺ - ഉപ്പുതറ റോഡിലും ശനിയാഴ്ച ഗതാഗതം മുടങ്ങി. തൊടുപുഴ നഗരത്തിന്‍റെ വിവിധയിടങ്ങളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴയാർ കരകവിഞ്ഞതിനെ തുടർന്ന് നിരവധി ഇടങ്ങൾ വെള്ളത്തിൽ മുങ്ങി. തൊടുപുഴ - വെള്ളിയാമറ്റം റോഡിൽ കാരിക്കോട് വെള്ളം പൊങ്ങിയതിനെ തുടർന്ന് സമീപത്തെ ഹൗസിങ് കോളനിയിൽ മണിക്കൂറുകളാണ് ആളുകൾ കുടുങ്ങിക്കിടന്നത്.
തോടുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നതോടെ പലയിടത്തും ഗതാഗതവും താളംതെറ്റി. അടിമാലി മേഖലയിൽ ചാറ്റുപാറ, മച്ചിപ്ലാവ്, ദേവിയാർ പത്താം മൈൽ മേഖലകളിൽ പലസ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിൽ വെള്ളപ്പാച്ചിൽപോലെ വെള്ളം ഒഴുകുന്നുണ്ട്. റോഡിലേക്ക് പാറ അടർന്നുവീണു. മച്ചിപ്ലാവ് മഴുമറ്റം പടിയിൽ മണ്ണിടിഞ്ഞ് റോഡ് ബ്ലോക്കാണ്. വണ്ടിപെരിയാർ, കുമളി മേഖലകളിലും വെള്ളം പൊങ്ങി.
ചീയപ്പാറ വനത്തിൽ ഉരുൾപൊട്ടി; നിരവധിയിടങ്ങളിൽ മണ്ണിടിച്ചിൽ
അടിമാലി: അടിമാലി മേഖലയിൽ കാലവർഷം വ്യാപക നാശം വിതച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലിക്ക് സമീപം പതിനാലാം മൈലിൽ വലിയതോതിൽ മണ്ണിടിഞ്ഞുവീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാളറ വനമേഖലയിൽ ചീയപ്പാറ വനത്തിൽ ഉരുൾപൊട്ടി. ഏക്കറുകണക്കിന് വനം ഒലിച്ചുപോയി. ദേശീയപാതയോട് ചേർന്നാണ് ഉരുൾപെട്ടിയത്. നേര്യമംഗലം ചാക്കോച്ചി വളവിൽ വൻ പാറക്കഷണം ഉൾപ്പെടെ മണ്ണിടിഞ്ഞ് ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ ദേശീയപാതയിൽ പുഴക്ക് സമാനമായി റോഡിലൂടെ വെള്ളം കുത്തിയൊഴുകിയത് ആശങ്കക്ക് ഇടയായി. നിരവധി വാഹനങ്ങൾ ഇവിടെ കുടുങ്ങി. ദേവിയാർ പുഴ കവിഞ്ഞൊഴുകി. ദേവിയാർ കോളനി മുക്ക് റോഡിലും നിരവധി വീടുകളിലും വെള്ളം കയറി. പതിനാലാംമൈൽ, മച്ചിപ്ലാവ്, ചാറ്റുപാറ, പോസ്റ്റോഫിസ് പടി എന്നിവിടങ്ങളിൽ വീടുകളിലും സ്‌കൂളുകളിലുമടക്കം വ്യാപകമായി വെള്ളം കയറി. രാത്രി പ്രളയസമാനമായി ഉണ്ടായ മഴയും കാറ്റും വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.
വീടുകളിലേക്ക് വെള്ളം കുത്തിയോലിച്ച് എത്തിയത് ഏവരെയും ആശങ്കയിലാക്കി. നിരവധി കുടുംബങ്ങളാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയത്. മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്പെഷ്യൽ സ്‌കൂളിലും വെള്ളം കയറി. പുഴകളും തോടുകളും കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. വ്യാപകമായ കൃഷി നാശവും ഉണ്ടായി. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. കാറ്റിൽ മരങ്ങൾ കടപുഴകി പലയിടങ്ങളിലും ഇലക്ട്രിക് ലൈനിലേക്ക് വീണത് വൈദ്യുതി നിലക്കാനും കാരണമായി. നേര്യമംഗലം, പനംകുട്ടി റോഡിൽ നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിര വേലിയിൽ മഴ കനത്ത നാശം വിതച്ചു. റോഡിലും പാലത്തിലുമടക്കം വെള്ളം കയറിയത് കാഞ്ഞിര വേലിയെ ഒറ്റപ്പെടുത്തി.
ഇരട്ടയാർ അണക്കെട്ടിൽ റെഡ് അലർട്ട്
കട്ടപ്പന: ഇരട്ടയാർ അണക്കെട്ടിൽ ജലനിരപ്പ് 748.89 അടിയായി ഉയർന്നതോടെ ഡാം തുറക്കാൻ സാധ്യത. ഇതോടെ ഇടുക്കി ഡാമിലേക്കുള്ള നിരോഴുക്ക് ശക്തമായി. കല്ലാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. 822.8 അടിയാണ് കല്ലാറിലെ ജലനിരപ്പ്. ഇതോടെ അഞ്ചുരുളി ടണൽ വഴി ഇടുക്കി ജലാശയത്തിലേക്കുള്ള നിരോഴുക്കും ശക്തമായി. ഓരോ മണിക്കൂറും ജലനിരപ്പ് വിലയിരുത്തി ഡാം തുറന്നുവിടണോയെന്ന് തീരുമാനിക്കും. ഇടുക്കി ഡാമിലേക്ക് ജലമെത്തുന്ന പെരിയാറിലും പോഷക നദികളിലും നീരൊഴുക്ക് ശക്തമാണ്. ഇരട്ടയാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളം കയറി. അഞ്ചുരുളി തുരംഗ മുഖത്തെ കമ്പിവേലിയിൽ വെള്ളപ്പാച്ചിലിൽ ഒഴുകി എത്തിയ മരകമ്പുകളും തടികളും തങ്ങിനിന്ന് ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഇവ എടുത്തു മാറ്റുന്ന പ്രവർത്തനങ്ങളും കരാർ ഏറ്റെടുത്തിരിക്കുന്നവരുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.
കീരിത്തോട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടി
ചെറുതോണി: കീരിത്തോട്ടിൽ രണ്ട് സ്ഥലത്ത് ഉരുൾപൊട്ടി. ഇടുക്കി - നേര്യമംഗലം റോഡിൽ കീരിത്തോട്ടിലും തട്ടേക്കണ്ണിയിലും മണ്ണിടിഞ്ഞ് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കീരിത്തോടിനും പകുതിപ്പാലത്തിനുമിടയിൽ ചെറുതോട്ടപടിയിൽ റോഡിന്‍റെ വശമിടിഞ്ഞ് വെയിറ്റിങ് ഷെഡ് ഉൾപ്പെടെ താഴോട്ട് പോയി. പകുതിപ്പാലത്ത് ഒരു വീട് ഭാഗികമായി തകർന്നു. മഴക്കെടുതിയില്‍പ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ തുറന്നു. തട്ടേക്കണ്ണി കമ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ ഏഴുപേരാണുള്ളത്. കീരിത്തോട് ഗവ. എൽ.പി സ്‌കൂളിൽ മൂന്ന് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. പെരിയാർ വാലിയിൽ ചൂരക്കുഴിയിൽ ജോയിയുടെ വീടിനകത്തേക്ക് കല്ലും മണ്ണും കയറി വീട് ഭാഗികമായി തകർന്നു. തടിയമ്പാട് മടത്തുംകടവ് ഷേത്രത്തിന് സമീപം മണ്ണിടിഞ്ഞ് രാവിലെ മുതൽ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷസേനയെത്തി തടസ്സം നീക്കി. പെരിയാർ കരകവിഞ്ഞൊഴുകി തടിയമ്പാട്ട് പതിനാലോളം കുടുംബങ്ങൾ ദുരിതത്തിലായി. പ്രളയബാധിത മേഖലകളിൽ ജാഗ്രതയും ദുരിതാശ്വാസ നടപടികളും ശക്തമാക്കി.
കനത്ത മഴയെ തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകിയതോടെ വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാട് മേഖലയിൽ ഇരുപതോളം കുടുംബങ്ങൾ ദുരിതത്തിലായി. പഞ്ചായത്തിലെ നാലാം വാർഡ് ഉൾപ്പെടുന്ന ഭാഗത്ത് രാത്രിയോടെ വെള്ളം കയറി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഭാഗികമായി മുങ്ങി. പുലർച്ച അഞ്ചുമണിയോടെയാണ് വെള്ളം കയറിയ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് വാഹനങ്ങൾ വടത്തിൽ കെട്ടി മറ്റ് വാഹനങ്ങളുടെ സഹായത്തോടെ വലിച്ചുകയറ്റിയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്.
തടിയമ്പാട് - ചെറുതോണി റോഡിന്‍റെ വിവിധ ഭാഗങ്ങളിലും പ്രധാന റോഡുകളിലും ഇതിനോടകം മണ്ണിടിച്ചിലുണ്ടായി. പ്രളയസാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി വാർഡ് മെംബർ റിൻസി സിബി അറിയിച്ചു. ദുരിതബാധിത മേഖലകളിൽ രാത്രികാലത്ത് വെളിച്ചം ഉറപ്പാക്കുന്നതിനായി പഞ്ചായത്തിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച പഞ്ചായങ്ങളിലൊന്നാണ് വാഴത്തോപ്പ്.
പീരുമേട് താലൂക്കിൽ വൻ നാശം
പീരുമേട്: തുടർച്ചയായ 12 മണിക്കൂറിലധികം പെയ്ത കനത്ത മഴയിൽ പീരുമേട് താലൂക്കിന്‍റെ വിവിധ മേഖലകളിൽ വൻനാശനഷ്ടം. അഞ്ച് വീടുകൾ പൂർണമായും 18 വീടുകൾ ഭാഗികമായും തകർന്നു. 213 മില്ലിമീറ്റർ മഴ പീരുമേട്ടിൽ രേഖപ്പെടുത്തി. ദേശീയപാത 183ൽ അമലഗിരി, കുട്ടിക്കാനം കട്ടപ്പന റൂട്ടിൽ ഏലപ്പാറക്ക് സമീപവും ഉരുൾപൊട്ടി ഗതാഗതം തടസ്സപ്പെട്ടു. അമലഗിരിയിൽ റോഡിന് മുകളിൽനിന്ന് ഉരുൾപൊട്ടിയത് 500 മീറ്ററിലധികം ദൂരത്തിൽ നാശം വിതച്ചു. പാമ്പനാർ, ലാഡ്രം, ഏലപ്പാറ, കോഴിക്കാനം തുടങ്ങിയ സ്ഥലങ്ങളിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വീട് തകർന്നെങ്കിലും വീടുകളിൽ ഉണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അഴുതയാറും ഏലപ്പാറയിലെ പുഴയും കരകവിഞ്ഞൊഴുകുകയാണ്. ഉപ്പുതറ, വാഗമൺ, പെരിയാർ വില്ലേജുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.