മൽസ്യത്തൊഴിലാളികൾക്ക് ലഭിച്ച മീനുകൾ

കടൽക്ഷോഭം; ആഴക്കടൽ ബോട്ടുകൾ പ്രതിസന്ധിയിൽ

വൈപ്പിൻ: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനുശേഷം ഒരാഴ്ചയായി ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകൾക്ക് രൂക്ഷമായ കടൽക്ഷോഭം തിരിച്ചടിയാകുന്നു. ചെറിയ കടലിളക്കം ഗുണകരമാണെങ്കിലും കടൽക്ഷോഭം രൂക്ഷമായത് മത്സ്യബന്ധനത്തെ ദോഷകരമായി ബാധിച്ചെന്ന് തൊഴിലാളികൾ പറയുന്നു. രണ്ടാഴ്ചയോളം ആഴക്കടലിൽ തങ്ങി മത്സ്യം പിടിക്കാൻ ശേഷിയുള്ള വലിയ ബോട്ടുകൾ നിലവിൽ വലയിടാനാകാതെ നങ്കൂരമിട്ടിരിക്കുകയാണ്. കടലിളക്കത്തിന് ശമനമുണ്ടാകുമ്പോൾ മാത്രമേ ഇനി വലയിടാൻ സാധിക്കൂ. ഈ ബോട്ടുകളിൽ മിക്കതും ഇന്നോ നാളെയോ തിരിച്ചെത്താനാണ് സാധ്യത.

രണ്ടോ മൂന്നോ ദിവസം മാത്രം കടലിൽ കഴിയുന്ന ഇടത്തരം ബോട്ടുകൾ ഇതിനകം മടങ്ങിയെത്തിയിട്ടുണ്ട്. കിളിമീനാണ് പ്രധാനമായും ലഭിക്കുന്നത്. ശനിയാഴ്ച കണവയും ലഭിച്ചു. കിളിമീന് വലിപ്പമനുസരിച്ച് കിലോയ്ക്ക് 200 മുതൽ 300 രൂപ വരെ ലഭിക്കുന്നു. ഓരോ ബോട്ടിനും മുന്ന് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ വരുമാനം ലഭിച്ചു. ഇനി വരുന്ന ബോട്ടുകളിൽ പ്രധാനമായും കണവയായിരിക്കും ഉണ്ടാവുക. കണവയ്ക്ക് കിലോയ്ക്ക് 500 മു തൽ 600 രൂപ വരെ ലഭിക്കും. കൂന്തലും ലഭിക്കുന്നുണ്ടെങ്കിലും ശരാശരി 100 രൂപമാത്ര മാണ് വില.

മുനമ്പം, വൈപ്പിൻ മേഖലകളിൽ നിന്ന് അഞ്ഞൂറോളം ബോട്ടുകളാണ് ഒന്നാം തീയതി മുതൽ കടലിലേക്ക് പോയത്. ഇവയിൽ 150 ഓളം ബോട്ടുകളാണ് ഇതുവരെ ചരക്കുമായി തിരികെയെത്തിയത്. ഇതുവരെ വന്ന ബോട്ടുകൾക്ക് നല്ല വില കിട്ടിയെങ്കിലും വരും ദിവസങ്ങളിൽ വില കുറയാൻ സാദ്ധ്യതയുണ്ട്. ഏഴ് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ചത് കഴിഞ്ഞ വർഷമായിരുന്നു. ഈ വർഷവും മികച്ച രീതിയിൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

Tags:    
News Summary - കടൽക്ഷോഭം; ആഴക്കടൽ ബോട്ടുകൾ പ്രതിസന്ധിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.