കുന്നുകരയിൽ വിവാഹ പാർട്ടി സഞ്ചരിച്ച ബസിൽനിന്ന് പുക ഉയർന്നപ്പോൾ
വിവാഹ പാർട്ടി സഞ്ചരിച്ച ബസിൽ തീയും പുകയും
കുന്നുകര: വിവാഹ പാർട്ടി സഞ്ചരിച്ച ബസിൽ ഓട്ടത്തിനിടെ തീ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച ഉച്ചയോടെ കുന്നുകര കപ്പേളപ്പടിയിൽ യൂനിയൻ ബാങ്കിന് സമീപമായിരുന്നു സംഭവം. തൃശൂർ ഏങ്ങണ്ടിയൂരിൽനിന്ന് അടുവാശ്ശേരി മംഗലശ്ശേരി പവിലിയനിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങവേയായിരുന്നു സംഭവം. എൻജിന്റെ അകത്തുനിന്ന് ഉയർന്ന പുക ബസിന് ചുറ്റും പടർന്നതോടെ ബസിലെയും റോഡിലെയും യാത്രക്കാർ ഒച്ചവെച്ചു. ഇതോടെ ഡ്രൈവർ ബസ് നിർത്തി.
നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. 60ഓളം പേരാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാർ യാത്രക്കാരെ ബസിൽനിന്ന് ഇറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഗ്രാമപഞ്ചായത്തംഗം ആർ. അനിൽ, മുൻ അംഗം ഷിബി പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അപ്പോഴേക്കും പറവൂരിൽനിന്ന് അഗ്നിരക്ഷാസേനയും ചെങ്ങമനാട് പൊലീസും എത്തി. ബാറ്ററിയിൽനിന്നുള്ള ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.