ഇടക്കൊച്ചിയിൽ അനധികൃതമായി തണ്ണീർതടം നികത്തുന്നു
പള്ളുരുത്തി: നിയമസഭ തെരഞ്ഞെടുപ്പ് മറയാക്കി ഇടക്കൊച്ചി വില്ലേജ് ഓഫിസിന് ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള തണ്ണീർത്തടം ഭൂമാഫിയകൾ നികത്തിയതായി പരാതി. നേരത്തെ സബ് കലക്ടർ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നൽകിയ തണ്ണീർത്തടമാണ് നികത്തിയത്. നിലം നികത്തുന്ന വിവരം വീഡിയോ സഹിതം അറിയിച്ചിട്ടും തടയാൻ പൊലീസും റവന്യൂ അധികൃതരും തയാറായില്ലെന്ന് കാണിച്ച് മുൻ കൗൺസിലർ അഭിലാഷ് തോപ്പിൽ കലക്ടർക്കും പൊലീസ് കമീഷണർക്കും പരാതി നൽകി.
ഒരു മാസമായി നിരന്തരമായി ഇടക്കൊച്ചി പാലമുറ്റം റോഡിൽ സബർമതി ജങ്ഷന് സമീപമാണ് രണ്ടരയേക്കർ വരുന്ന തണ്ണീർത്തടം നികത്തി കൊണ്ടിരിക്കുന്നത്. പകുതിയിലേറെ നികത്തി. അമ്പത് സെന്റോളം സ്ഥലം പുരയിടമായാണ് റവന്യു രേഖകളിലുള്ളതെങ്കിലും പൂർണമായും വെള്ളം നിറഞ്ഞ പ്രദേശമാണ്. രേഖകളിൽ പുരയിടമാണെന്ന മറവിലാണ് തണ്ണീർത്തടം നികത്തുന്നത്. ഇതിൽ ഉണ്ടായിരുന്ന 18 സെന്റോളം പുറമ്പോക്ക് തോടും നികത്തിയിട്ടുണ്ടെന്നാണ് പരാതി. നിലവിൽ പുറമേ നിന്നും ആർക്കും കാണാൻ സാധിക്കാത്ത രീതിയിൽ തണ്ണീർത്തടത്തിന് ചുറ്റും പതിനഞ്ച് അടിയോളം ഉയരത്തിൽ കൂറ്റൻ മതിൽ കെട്ടിയാണ് നികത്തൽ നടക്കുന്നത്. അനുവാദമില്ലാതെയാണ് മതിൽ നിർമിച്ചതെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.
ലോഡ് കണക്കിന് കെട്ടിടാവശിഷ്ടങ്ങളും, മാലിന്യങ്ങളും നികത്തലിനായി ഉപയോഗിക്കുന്നുണ്ട്. അനധികൃത നികത്തലിനെതിരെ പരാതി നൽകിയ അഭിലാഷ് തോപ്പിലിനെ ഭൂമാഫിയ സംഘം സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പള്ളുരുത്തി പൊലീസ് സ്റ്റേഷന് മുമ്പിൽ കഴിഞ്ഞ മാസം പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. അനധികൃത നികത്തലിന് എത്തുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിലും, ഇടക്കൊച്ചി വില്ലേജ് ഓഫിസിനു മുന്നിലും പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അഭിലാഷ് പറഞ്ഞു. നികത്തിയ തണ്ണീത്തടം പൂർവ സ്ഥിതിയിലാക്കുന്നതിന് ഹൈക്കോടതിയെ സമീപിച്ചതായും അഭിലാഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.