1.പറവൂർ നഗരത്തിൽ നടന്ന മുന്നണികളുടെ കലാശക്കൊട്ട് 2.അങ്കമാലി പട്ടണത്തിൽ നടന്ന കൊട്ടിക്കലാശത്തിൽനിന്ന് 3.വൈപ്പിൻ മണ്ഡലത്തിലെ ചെറായിയിൽ നടന്ന കൊട്ടിക്കലാശം
കൊച്ചി: ആവേശം, ആഹ്ലാദം, ആർപ്പുവിളി, ആർമാദം... എങ്ങും അടിപൊളി വൈബ് മാത്രം.. ബാൻഡ്മേളവും ചെണ്ടമേളവും കരിമരുന്ന് പ്രയോഗവുമെല്ലാം പ്രകമ്പനം തീർത്ത വേദികളിൽ പാർട്ടി പതാകകൾ ഉയരെ പാറി. മുത്തുക്കുടകളും ബലൂണുകളും പാർട്ടി പതാകയുടെ നിറത്തിലുള്ള പ്രവർത്തകരുടെ വസ്ത്രങ്ങളും വർണാഭ തീർത്തു. കുതിര മുതൽ 'ഗറില്ലകളെ' വരെ ഉപയോഗിച്ചുള്ള തിമിർപ്പ്... കൃത്യം ആറു മണിയായതോടെ സ്വിച്ചിട്ടപോലെ എല്ലാത്തിനും ശുഭസമാപ്തി. ഒരു വലിയ തിരമാല ആർത്തലച്ചുവന്ന് തീരത്തു ശാന്തമായി ചെന്നുചേർന്നതു പോലെയായിരുന്നു കൊട്ടിക്കലാശത്തിന്‍റെ മണിക്കൂറുകളിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ആവേശക്കാഴ്ചകൾ.
ജില്ലയിലെ 14 മണ്ഡലങ്ങളിലായി മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം സമ്മാനിച്ചത് വർണപ്പൊലിമയും സുന്ദരകാഴ്ചകളും മാത്രം. പലയിടത്തും എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് ഒരേ കേന്ദ്രം തന്നെയാണ് പൊലീസ് അനുവദിച്ചത്. ഒരിടത്തും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലം, സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃപ്പൂണിത്തുറ, വ്യവസായ മന്ത്രി പി. രാജീവ് വീണ്ടും അങ്കംകുറിക്കുന്ന കളമശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിലാണ് മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം ഒരേ കേന്ദ്രത്തിൽ തന്നെയായത്.
ആഹ്ലാദങ്ങൾക്കിടെ പറവൂരിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചത് ഒപ്പമുണ്ടായിരുന്നവർക്ക് വേദനയായി. തത്തപ്പിള്ളി സ്വദേശി അലിയാണ് മരിച്ചത്. പറവൂരിലെ പ്രശസ്തമായ നമ്പൂരിച്ചൻ ആൽ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം. പൂകാവടി, ഡിജെ, ഡോൾ ബാൻഡ്, ചെണ്ട മേളം തുടങ്ങിയവ ഇവിടത്തെ കലാശക്കൊട്ടിന് ആവേശം പകർന്നു.
ആഴ്ചകൾ നീണ്ട പരസ്യപ്രചാരണത്തിന് വിരാമം കുറിച്ച് മുന്നണികൾ നടത്തിയ കൊട്ടിക്കലാശം ചെറായിയെ ആവേശത്തിലാഴ്ത്തി. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ വൈകീട്ട് മൂന്ന് മണിക്ക് ഗോശ്രീ ജംഗ്ഷനിൽ നിന്നാരംഭിച്ച യു.ഡി.എഫിന്റെ പര്യടനം വാദ്യമേളങ്ങളും പ്രവർത്തകരുടെ ആവേശകരമായ മുദ്രാവാക്യം വിളികളുമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ പിന്നിട്ട് വൈകുന്നേരത്തോടെ ചെറായി ദേവസ്വം നടയിൽ സമാപിച്ചപ്പോൾ സ്ഥാനാർഥി ടോണി ചമ്മിണിയും സംഘത്തോടൊപ്പം കൂടി.
ഇതേസമയം എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകരും ചെറായിയിൽ ഒത്തുകൂടിയിരുന്നു. ശക്തമായ പോലീസ് സുരക്ഷയിലായിരുന്നു വൈപ്പിനിലെ പ്രധാന കവലയായ ചെറായിയിലെ കൊട്ടിക്കലാശം.
മൂന്നാഴ്ച നീണ്ടുനിന്ന ആവേശകരമായ പ്രചാരണങ്ങൾക്ക് പരിസമാപ്തി കുറിച്ച് പറവൂർ നഗരത്തിൽ മുന്നണികളുടെ കലാശക്കൊട്ട് പ്രകമ്പനം കൊള്ളിച്ചു. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളുടെ നൂറുകണക്കിന് പ്രവർത്തകർ കൊട്ടിക്കലാശത്തിൽ അണിനിരന്നു. എസ്.ഡി.പി.ഐ പ്രവർത്തകരും പങ്കാളികളായി.
കൊട്ടിക്കലാശത്തിന് പറവൂർ നമ്പൂരിയച്ചൻ ആലിന് സമീപത്തായി മൂന്ന് മുന്നണികൾക്കും പൊലീസ് പ്രത്യേകം പോയന്റുകൾ അനുവദിച്ചിരുന്നു. എന്നാൽ യു.ഡി.എഫ് പ്രവർത്തകർ നാലിന് മുമ്പായി തങ്ങൾക്ക് അനുവദിച്ച സ്ഥലത്ത് മൂന്ന് ഭാഗവും വലിയ വാഹനങ്ങൾ പാർക്ക് ചെയ്തും വടം കെട്ടിയും കലാശക്കൊട്ട് ആരംഭിച്ചു കഴിഞ്ഞിരുന്നു.
ഇതറിഞ്ഞ് എത്തിയ എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർക്ക് ഈ ഭാഗത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല. നഗരത്തിലെ ഹൃദയ ഭാഗത്ത് കലാശക്കൊട്ടിന് അവസരം ലഭിച്ചത് യു.ഡി.എഫ് പ്രവർത്തകരിൽ ആവേശം നിറച്ചു. ഇതിനിടയിലേക്ക് സ്ഥാനാർഥി വി.ഡി. സതീശൻ എത്തിയതോടെ പ്രവർത്തകർ ഇളകിമറിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി ഇ.ടി. ടൈസൻ, എൻ.ഡി.എ സ്ഥാനാർഥി വത്സല പ്രസന്നകുമാർ, എസ്.ഡി.പി.ഐ സ്ഥാനാർഥി വി.എം. ഫൈസൽ എന്നിവരും കലാശക്കൊട്ടിന് എത്തിയത് പ്രവർത്തകർക്ക് ആവേശം പകർന്നു.
കൊച്ചി നിയോജക മണ്ഡലത്തിലെ കൊട്ടിക്കലാശം തോപ്പുപടിയിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളെ കൂടാതെ എസ്.ഡി.പി.ഐ പാർട്ടിയും അടുത്തടുത്തായാണ് നടത്തിയത്. തൃപ്പൂണിത്തുറ സ്റ്റാച്യൂ കേന്ദ്രീകരിച്ചും കളമശ്ശേരിയിൽ സൗത്ത് കളമശ്ശേരി കേന്ദ്രീകരിച്ചും മുന്നണികൾ ആവേശക്കലാശം തീർത്തു. എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദ് എറണാകുളം ടൗൺഹാളിലും എൽ.ഡി.എഫ് സ്ഥാനാർഥി സാബു ജോർജ് കലൂർ സ്റ്റാൻഡിലും എൻ.ഡി.എ സ്ഥാനാർഥി പി.ആർ. ശിവശങ്കർ കച്ചേരിപ്പടി ജങ്ഷനിലുമാണ് കൊട്ടിക്കലാശം നടത്തിയത്.
ആട്ടവും പാട്ടുമായി കുട്ടികളും മുതിർന്നവരുമെല്ലാം ഉച്ച മുതൽ വൈകീട്ട് ആറു വരെ ആഹ്ലാദത്തിമിർപ്പിലായിരുന്നു. ടി.ജെ. വിനോദ് കുതിരപ്പുറത്തേറി വന്നത് അണികളിൽ ആവേശം ഇരട്ടിയാക്കി. പുലിക്കളിയുടെ മാതൃകയിൽ കോൺഗ്രസ് പതാകയുടെ ചായം പൂശിയ ആളുകളും കരിമരുന്ന് പ്രയോഗവും വർണക്കടലാസുകളുമെല്ലാം ടൗൺഹാൾ മുറ്റത്ത് നിറഞ്ഞു.
കോതമംഗലത്ത് യു.ഡി.എഫ് കലാശക്കൊട്ടിൽ രണ്ട് ഭീമൻ ഗൊറില്ല വേഷമണിഞ്ഞെത്തിയവർ കാണികൾക്ക് കൗതുകമായി. അക്ഷരാർഥത്തിൽ ഗൊറില്ലകളെ പോലെയായിരുന്നു ഇവ നടന്നുനീങ്ങിയത്. പൂക്കാവടി, ദഫ്, കോൽക്കളി, ചെണ്ടമേളം തുടങ്ങിയവയും പ്രകടനങ്ങൾക്ക് കൊഴുപ്പേകി.
അങ്കമാലിയിൽ കൊട്ടിക്കലാശം ആവേശക്കടലായി. കുപ്പിക്കഴുത്തായ പട്ടണ മധ്യത്തിലൂടെ ഇഴഞ്ഞുനീങ്ങിയ ആയിരക്കണക്കിന് വാഹനങ്ങൾക്ക് സമീപമാണ് മുന്നണി നേതാക്കളും പ്രവർത്തകരും വഴിയോരം കൈയടക്കിയ കൊട്ടിക്കലാശം ആവേശക്കടലായത്. യു.ഡി.എഫ് സ്ഥാനാർഥി റോജി എം. ജോണും ബെന്നി ബഹനാൻ എം.പിയും തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ചുവപ്പിൽ പൊതിഞ്ഞ വാഹനത്തിൽ വർണപ്പകിട്ടാർന്ന ടീഷർട്ടും, തൊപ്പിയും എൽ.ഡി.എഫ് സ്ഥാനാർഥി സാജു പോളിന്റെ പ്രചാരണത്തിനും മാറ്റ് കൂട്ടി. തുറന്ന വാഹനത്തിലാണ് സാജു പോളും എൻ.ഡി.എ സ്ഥാനാർഥി പ്രോമി കുര്യാക്കോസും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.