വനിതകള്‍ മാത്രം നിയന്ത്രിച്ച പെരുമ്പാവൂര്‍ ആശ്രാമം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 90ാം നമ്പര്‍ പിങ്ക് പോളിങ് ബൂത്ത്
പെരുമ്പാവൂര്‍: വാശിയേറിയ പ്രചാരണങ്ങള്‍ക്കും പോര്‍വിളികള്‍ക്കും പോളിങ്ങിലൂടെ വിരാമമായതോടെ നിയോജകമണ്ഡലം ആര് കൈക്കലാക്കുമെന്ന കണക്കുകൂട്ടലുകളാണ് ഇനി. മേയ് നാലിന് ഫലം പുറത്തുവരുന്നത് വരെയുള്ള കാത്തിരിപ്പിലാണ് മുന്നണികൾ. ആവേശം അടങ്ങാത്ത പോളിങ് ശതമാനം ആര്‍ക്ക് അനുകൂലമാകുമെന്ന ചര്‍ച്ചകളിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.
എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ വികസന മുരടിപ്പും ഭരണത്തുടര്‍ച്ചയും പ്രധാന ചര്‍ച്ചാവിഷയമായി. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ബൂത്ത് തലത്തിലുള്ള കണക്കുകള്‍ ശേഖരിച്ച് വിജയം ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.
കഴിഞ്ഞ തവണ വെറും 2,899 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് മണ്ഡലം നിലനിര്‍ത്തിയത്. ഈ കുറഞ്ഞ ഭൂരിപക്ഷം തന്നെയാണ് ഇത്തവണ എല്‍.ഡി.എഫിന് വലിയ ആത്മവിശ്വാസം നല്‍കുന്നതും യു.ഡി.എഫിനെ ജാഗ്രതയോടെ കണക്കുകള്‍ പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നതും.
യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിലുണ്ടായ കുറവ് തിരിച്ചുപിടിക്കുക എന്നതായിരുന്നു ഇത്തവണത്തെ പ്രധാന ലക്ഷ്യം. കഴിഞ്ഞ തവണ 20,000ലധികം വോട്ടുകള്‍ നേടിയ ട്വന്റി20 ഇത്തവണ ആരുടെ വോട്ടുകളിലാണ് വിള്ളല്‍ വീഴ്ത്തിയത് എന്നത് നിര്‍ണായകമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസ്വാധീനം വോട്ടായി മാറുമോ എന്നതാണ് യു.ഡി.എഫ് ഉറ്റുനോക്കുന്നത്. നഗരസഭയിലെയും പഞ്ചായത്തുകളിലെയും വോട്ട് വിഹിതത്തിലെ മാറ്റങ്ങള്‍ ഫലത്തെ സ്വാധീനിക്കും. പിങ്ക് ബൂത്തുകള്‍ ഉള്‍പ്പെടെ സംവിധാനങ്ങളിലൂടെ സ്ത്രീ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതും കന്നി വോട്ടര്‍മാരായ യുവാക്കളുടെ പങ്കാളിത്തവും ഇത്തവണ ശ്രദ്ധേയമായി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആര്) ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പെന്ന പ്രത്യേകത വോട്ടിങ് ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. കടുത്ത വേനലിനെ അവഗണിച്ചും വോട്ടര്‍മാര്‍ എത്തിയത് ആർക്ക് ഗുണംചെയ്യുമെന്ന് മേയ് നാലിന് അറിയാം. അതുവരെ മുന്നണികള്‍ക്ക് നെഞ്ചിടിപ്പിന്റെ നാളുകളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.