പ്രതീകാത്മക ചിത്രം
അങ്കമാലി-അരൂർ കൊച്ചി ഔട്ടർ റിങ് റോഡ് പദ്ധതി; യാഥാർഥ്യമാകാൻ വഴിയൊരുങ്ങുന്നു
കൊച്ചി: അങ്കമാലിയെയും അരൂരിനെയും ബന്ധിപ്പിക്കുന്ന കൊച്ചി ഔട്ടർ റിങ് റോഡ് പദ്ധതി യാഥാർഥ്യമാകാൻ വഴിയൊരുങ്ങുന്നു. നിർമാണ സാമഗ്രികളുടെ മേലുള്ള ജി.എസ്.ടി, റോയൽറ്റി എന്നിവയിൽ തങ്ങളുടെ വിഹിതമായ ഏകദേശം 424 കോടി രൂപ സംസ്ഥാന സർക്കാർ ഒഴിവാക്കിക്കൊടുക്കും. പകരം, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ഭൂമി ഏറ്റെടുക്കൽ ചെലവിൽ സംസ്ഥാനം വഹിക്കേണ്ട 25 ശതമാനം വിഹിതം ഒഴിവാക്കി നൽകി.
ഇതോടെ റോഡ് നിർമാണത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങി. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്രസർക്കാർ ഒരു അതോറിറ്റിയെ നിയോഗിച്ചു. 19 വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കലിനായി എറണാകുളം സ്പെഷൽ ഡെപ്യൂട്ടി കലക്ടറെയും ആരൂരിനായി ആലപ്പുഴ സ്പെഷൽ ഡെപ്യൂട്ടി കലക്ടറെയും ചുമതലപ്പെടുത്തിക്കൊണ്ട്, 1956-ലെ ദേശീയപാത നിയമപ്രകാരമുള്ള ‘3A’ വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം പുറപ്പെടുവിച്ചു. ഏറ്റെടുക്കേണ്ട ഭൂമികൾ ഏതെല്ലാം എന്ന് സർവേ നടത്തി നിശ്ചയിച്ച് അവയുടെ ഉടമകളുടെ ആക്ഷേപങ്ങൾ കേട്ട് തീർപ്പ് കൽപിച്ച് ഒരു വർഷത്തിനകം 3D വിജ്ഞാപനം ഇറക്കണം.
അതോടെ ഏതെല്ലാം വില്ലേജുകളിലെ ഏതെല്ലാം സർവേ നമ്പറിലുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത് എന്നതിന് അന്തിമ രൂപമാകും. ഒരു വർഷത്തിനകം 3D വിജ്ഞാപനം ഇറക്കാനാകുന്നില്ലെങ്കിൽ 3A വിജ്ഞാപനം റദ്ദാകുമെന്ന കടമ്പ മുന്നിലുണ്ട്. അങ്ങിനെ വന്നാൽ വീണ്ടും 3A വിജ്ഞാപനം ഇറക്കേണ്ടിവരും. നിർമാണം തുടങ്ങിക്കഴിഞ്ഞാൽ പൂർത്തിയാകാൻ എത്രകാലമെടുക്കുമെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് ഭൂരിഭാഗം കുടുംബങ്ങളിലും ഒന്നിലേറെ വാഹനങ്ങൾ ഉണ്ട് എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.
അതിനാൽ വാഹനങ്ങൾ അനുദിനം പെരുകികൊണ്ടിരിക്കുകയാണ്. അതിനാൽ പുതിയ പാത വന്നാലും ഗതാഗതകുരുക്കുകൾ അഴിയില്ലെന്ന് ചൂണ്ടികാട്ടപ്പെടുന്നുണ്ട്. സംസ്ഥാനത്തെ ആകെ വാഹനങ്ങളുടെ എണ്ണം 1.88 കോടി കവിഞ്ഞു. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് രജിസ്ട്രേഷനിൽ മുന്നിൽ. മോട്ടോർവാഹന വകുപ്പിന്റെ കണക്ക് അനുസരിച്ച് പ്രതിവർഷം പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ഏകദേശം 7.5 ലക്ഷത്തിനും 8.8 ലക്ഷത്തിനും ഇടയിലാണ്.
363.73 ഹെക്ടർ ഭൂമി ഏറ്റെടുക്കും
19 വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കലിനായി എറണാകുളം സ്പെഷൽ ഡെപ്യൂട്ടി കലക്ടറെയും ആരൂരിനായി ആലപ്പുഴ സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടറെയും ചുമതലപ്പെടുത്തിക്കൊണ്ട്, 1956-ലെ ദേശീയപാത നിയമപ്രകാരമുള്ള ‘3A’ വിജ്ഞാപനമാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം പുറപ്പെടുവിച്ചത്. 20 വില്ലേജുകളിലായി ആകെ 363.73 ഹെക്ടർ ഭൂമി ഏറ്റെടുക്കും. ഈ മാസം അവസാനത്തോടെയോ സെപ്റ്റംബർ ആദ്യത്തോടെയോ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുമെന്നാണ് അറിയുന്നത്.
6,935.6 കോടി രൂപയുടെ പദ്ധതി
49.5 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 6,935.6 കോടി രൂപയാണ്. ജി.എസ്.ടി, റോയൽറ്റി എന്നിവയിൽ തങ്ങളുടെ വിഹിതമായ ഏകദേശം 424 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഒഴിവാക്കിക്കൊടുക്കുന്നത്. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതിനുള്ള സംസ്ഥാന അതോറിറ്റിയെ ഒരു മാസത്തിനുള്ളിൽ നിയമിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. ഇതോടെ കൊച്ചിയുടെ വലിയ വികസന പദ്ധതി നടപ്പാകുന്നതിനാണ് വഴിതെളിയുന്നത്.
നിർമിക്കുക എട്ട് വരിപ്പാത
പാത പൂർത്തിയാകുന്നതോടെ നഗരകേന്ദ്രത്തിലൂടെ കടന്നുപോകാതെ ദീർഘദൂര ഗതാഗതത്തിന് പുതിയൊരു പാത തുറക്കുപെടും. എട്ട് വരിപ്പാതയാണ് നിർമിക്കുന്നത്. പദ്ധതിയുടെ പരിധി വർധിപ്പിച്ച് പുതുക്കിയ നിർദേശം സമർപ്പിച്ചിരുന്നു. അതനുസരിച്ച് അങ്കമാലി, അരൂർ എന്നിവക്ക് പുറമെ അരക്കപ്പടി, പട്ടിമറ്റം, വടവുകോട്, ഐക്കരനാട് നോർത്ത്, ഐക്കരനാട് സൗത്ത്, തിരുവാണിയൂർ, മാറമ്പള്ളി, വെങ്ങോല, കരുകുറ്റി, തുറവൂർ, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, കുറീക്കാട്, കുമ്പളം, തെക്കുംഭാഗം, തിരുവാങ്കുളം, മരട് തുടങ്ങിയ പ്രദേശങ്ങളും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.