വാഗ്​ദാനത്തിൽ ഒതുങ്ങി ഉടുമ്പന്‍ചോലയിലെ പാലങ്ങളുടെ പുനര്‍നിര്‍മാണം

നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കില്‍ ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലങ്ങള്‍ അടിയന്തരമായി പുനര്‍ നിര്‍മിക്കുമെന്ന വാഗ്​ദാനം പാഴ്‌വാക്കായി. പ്രധാനപ്പെട്ട ആറോളം പാലങ്ങള്‍ മൂന്നുവര്‍ഷത്തിനകം പുനര്‍നിര്‍മിക്കുമെന്നായിരുന്നു പൊതുമരാമത്തിന്‍റെ അറിയിപ്പ്. എന്നാല്‍, മൂന്നുവര്‍ഷം പിന്നിട്ടിട്ടും പ്രാരംഭ നടപടികള്‍പോലും ആരംഭിച്ചിട്ടില്ലെന്ന്​ മാത്രമല്ല പാലങ്ങള്‍ പുനര്‍നിര്‍മിക്കാൻ ആലോചനപോലും നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. അന്തര്‍ സംസ്ഥാനപാതയിലെ കൂട്ടാര്‍പാലം, കോമ്പയാര്‍ പാലം, താന്നിമൂട് പാലം, ഇരട്ടയാര്‍ പാലം, എന്നിവ അടിയന്തരമായി നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ചില പാലങ്ങളും പുനര്‍നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നു. ഇടുങ്ങിയതും അപകടാവസ്ഥയിലുമായ ആറോളം പാലങ്ങളില്‍ വിദഗ്​ധ സംഘം വര്‍ഷങ്ങള്‍ക്കുമുമ്പ് പരിശോധനയും നടത്തിയിരുന്നു. കരാറുകാരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മേഖലയിലെ പാലങ്ങളില്‍ പരിശോധ നടത്തി. ടോറസ് ലോറികള്‍ തലങ്ങും വിലങ്ങും പായുന്നതിനാല്‍ മറ്റ്​ ചില പാലങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചതായും സംശയിച്ചിരുന്നു. ഇടുങ്ങിയതും കഷ്ടിച്ച് ഒരു വാഹനത്തിനുമാത്രം കടന്നുപോകാന്‍ കഴിയുന്നതുമായ ഈ പാലങ്ങളുടെ കൈവരികള്‍ ഉള്‍പ്പെടെ തകര്‍ന്ന നിലയിലാണ്. 30 വര്‍ഷം മുമ്പ് നിര്‍മിച്ച ആലപ്പുഴ- മധുര ദേശീയ പാതയുടെയും നെടുങ്കണ്ടം- കമ്പം സംസ്ഥാനാന്തര പാതയുടെയും ഭാഗമായ ബാലഗ്രാം-കമ്പംമെട്ട് റോഡില്‍ സ്ഥിതി ചെയ്യുന്നതാണ് കൂട്ടാര്‍ പാലം. പാലത്തിന്‍റെ അടിയിലെ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിങ് നാലുവര്‍ഷം മുമ്പ് ഇളകിവീണിരുന്നു. പ്ലാസ്റ്ററിങ് തകര്‍ന്നതോടെ പാലത്തിന്‍റെ അടിവശത്തെ കമ്പികള്‍ തെളിഞ്ഞു. രണ്ട് പ്രളയങ്ങള്‍ കഴിഞ്ഞതോടെ ഇവ തുരുമ്പുപിടിച്ചുതുടങ്ങി. തുടർന്ന്​ തൂണുകള്‍ക്ക് ബലക്ഷയമുണ്ടെന്ന ആരോപണം പ്രദേശവാസികള്‍ ഉന്നയിച്ചതോടെ അന്നത്തെ മന്ത്രി എം.എം. മണി ഇടപെടുകയും പുതിയപാലം നിര്‍മിക്കാന്‍ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. പാലം നിര്‍മിക്കാന്‍ മൂന്നുകോടിയും ആവശ്യമായ പഠനങ്ങള്‍ക്കും രൂപരേഖക്കും മറ്റും അഞ്ച് ലക്ഷവും അനുവദിച്ചു. എന്നാല്‍, പാലത്തിന് ബലക്ഷയമില്ലെന്നായിരുന്നു പൊതുമരാമത്തിന്‍റെ കണ്ടെത്തല്‍. ഇതോടെ പാലം പൊളിച്ചുപണിയാതെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. എന്നാല്‍, രണ്ടു മാസം പിന്നിടുംമുമ്പ് തന്നെ പാലത്തില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടും കൈവരികള്‍ തകര്‍ന്നും പാലത്തിന്‍റെ അവസ്ഥ പഴയപടിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.