കൊച്ചി: കോവിഡിനെ ചെറുക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ തേടിയെത്തിയ മഹാമാരിെയയും ശാരീരിക പ്രയാസങ്ങളെയും അതിജീവിച്ച് വീണ്ടും പോരാട്ട മുഖത്തേക്ക് യുവ ഡോക്ടർ. തൃപ്പൂണിത്തുറ സ്വദേശിയായ ഡോ.രാശി കുറുപ്പാണ് മരണത്തെ അതിജീവിച്ച് തോൽക്കാൻ മനസ്സില്ലാതെ വീണ്ടും പോരാട്ട വഴിയിൽ മുന്നേറുന്നത്.
കോവിഡ് രോഗികളെ ചികിത്സിക്കാൻ ഒക്ടോബർ 23 മുതൽ സന്നദ്ധ സേവനമെന്ന നിലയിൽ കലൂർ പി.വി.എസ് കോവിഡ് അപെക്സ് സെൻററിലുണ്ടായിരുന്നു. ഒന്നര വയസ്സുള്ള മകളുടെ സംരക്ഷണം വീട്ടുകാരെ ഏൽപ്പിച്ച് സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയപ്പോൾ ഭർത്താവ് ശ്യാംകുമാറിെൻറ പൂർണ പിന്തുണയും ഉണ്ടായിരുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് രാശിയെ രോഗം കീഴടക്കിയത്. ഡോക്ടറായി ജോലി ചെയ്ത അതേ ആശുപത്രിയിൽ രോഗിയായി ചികിത്സ തേടി. രണ്ട് ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ച് അസുഖം ഗുരുതരമായി. ഹൃദയത്തിെൻറ പ്രവർത്തനം തകരാറിലാക്കുന്ന മയോകാർഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ മരണമുഖത്തുവരെ എത്തിയ രോഗകാലമായിരുന്നു അത്. ഒടുവിൽ 10 ദിവസത്തെ ഐ.സി.യു ചികിത്സ ഉൾെപ്പടെ കഴിഞ്ഞ് ഡോക്ടർമാരുടെ പൂർണ പിന്തുണയിലൂടെ രോഗമുക്തി.
ശാരീരിക വിഷമതകൾ അവിടെ അവസാനിച്ചില്ല. വീട്ടിലെത്തിയത് മുതൽ നെഞ്ചുവേദനയും ശ്വാസംമുട്ടും വിട്ടുമാറാത്ത അവസ്ഥ. സംസാരിക്കാനോ നടക്കാനോ പറ്റാത്ത സ്ഥിതിയായി. വിശദ ഹൃദയ പരിശോധനയിൽ മൈനർ ഹൃദയാഘാതത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയാണ് മനസ്സിലായത്. കോവിഡ് ഭേദമായ ചിലരിലെങ്കിലും കാണുന്ന അവസ്ഥ.
കുഞ്ഞിനെ താലോലിക്കാൻ പോലും കഴിയാതെ മുഴുവൻ സമയ വിശ്രമവുമായി പിന്നീട് കഴിച്ചുകൂട്ടി. മരുന്നുകൾ കൊണ്ട് ആശ്വാസം കിട്ടിയെങ്കിലും പൂർണമായി ഭേദമായില്ല. ഇപ്പോഴും സംസാരിക്കുമ്പോൾ കിതപ്പാണ്. മരുന്നുകൾ തുടരുന്നതിനിടെ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. രോഗിയായിരുന്നപ്പോൾ തനിക്ക് ലഭിച്ച പരിചരണമാണ് പ്രചോദനമായത്.
കോവിഡിനെതിരെ പോരാട്ടം തുടരാൻ കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ജോലിയിൽ പ്രവേശിച്ചു. ജയ്പൂരിൽനിന്ന് പഠനം പൂർത്തിയാക്കിയ രാശി ആലപ്പുഴ സ്വദേശികളായ എം.ജി. രാധാകൃഷ്ണെൻറയും ശോഭയുടെയും മകളാണ്. ഭർത്താവ് ശ്യാംകുമാർ എൻജിനീയറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.