ഇരുമ്പുപാലത്ത്​ വേണം പൊതുശൗചാലയം

അടിമാലി: പഞ്ചായത്തിലെ പ്രധാന ടൗണായി വളര്‍ന്നെങ്കിലും 'ശങ്ക' മാറ്റാൻ ഒരു വഴിയുമില്ലാതെ വലയുകയാണ്​ ഇരുമ്പുപാലത്ത്​ എത്തുന്നവർ. അടിമാലി പഞ്ചായത്ത് ഇവിടെ കംഫര്‍‌ട്ട്​ സ്റ്റേഷൻ നിർമിക്കാൻ രണ്ടുവട്ടം ഫണ്ട്​ അനുവദിച്ചതാണ്​. എന്നാല്‍, സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പലയിടത്തും തുറസായസ്ഥലങ്ങളില്‍ പുരുഷന്മാര്‍ കാര്യം സാധിക്കുമെങ്കിലും സ്ത്രീകള്‍ ഏറെ വിഷമതകള്‍ സഹിക്കണം. പടിക്കപ്പ്, ഒഴുവത്തടം, മാമലക്കണ്ടം, പഴംബ്ലിച്ചാല്‍ തുടങ്ങി നിരവധി പ്രദേശങ്ങളുടെ സംഗമകേന്ദ്രമാണ്. പഞ്ചായത്തായി ഇരുമ്പുപാലത്തെ ഉയര്‍ത്താന്‍ രണ്ടുവട്ടം സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം നടന്നില്ല. നല്ലൊരു ബസ് കാത്തിരിപ്പ് കേന്ദ്രവും ഇരുമ്പുപാലത്തില്ല. കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഇരുമ്പുപാലം വഴിയാണ്​ കടന്നുപോകുന്നത്. മൂന്നാറിലേക്ക് പോകുന്നവർക്കും ഇരുമ്പുപാലത്ത് എത്താതെ പോകാന്‍ കഴിയില്ല. ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ കാരണം ആരും ഇവിടെ തങ്ങാന്‍ തയാറാകുന്നില്ല. ഇരുമ്പുപാലത്തിനോട് ചേര്‍ന്ന പത്താംമൈലില്‍ രണ്ട് കംഫര്‍‌ട്​ സ്റ്റേഷൻ പഞ്ചായത്ത് പണിതിട്ടുണ്ട്. ഇവയും അടഞ്ഞുകിടക്കുന്നു. ദേശീയപാതയില്‍ ചീയപ്പാറ കഴിഞ്ഞാല്‍ മൂന്നാര്‍ രണ്ടാംമൈലില്‍ എത്തിയാലേ പൊതു കംഫര്‍‌ട്ട്​ സ്റ്റേഷന്‍ ഉള്ളൂ. 30 കിലോമീറ്റര്‍ ദൂരത്തില്‍ കംഫര്‍ട്ട്​ ‌സ്റ്റേഷനുകളില്ലാത്തത്​ സഞ്ചാരികളെയടക്കം വലക്കുന്നു. idl adi 2 irumbupalam ചിത്രം- ഇരുമ്പുപാലം ടൗണ്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.