മണ്ണില്ല; നെടുമ്പാശ്ശേരി റെയിൽവേ സ്‌റ്റേഷൻ നിർമാണത്തിന് റെഡ് സിഗ്നൽ

നെടുമ്പാശേരി: നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമാണം കറുകുറ്റിയിലെ മണ്ണെടുപ്പ് സ്റ്റേയിൽ കുടുങ്ങി നിലച്ചു. മണ്ണ് ലഭിക്കാത്തതിനാൽ 10 ദിവസമായി നിർമാണം നിലച്ചിരിക്കുകയാണ്. സ്റ്റേഷൻ നിർമാണ കരാറിൽ ആവശ്യമായ മണ്ണ് കറുകുറ്റി റെയിൽവ സ്റ്റേഷനിൽനിന്ന് എടുക്കാമെന്നായിരുന്നു വ്യവസ്ഥ. സമീപത്തെ പള്ളി കമ്മിറ്റി മൂന്നുമാസം മുമ്പ് വെള്ളക്കെട്ടും കെട്ടിട സുരക്ഷാഭീഷണിയും ചൂണ്ടികാട്ടി കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതേത്തുടർന്ന് നിർമാണം തുടങ്ങാൻ വൈകി. സ്റ്റേ ഒഴിവാക്കാൻ നടപടിയെടുക്കാതെ അങ്കമാലി റെയിൽവേ യാർഡ് നിർമാണ സ്ഥലത്ത് അവശേഷിച്ച മണ്ണടെടുക്കാൻ കരാറുകാരന് റെയിൽവേ അനുമതി നൽകി. ഈ മണ്ണ് പൂർണമായി നെടുമ്പാശ്ശേരിയിൽ എത്തിച്ചെങ്കിലും ആവശ്യമുള്ളതിന്റെ അഞ്ചിലൊരു ഭാഗം പോലുമായിട്ടില്ല. കറുകുറ്റിയിലെ മണ്ണെടുപ്പ് സ്റ്റേ നീക്കാതെ നെടുമ്പാശേരിയിലെ സ്റ്റേഷൻ നിർമാണം തുടങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

സ്റ്റേഷൻ നിർമാണത്തിന് ആവശ്യമായത് 20,000 എം ക്യൂബ് മണ്ണാണെങ്കിലും അങ്കമാലിയിൽനിന്ന് ലഭിച്ചത് 3,000 എം ക്യൂബ് മാത്രമാണ്. മണ്ണ് ലഭിച്ചില്ലെങ്കിൽ സമയബന്ധിതമായി പദ്ധതി തീർക്കാനാവില്ല. നെടുമ്പാശ്ശേരി ഹാൾട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് 7.56 കോടി രൂപയാണ് അനുവദിച്ചത്. 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താവുന്ന വിധത്തിൽ രണ്ട് പ്ലാറ്റ്‌ഫോമുകൾ ആദ്യഘട്ടത്തിൽ ഉണ്ടാകും. ഹൈലെവൽ പ്ലാറ്റ്‌ഫോം, ഫുട് ഓവർ ബ്രിഡ്ജ്, പ്ലാറ്റ്‌ഫോമിലേക്ക് ലിഫ്റ്റ് കണക്ടിവിറ്റി, ടിക്കറ്റ് കൗണ്ടർ, എ.സി കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവയുണ്ടാകും. ആവണംകോട് റോഡിലാകും പ്രവേശനകവാടം. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽനിന്ന് ഗോൾഫ് കോഴ്‌സിനു സമീപത്തേക്ക് റോഡും നിർമിക്കും.

റെയിൽവേയുമായുള്ള കരാർപ്രകാരം ഒരു വർഷമാണ് നിർമാണ കാലാവധി. കഴിഞ്ഞ ജനുവരിയിലാണ് കുറുപ്പംപടി സുവിധ എന്റർപ്രൈസസുമായി റെയിൽവേ കരാർ ഒപ്പുവെച്ചത്. ഒമ്പതാം മാസത്തിലേക്ക് കടന്നിട്ടും ഇതുവരെ നിലമൊരുക്കൽ പോലും പൂർത്തിയാക്കാനായില്ല.

Tags:    
News Summary - Nedumbassery Railway Station Construction Stalled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.