പട്ടിമറ്റം ഓപൺ സ്റ്റേജ് അടച്ചുപൂട്ടിയ നിലയിൽ
പട്ടിമറ്റം: സാമൂഹിക വിരുദ്ധർ താവളമാക്കിയ പട്ടിമറ്റം ടൗണിലെ കുന്നത്തുനാട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കം ഓപൺ എയർ സ്റ്റേജ് അടച്ചുപൂട്ടി. നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്നാണ് ടാക്സി ഡ്രൈവർമാരടക്കമുള്ളവർ ഓപൺ എയർ സ്റ്റേജ് അടച്ചുകെട്ടിയത്. പട്ടിമറ്റത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്റ്റേജാണ് നാളുകളായി സാമൂഹിക വിരുദ്ധരും ലഹരി ഉപയോഗിക്കുന്നവരും താവളമാക്കിയത്. പ്രദേശത്തെ ഏക ബസ് കാത്തിരിപ്പ് കേന്ദ്രം കൂടിയാണിത്. പരസ്യ മദ്യപാനം തുടർന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. മദ്യം അടക്കമുള്ള ലഹരി ഉപയോഗിക്കുന്നവർ സ്റ്റേജും പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ മുറികളുടെ മുൻഭാഗവും അന്തിയുറക്കത്തിന് കൈയേറുന്നുണ്ട്.
ഒഴിഞ്ഞ മദ്യക്കുപ്പികളും ഉപേക്ഷിച്ച തുണികളും ആക്രി സാധനങ്ങളും കോംപ്ലക്സ് പരിസരത്തെ മാലിന്യ കേന്ദ്രമാകുകയും ചെയ്തു. 2012ൽ പണി പൂർത്തിയാക്കിയ കോംപ്ലക്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പട്ടിമറ്റം ശാഖ പ്രവർത്തിച്ചിരുന്നു.
പിന്നീട് അസൗകര്യത്തെ തുടർന്ന് മാറ്റി. മുകളിലത്തെ നിലയിൽ പോസ്റ്റ് ഓഫിസും പബ്ലിക് ലൈബ്രറിയുമുണ്ട്. അവിടേക്കുള്ള വഴികളും മദ്യപസംഘം കൈയടക്കിയിരിക്കുകയാണ്. രാഷ്ട്രീയ, സാംസ്കാരിക പരിപാടിക്ക് വേദിയാകേണ്ട ടൗണിലെ പ്രധാന വേദി സംരക്ഷിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.