പ്രതീകാത്മക ചിത്രം
മട്ടാഞ്ചേരി/പറവൂർ/തൃപ്പൂണിത്തുറ: നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിൽ എറണാകുളം ജില്ല മുൻനിരയിൽ നിൽക്കുമ്പോഴും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ശോഭ കെടുത്തി പലയിടത്തും കള്ളവോട്ട് പരാതികളുയർന്നു. സ്ത്രീകളുടെ വോട്ടാണ് കൂടുതലായും കള്ളവോട്ടായി ചെയ്തിട്ടുള്ളത്. കള്ളവോട്ടിനിരയായവരിൽ ആദ്യമായി വോട്ടു ചെയ്യാനെത്തിയവരുമുണ്ടായിരുന്നു. തൃപ്പൂണിത്തുറ, കൊച്ചി, പറവൂർ, കളമശ്ശേരി, പിറവം നിയോജക മണ്ഡലങ്ങളിൽപെടുന്ന ബൂത്തുകളിലാണ് കള്ളവോട്ട് പരാതി ഉയർന്നത്. പരാതിക്കാർക്ക് ടെൻഡർ വോട്ടുചെയ്യാൻ അവസരം നൽകി.
പശ്ചിമകൊച്ചി മേഖലയിലെ മട്ടാഞ്ചേരി ഹാജീ ഈസ ഹാജി മൂസ ഹൈസ്കൂളിലെ 57ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നുജു മുൻസിഹാന്റെ (27) വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. പള്ളുരുത്തി എസ്.വി.ഡി സ്സൂളിലെ 152 ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ കെ.എ ജാസ്മിൻ എന്ന 48 കാരിയുടെ വോട്ടും മറ്റൊരാൾ ചെയ്തായി കണ്ടെത്തി. ഇടക്കൊച്ചി അക്വിനാസ് കോളേജിലെ 282-ാം നമ്പർ ബൂത്തിലെ 82-ാം നമ്പർ വോട്ടർ കുഞ്ഞുമോൾ വോട്ട് ചെയ്യാൻ എത്തിയപ്പോൾ മറ്റാരോ ചെയ്തു പോയതായി അറിഞ്ഞു. ഇടക്കൊച്ചി ഗവ: ഫിഷറീസ് സ്കൂളിലെ 188ാം നമ്പർ ബൂത്തിൽ അനഘ പ്രസാദ് എന്ന യുവതിയുടെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് പരാതി നൽകി. പെരുമ്പടപ്പ് എസ്.എച്ച് ബോയ്സ് ഹോമിൽ ബൂത്ത് നമ്പർ 247 ൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം ഏജന്റ് തടഞ്ഞു. ഫോർട്ടുകൊച്ചി സെൻറ് ജോൺ ഡി ബ്രിട്ടോ സ്കൂളിലെ ബൂത്തിൽ 72 കാരിയായ ജെസിയുടെ വോട്ട് ഇതേ ബൂത്തിലെ 47 കാരിയായ ജെസിയുടെ പേരിൽ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത് ഏറെ നേരം ബഹളത്തിനിടയാക്കി. ഒടുവിൽ 72 കാരി ജെസിയുടെ പേരിൽ 47 കാരി ജെസിയുടെ വോട്ട് ചെയ്യിച്ച് പ്രശ്നത്തിൽ നിന്നും തല ഊരുകയായിരുന്നു.
പറവൂർ നിയോജക മണ്ഡലത്തിൽ മൂന്ന് കന്നിവോട്ടർമാരുടെ വോട്ടുകൾ കള്ളവോട്ട് ചെയ്തയായി പരാതി ഉയർന്നു. കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിലെ 77-ാം നമ്പർ ബുത്തിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെ കന്നിവോട്ട് ചെയ്യാനെത്തിയപ്പോഴാണ് പള്ളത്ത് രാഹുലിന്റെ (23) വോട്ട് മറ്റാരോ ചെയ്തുപോയതായി അറിഞ്ഞത്. കെടാമംഗലം എസ്.എൻ കോളജിലെ 183-ാം ബൂത്തിൽ രാവിലെ 11.50ന് കന്നിവോട്ട് രേഖപ്പെടുത്താനെത്തിയ കളത്തിപ്പറമ്പിൽ അദ്വൈതിന്റെ (20) വോട്ടും ആരോ ചെയ്തു പോയിരുന്നു. ഇളന്തിക്കര ഗവ.എൽ.പി സ്കൂളിലെ 52-ാം ബുത്തിൽ രാവിലെ 11.30ന് വോട്ട് ചെയ്യാനെത്തിയ പുത്തൻവീട്ടിൽ സിമി (43) യുടെ വോട്ട് മാറ്റാരോ ചെയ്തിരുന്നു.
പറവൂരിലെ 95-ാം ബൂത്തായ ചിറ്റാറ്റുകര ഗവ. എൽ.പി സ്കൂളിൽ കാട്ടിയാളയ്ക്കൽ സിനി രാവിലെ 11.30ന് വോട്ട് ചെയ്യാനെത്തിയപ്പോൾ നേരത്തെ തന്നെ പോസ്റ്റൽ വോട്ടു ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, വീട്ടമ്മയായ ഇവരുടെ വോട്ട് എങ്ങനെയാണ് പോസ്റ്റൽ വോട്ടായി നേരത്തെ ചെയ്തതെന്നു വ്യക്തമല്ല. കളമശ്ശേരി മണ്ഡലത്തിൽ രണ്ടിടങ്ങളിലാണ് പരാതി ഉയർന്നത്. കുസാറ്റ് 198-ാംനമ്പർ ബൂത്തിൽ രാവിലെ 8.30 ഓടെ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മയുടെ വോട്ട് ആരോ പോസ്റ്റൽ ചെയ്തതായി കണ്ടെത്തി. കണ്ണങ്കുളം കുടിയിരിക്കൽ വീട്ടിൽ സഫ്ന മോളുടെ വോട്ടാണ് നേരത്തെ പോസ്റ്റൽ വോട്ട് ചെയ്തത്. ഉച്ചയ്ക്ക് ശേഷം എച്ച്.എം.ടി നഗർ എൽ.പി സ്കൂൾ 194 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പനയപ്പിള്ളി വീട്ടിൽ ശാഹിന (41)യുടെ വോട്ടും മറ്റാരോ രേഖപ്പെടുത്തിയിരുന്നു.
കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്ക് സമീപത്തെ താമസക്കാരി 65 വയസ്സുള്ള വയോധിക വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തതായി മനസ്സിലാക്കുകയായിരുന്നു. ഇതോടെ കള്ളവോട്ട് നടന്നതായി മനസ്സിലായി. തൃപ്പൂണിത്തുറ മണ്ഡലത്തിൽപെട്ട മരട് കാളത്ര സ്കൂളിലെ 17-ാം ബൂത്തിൽ 134-ാം നമ്പറായി വോട്ടു ചെയ്യാനെത്തിയ വിമല കീത്തറ, വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് ചെയ്തതായി കണ്ടു. ഇവിടെ വോട്ടർപട്ടികയിൽ മറ്റൊരു വിമലയുണ്ടായിരുന്നതിനാൽ മാർക്ക് ചെയ്തപ്പോൾ മാറിപ്പോയതാണ് കുഴപ്പം സൃഷ്ടിച്ചത്.
നെട്ടൂർ ഹിദായത്തുൽ മദ്റസയിലെ ബൂത്തിൽ കള്ളവോട്ട് നടന്നതിനെ തുടർന്ന് യഥാർത്ഥ വോട്ടറെ കൊണ്ട് ടെൻഡർ വോട്ട് ചെയ്യിപ്പിച്ചു. മാടവന ഫിഷറീസ് കോളജിലെ 143-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ സജിതയുടെ വോട്ട് മറ്റൊരാൾ ചെയ്തതിനെ തുടർന്ന് കാസ്റ്റിംഗ് വോട്ട് ചെയ്യിപ്പിച്ചു. ആശുപത്രിയിൽ നിന്നും വോട്ട് രേഖപ്പെടുത്താനെതിയതായിരുന്നു ഇവർ.
മരട് മാങ്കായിൽ സ്കൂളിലെ 45-ാം നമ്പർ ബൂത്തിൽ സ്ലിപ്പുമായി വോട്ടു ചെയ്യാനെത്തിയ സ്ത്രീയുടെ വോട്ട്, പട്ടികയിൽ ഡിലീറ്റഡ് ആയി കണ്ടതിനെ തുടർന്ന് വോട്ട് ചെയ്യാനാകാതെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.