പല്ലാരിമംഗലം: സി.പി.എമ്മിൽനിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകം അത് പിൻവലിച്ച് പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്. സ്ഥാനാർഥിനിർണയ ചർച്ചകൾ പൂർത്തിയായി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് ഇറങ്ങാൻ തയാറെടുക്കുമ്പോഴാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ രാജി പ്രഖ്യാപനം.
തിങ്കളാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റും സ്ഥിരംസമിതി അധ്യക്ഷയും തമ്മിൽ ഉണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ ഏൽപ്പിച്ച നാണക്കേടിൽനിന്ന് കരകയറുന്നതിനിടെയാണ് ഈ രാജി നാടകം. തന്നെയും പാർട്ടി നേതൃത്വത്തെയും പരസ്യമായി ആക്ഷേപിക്കുന്ന ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി എഴുതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് കാണിച്ചാണ് പാർട്ടി അംഗത്വമടക്കം രാജിവെക്കുന്നതായി ലോക്കൽ സെക്രട്ടറിക്ക് അബ്ബാസ് കത്ത് നൽകിയത്.
ശനിയാഴ്ച രാവിലെ ഈ വിവരം സമൂഹമാധ്യമത്തിൽ പങ്ക് വെക്കുകയും ചെയ്തു. പാർട്ടി ഏരിയ നേതൃത്വവും ജില്ല സെക്രേട്ടറിയറ്റ് അംഗവും ആവശ്യപ്പെട്ടതനുസരിച്ചാണ് ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി നൽകിയതെന്നും എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നും രാജിക്കത്തിനൊപ്പം അബ്ബാസ് വ്യക്തമാക്കി. എന്നാൽ, ഉടൻ പാർട്ടി നേതൃത്വം അബ്ബാസിന് മേൽ സമ്മർദംചെലുത്തി സമൂഹ മാധ്യമ കുറിപ്പ് പിൻവലിപ്പിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്ന് അബ്ബാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.