ഓണം പ്രത്യേക പരിശോധന; എക്സൈസ് കണ്ട്രോള് റൂം 24 മണിക്കൂറും സജീവം
കൊച്ചി: ഓണാഘോഷം പ്രമാണിച്ച് എക്സൈസ് വകുപ്പ് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കാനും ആരംഭിച്ച കണ്ട്രോള് റൂം 24 മണിക്കൂറും സജീവം.
സെപ്റ്റംബര്‍ അഞ്ചിന് രാത്രി 12 വരെ നീളുന്ന ഓണം സ്പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലതലത്തില്‍ എക്സൈസ് ഡിവിഷന് ഓഫിസ് കേന്ദ്രീകരിച്ചാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്പാദനം, വിതരണം, കടത്തല്‍ സംബന്ധിച്ച വിവരങ്ങള്‍, പൊതുസ്ഥലങ്ങളിലെ മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാം.
സംയുക്ത പരിശോധന
എക്സൈസ്, ഫോറസ്റ്റ്, റവന്യൂ, പൊലീസ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ഡ്രഗ്സ്, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് വിപുലമായ സംയുക്ത പരിശോധന നടത്തും. രാത്രികാല പട്രോളിങ്, വാഹനപരിശോധന എന്നിവക്കും പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികളില്‍ മിന്നല്‍ പരിശോധനക്ക് രണ്ട് സ്ട്രൈക്കിങ് ഫോഴ്സും സജീവമാണ്. വിവരം ലഭിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പരാതികള്‍ അന്വേഷിക്കും. വനമേഖലയിലും വ്യാജമദ്യ ഉൽപാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും.
ഷാഡോ എക്സൈസ്
മദ്യ, മയക്കുമരുന്ന് മാഫിയയെ രഹസ്യമായി നിരീക്ഷിക്കാൻ ഷാഡോ എക്സൈസ്, എക്സൈസ് ഇന്റലിജന്‍സ് വിഭാഗങ്ങളും രംഗത്തുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരെ മഫ്തിയില്‍ ജില്ലയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്. മദ്യ മയക്കുമരുന്ന് മേഖലയിലെ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ മുന്‍കൂര്‍ കസ്റ്റഡിയില്‍ വെക്കാനും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
ജനങ്ങൾക്ക് വിവരം നൽകാം
ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി അബ്കാരി, നാര്‍കോട്ടിക്, തുടങ്ങിയ എല്ലാ ലൈസൻസ്ഡ് സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഓണം സ്പെഷല്‍ കാലയളവില്‍ മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവിധ വിവരങ്ങളും താഴെപ്പറയുന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
- എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍, എറണാകുളം-0484-2390657, 9447178059.
- അസി. എക്സൈസ് കമീഷണര്‍(എന്‍ഫോഴ്സ്മെന്റ്), എറണാകുളം-0484-2397480, 9496002867.
- ജില്ല കണ്ട്രോള് റൂം- 0484-2390657, 9447178059.
കൂടാതെ എക്സൈസ് സര്‍ക്കിള്‍ ഓഫിസുകളിലും റേഞ്ച് ഓഫിസുകളിലും എറണാകുളത്തെ എക്സൈസ് സ്പെഷല്‍ സ്ക്വാഡും വിവരം അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.