അറസ്റ്റിലായ ഉമേഷ്, അർജുൻ, ഷൈജു
മരട്: നെട്ടൂരിൽ റോഡരികിൽ കിടന്നയാളെ രക്ഷിക്കാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് പേർ പനങ്ങാട് പൊലീസിന്റെ പിടിയിലായി. നെട്ടൂർ ടി.കെ. വേണുഗോപാൽ റോഡിൽ പീടിയേക്കൽ വീട്ടിൽ ഉമേഷ് (43), നെട്ടൂർ പുത്തൻ വെളിയിൽ വീട്ടിൽ അർജുൻ (29), നെട്ടൂർ മണക്കാട്ട് പറമ്പിൽ കളത്തി പറമ്പിൽ ഷൈജു (39) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി 12.30ഓടെ ഭാര്യയുമായി വാഹനത്തിൽ വന്ന യുവാവ് നെട്ടൂർ വടക്ക് മേൽപാലത്തിന് താഴെ റോഡരികിൽ വീണ് കിടന്ന ഷൈജുവിനെ അപകടത്തിൽപെട്ടതാകാം എന്ന് കരുതി സി.പി.ആർ ഉൾപ്പെടെ നൽകി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മർദനമേറ്റത്. ഷൈജുവിന്റെ സുഹൃത്തുക്കളായ ഉമേഷ്, അർജുൻ എന്നിവരെത്തി തങ്ങളുടെ സുഹൃത്തിനെ തങ്ങൾക്ക് രക്ഷിക്കാൻ അറിയാം എന്ന് പറഞ്ഞായിരുന്നു മർദനം.
ഹെൽമറ്റിന് അടക്കം ഉപയോഗിച്ചുള്ള മർദനത്തിൽ പരിക്കേറ്റ യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അക്രമികളെ ഒരു മണിക്കൂറിനുള്ളിൽ പനങ്ങാട് പൊലീസ് പിടികൂടി. പ്രതികൾ മദ്യ ലഹരിയിലായിരുന്നെന്നും കോടതിയിൽ ഹാജരാക്കുമെന്നും പനങ്ങാട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.