അത്താണിയിൽ ദേശീയപാതയുമായി സംഗമിക്കുന്ന ഫെഡറൽ ബാങ്കിന് സമീപത്തെ അനധികൃത പാർക്കിങ്

അത്താണിയിൽ അനധികൃത പാർക്കിങ് ദുരിതമാകുന്നു

അത്താണി: ദേശീയപാതയുമായി സംഗമിക്കുന്ന അത്താണിയിൽ അനധികൃത പാർക്കിങ് രൂക്ഷമായതോടെ യാത്രക്കാർ വലയുന്നു. പകലന്തിയോളം കാറുകളും ബൈക്കുകളും ഇടുങ്ങിയ വഴിയോരങ്ങൾ കൈയേറുകയാണ്. ചെങ്ങമനാട് റോഡും മേക്കാട് റോഡും എയർ പോർട്ട് റോഡും ദേശീയപാതയുമായി സംഗമിക്കുന്നതാണ് അത്താണി.

ചെങ്ങമനാട് റോഡിൽ ജുഡീഷ്യൽ അക്കാദമി മുതൽ സ്വകാര്യ ബസുകൾ സഞ്ചരിക്കുന്ന കാക്കോ സ്റ്റോർവരെ തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. ദേശീയപാതയിൽ തുരുത്തിശ്ശേരി സ്കൂൾ മുതൽ അത്താണി സിഗ്നൽവരെയും അത്താണി അസീസി സ്കൂൾ കവല മുതൽ ചെങ്ങമനാട് റോഡ് വരെയും ദേശീയത പാതയോരത്ത് സിഗ്നൽ കവല മുതൽ അങ്കമാലി ബസ് സ്റ്റോപ്പ് വരെയും അനധികൃത പാർക്കിങ് രൂക്ഷമാണ്.

വിദൂരപ്രദേശങ്ങളിൽനിന്ന് ജോലിയാവശ്യാർഥവും മറ്റും എത്തി അത്താണിയിലുടനീളം പുലർച്ച പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പലതും പാതിര സമയത്താണ് മാറ്റുന്നത്. വിമാനത്താവളത്തിൽ എളുപ്പത്തിൽ വന്ന് പോകാൻ കൂടുതൽ സൗകര്യമുള്ളതിനാൽ വടക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് അനേകം വാഹനങ്ങളാണ് നിത്യേനെയെന്നോണം അത്താണിയിലെത്തുന്നത്. നാല് ദിക്കുകളിലും വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതാണ് നിത്യകാഴ്ച.

ദീർഘദൂര ബസുകൾ, സ്വകാര്യ ബസ്സുകൾ, ചരക്ക് വാഹനങ്ങൾ, സ്കൂൾ വാഹനങ്ങളടക്കം അനധികൃത പാർക്കിങ് മൂലം ക്ലേശിക്കുകയാണ്. കാൽനടയാത്രികരാണ് കൂടുതൽ ദുരിതത്തിലാകുന്നത്. അനധികൃത പാർക്കിങ് മൂലം ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ് കാഴ്ചയാണ്. അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ നാഥനില്ല അവസ്ഥയായതോടെ എവിടെയും ആർക്കും എങ്ങനെയും വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന അവസ്ഥയാണ്.

Tags:    
News Summary - Illegal Parking Plagues Athani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.