റഫറിയായി തെരഞ്ഞെടുക്കപ്പെട്ട എം. ജിബിൻ ജോർജ്
പറവൂർ: ചൈനയിലെ ഷാങ്ലുവോയിൽ 2026 ജൂലൈ ഒന്നുമുതൽ 10 വരെ നടക്കുന്ന അണ്ടർ18 ലോക സ്കൂൾസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ മലയാളിയായ എം. ജിബിൻ ജോർജ് മത്സരം നിയന്ത്രിക്കും. 30ഓളം രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒഴികെയുള്ള മറ്റ് രാജ്യങ്ങളുടെ മത്സരങ്ങൾ നിയന്ത്രിക്കാൻ അവസരമുള്ള ഏക മലയാളിയാണ്.
2016 മുതൽ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനാണ്. മുൻ ദേശീയ വോളിബാൾ താരം കൂടിയായ ജിബിൻ തന്റെ പരിശീലനത്തിലൂടെ നിരവധി ദേശീയ താരങ്ങളെ വാർത്തെടുത്തിട്ടുണ്ട്. 2008 മുതൽ സ്റ്റേറ്റ് റഫറി പാനലിലേക്കും 2015 മുതൽ ദേശീയ വോളിബാൾ റഫറി പാനലിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
സീനിയർ നാഷനൽ, ഓൾ ഇന്ത്യ പൊലീസ് ഗെയിംസ് ഉൾപ്പെടെ നിരവധി ദേശീയ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. 2023ലും 25ലും നാഷനൽ സ്കൂൾസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള വനിത ടീമിന്റെ മാനേജറായിരുന്നു. 2024ലും 25ലും ഉത്തർപ്രദേശിൽ നടന്ന നാഷനൽ സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പ് മത്സരം നിയന്ത്രിച്ച ഏക മലയാളി കൂടിയാണ്.
നാഗ്പൂർ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ നേവിയിൽ എൻ.സി.സിയിൽ തേർഡ് ഓഫിസറായി (എ.എൻ.ഒ) സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ മധ്യകേരളത്തിലെ വള്ളംകളിയുടെ സ്റ്റാർട്ടറും ഗോതുരുത്ത് എസ്.എ.സി ക്ലബിന്റെ വൈസ് പ്രസിഡന്റുമാണ്. ഗോതുരുത്ത് മട്ടക്കൽ പരേതനായ ജോർജ്-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: അധ്യാപിക കെ.ജെ. സോഫിയ. മക്കൾ: അൽന ജിബിൻ, എയ്ഞ്ചൽ ജിബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.