മൂവാറ്റുപുഴ: ജില്ലയിൽ ഏത്തക്കായ വിലയുയരുന്നതിനാൽ ഇക്കുറി ഓണ വിഭവങ്ങൾക്ക് കൈപൊള്ളും. മൊത്ത വിപണിയിൽ 65 രൂപയായിരുന്നു ഒരു കിലോ ഏത്തക്കായയുടെ വില. ഏത്ത പഴത്തിന്റെ വില ഇപ്പോൾ 80 ൽ എത്തി. ഉൽപാദനം കുറഞ്ഞതാണ് വിലവർധവിന് കാരണം. ഓണമാകുമ്പോഴേക്കും വില നൂറിൽ എത്തുമെന്ന് വ്യാപാരികൾ പറഞ്ഞു. ഇത് ഓണസദ്യക്ക് ഒഴിവാക്കാനാകാത്ത ഉപ്പേരിക്ക് അടക്കം വില വർധനവ് വരുത്തും.
കഴിഞ്ഞ വർഷം ഏത്തക്കായക്ക് ന്യായ വിലകിട്ടാതായതോടെ കൃഷിയിൽ നിന്നും കർഷകർ പിന്നോക്കം പോയിരുന്നു. എന്നാൽ ഇതൊന്നും വകവക്കാതെ വീണ്ടും ഏത്തവാഴ കൃഷി ചെയ്തവർക്ക് നല്ല വിലയാണ് ലഭിക്കുന്നത്. ജില്ലയിലെ കിഴക്കൻ മേഖലകളിലാണ് കൂടുതലായും വാഴക്കൃഷിചെയ്ത് വരുന്നത്.
മൂവാറ്റുപുഴ, കോതമംഗലം, പിറവം, കുന്നത്തുനാട്, കൂത്താട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിൽ പരമ്പരാഗതമായി വാഴക്കൃഷി ജീവിതമാർഗമാക്കിയ വലിയൊരു വിഭാഗം കർഷകരുണ്ട്. ഇതോടൊപ്പം കുടുംബശ്രീ, കർഷകസംഘടനകൾ എന്നിവരുടെ നേതൃത്വത്തിലും വ്യാപകമായി വാഴക്കൃഷി നടത്തിയിരുന്നു. നേന്ത്രക്കായക്ക് വില കൂടിയത് കർഷകർക്ക് വലിയ ആശ്വാസമാണ്. പാട്ടത്തിനെടുത്ത സ്ഥലത്ത് വായ്പയെടുത്തും കടം വാങ്ങിയുമൊക്കെയാണ് പലരും കൃഷിയിറക്കിയിരുന്നത്.
കാലാവസ്ഥ മാറ്റം കൃഷിക്ക് തിരിച്ചടിയാവുന്നുണ്ടെങ്കിലും നല്ല വില ലഭിക്കുന്നത് കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പരിമിതമെങ്കിലും ഇപ്പോൾ പാകമായി നിൽക്കുന്ന വാഴത്തോട്ടങ്ങളിലെ ഓരോ നേന്ത്രകുലയും ഓണത്തിന് വിപണിയിലെത്തും. കേടുപറ്റാതെ നല്ല നിലയിൽ വളർന്നുവന്ന വാഴയിൽ 20 കിലോയെങ്കിലും തൂക്കം വരുന്ന കുലയുണ്ടാകും. ഏകദേശം ഒരു കുലക്ക് 1200 രൂപയോളം കർഷകർക്ക് ലഭിക്കും. പുറമെനിന്ന് ഏത്തക്കായുടെ വരവ് കുറഞ്ഞതാണ് ഇവിടെ വില ഉയരാൻ കാരണമായത്.
കൂടാതെ നേന്ത്രക്കായ ഉപയോഗിച്ച് നിരവധി വിഭവങ്ങൾ ഉത്പാദിപ്പിച്ച് വിപണി കീഴടക്കാൻ കഴിയുന്നതിനാൽ നേന്ത്രക്കായയുടെ ഡിമാന്റ് കൂടി. ഇപ്പോഴത്തെ ഡിമാന്റ് അനുസരിച്ച് കിലോക്ക് 100 രൂപ വരെ നേന്ത്രകായക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഈ വർഷത്തെ വാഴക്കൃഷി മറ്റേതൊരു വർഷത്തെക്കാളും മെച്ചമാണെന്നും കർഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.