ബക്കറ്റ് തലയിൽ കുടുങ്ങിയ നായെ മോഹനനും പവനനും വിവേകനും ചേർന്ന് പിടികൂടി രക്ഷപ്പെടുത്തിയപ്പോൾ

ബക്കറ്റ് തലയിൽ കുടുങ്ങിയ നായെ രക്ഷപ്പെടുത്തി

കുന്നുകര: ബക്കറ്റ് തലയിൽ കുടുങ്ങി രണ്ട് ദിവസം ദുരിതക്കയത്തിൽ കഴിഞ്ഞ നായെ രക്ഷപ്പെടുത്തി. കുന്നുകര പഞ്ചായത്തിലെ വടക്കേ അടുവാശ്ശേരിയിലാണ് കട്ടിയുള്ള പ്ലാസ്റ്റിക് ബക്കറ്റിൽ തല കുടുങ്ങി ദാഹവും വിശപ്പും അകറ്റാൻ മാർഗമില്ലാതെ രണ്ട് ദിന രാത്രങ്ങൾ നായ് അലഞ്ഞ് തിരിഞ്ഞത്. പലരും കൗതുക കാഴ്ചയായി അതിന്റെ ദൃശ്യം പകർത്തിയെങ്കിലും നായെ രക്ഷപ്പെടുത്താൻ ആരും തുനിഞ്ഞില്ല. നായ് മാന്തുമെന്നോ, രക്ഷപ്പെടുമ്പോൾ കടിക്കുകയോ ചെയ്യുമെന്ന ആശങ്കയാണ് രക്ഷാപ്രവർത്തനത്തിന് തയാറാകാൻ പലരും അമാന്തം കാണിച്ചത്.

എന്നാൽ കൊല്ലംപറമ്പിൽ കെ.കെ. മോഹനനും, സഹോദരൻ റിട്ട: സബ് ഇൻസ്പക്ടർ കെ.കെ. പവനനും, സഹായി പറക്കുളത്ത് വിവേകനും ചേർന്ന് നായുടെ കഴുത്തിലോ, തലയിലോ മുറിവേൽക്കാതെ ഒരു മണിക്കൂറോളം നീണ്ട പ്രയത്നത്താൽ കത്രികകയും കത്തിയും ഉപയോഗിച്ച് ബക്കറ്റ് മുറിച്ച് നീക്കി രക്ഷപെടുത്തുകയായിരുന്നു.

രണ്ട് ദിവസത്തെ വിഷമ സന്ധിക്ക് ശേഷം സ്വതന്ത്ര വിഹാരം നടത്താൻ അവസരമേകിയ മൂവർക്കും നന്ദി പറയും പോലെ ഒരു നിമിഷം മൂവരേയും നോക്കി നായ് വാലാട്ടിയാണ് ഓടിപ്പോയത്. സംഭവം വൈറലായതോടെ നായെ രക്ഷപ്പെടുത്തിയ മൂവർ സംഘത്തിന് നാടെങ്ങും അഭിനന്ദന പ്രവാഹമാണ്.

Tags:    
News Summary - Dog Trapped in Bucket Rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.