കായനാട്ടെ ഉപയോഗശൂന്യമായ പാറമടകളിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ
ഉന്നതതല സംഘം പരിശോധന നടത്തുന്നു
മൂവാറ്റുപുഴ: കനത്ത മഴയിൽ പാറമടയിലേക്ക് മണ്ണിടിഞ്ഞുവീണ് ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ മാറാടി കായനാട്ടെ ഉപയോഗശൂന്യമായ പത്തോളം പാറമടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കിവിടാൻ നീക്കം. പാറമടയിൽ കെട്ടിക്കിടക്കുന്ന ജലം വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അടിയന്തര നടപടികള്‍ക്ക് ഒരുങ്ങുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍ കലക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹസാര്‍ഡ് അനലിസ്റ്റടക്കമുള്ള ഉന്നതല സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
അപകടരഹിതമായ മാര്‍ഗത്തിലൂടെ പാറമടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കിവിടാനാണ് സംഘത്തിന്റെ പ്രാഥമിക തീരുമാനം. ഇതിനായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കരുതല്‍ ധനം ഉപയോഗിക്കാനാണ് നീക്കം. സ്ഥലത്തെത്തിയ ഹസാര്‍ഡ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തിങ്കളാഴ്ച കലക്ടര്‍ക്ക് കൈമാറും.
കയനാട് പ്രദേശത്ത് അടുത്തിടെ മണ്ണിടിച്ചിലുണ്ടായ പശ്ചാത്തലത്തില്‍ അവിടെയും സംഘം പരിശോധന നടത്തി. മൂവാറ്റുപുഴ ആര്‍.ഡി.ഒ അബ്ബാസ്, ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാന്‍ കോഓഡിനേറ്റര്‍ കൃഷ്ണപ്രിയ, തഹസില്‍ദാര്‍ അഖിലേഷ് എന്നിവരടങ്ങുന്ന സംഘം മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളും സമീപത്തെ അപകട സാധ്യതയുള്ള മേഖലകളും സന്ദർശിച്ചു. പ്രദേശവാസികളുടെ ആശങ്കകള്‍ കേട്ട ശേഷം അടിയന്തര സുരക്ഷാനടപടികളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
നിലവില്‍ പാറമടകളിലേക്കുള്ള വഴികളടച്ച് സുരക്ഷ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വലിയ ദുരന്തസാധ്യത കണക്കിലെടുത്താണ് വെള്ളം ഉടന്‍ ഒഴുക്കിക്കളയാന്‍ തീരുമാനിച്ചത്. സ്ഥലപരിശോധനയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണനൊപ്പം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി അബ്രഹാം, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍, മാറാടി വൈസ് പ്രസിഡന്റ് സാജു കുന്നപ്പിള്ളി, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍ തുടങ്ങി നിരവധി ജനപ്രതിനിധികള്‍ പങ്കെടുത്തു.
അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുമെന്നും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പാറമടകളിലേക്ക് കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലിൽ വീടുകൾക്കു കേടുപാടുകൾ സംഭവിക്കുകയും പൈനാപ്പിൾ തോട്ടമടക്കം ഒലിച്ചുപോകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.