കൊച്ചിയിൽ സ്കൂൾ കലാപൂരം മടങ്ങിയെത്തുന്നു
കൊച്ചി: ഒന്നും രണ്ടുമല്ല, 20 വർഷങ്ങൾക്കുശേഷം കേരളത്തിന്‍റെ കലാപൂരത്തിന് എറണാകുളം ജില്ലയിൽ അരങ്ങൊരുങ്ങുന്നു. 2027 ജനുവരിയിലാണ് വർണാഭമായ ആഘോഷങ്ങളുടെ ദിനരാത്രങ്ങൾ സമ്മാനിക്കുന്ന കലോത്സവം.
ചരിത്രമായി 2006 കലോത്സവം
ജില്ല ഒടുവിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആതിഥേയരായത് 2006ലാണ്. അതിന് ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു. അന്നുവരെയുണ്ടായിരുന്ന കലാപ്രതിഭ, കലാതിലകം എന്നീ വ്യക്തിഗത പട്ടങ്ങൾ നൽകുന്നത് നിർത്തലാക്കിയത് ആ മേളയിലാണ്. 1986 ലെ തൃശൂർ കലോത്സവത്തിന് തുടക്കമിട്ടതായിരുന്നു ഈ സമ്പ്രദായങ്ങൾ. അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കാനും കുട്ടികളിലെ അനാവശ്യ സമ്മർദം ഇല്ലാതാക്കാനുമായിരുന്നു ആ തീരുമാനം. കൂടാതെ യുവജനോത്സവം എന്ന പേരുമാറി കേരള സ്കൂൾ കലോത്സവം എന്ന് അറിയപ്പെടാനും തുടങ്ങി. ഗ്രേഡിങ് സമ്പ്രദായം ആദ്യമായി നടപ്പാക്കി. ഇതിനെല്ലാം പുറമെ വിവിധ മത്സര ഇനങ്ങളുടെ അവതരണത്തിലും നിയമാവലിയിലും കാതലായ മാറ്റങ്ങൾ വന്നു. അറബിക് സാഹിത്യ മത്സരങ്ങളും കലോത്സവത്തിന്റെ ഭാഗമാക്കിയത് ഈ വർഷമാണ്. മോണോ ആക്ട്, മിമിക്രി തുടങ്ങിയ ഇനങ്ങളിൽ പെൺകുട്ടികൾക്ക് ആദ്യമായി പ്രത്യേക മത്സരം നടത്തി. വ്യക്തിഗത ഇനങ്ങളിൽ ഒരു കുട്ടി പരമാവധി അഞ്ച് മത്സരങ്ങളിൽ മാത്രമേ പങ്കെടുക്കാവൂവെന്ന് നിബന്ധന കൊണ്ടുവന്നതും ഇതേവർഷമാണ്. എറണാകുളം മറൈൻഡ്രൈവ് പ്രധാന വേദിയായ 2006ലെ കലോത്സവത്തിൽ പാലക്കാടായിരുന്നു വിജയികൾ.
ആദ്യം നടന്നതും ജില്ലയിൽ
കേരളത്തിൽ ആദ്യമായി സ്കൂൾ കലോത്സവം നടന്നതും എറണാകുളത്തിന്‍റെ മണ്ണിലാണ്. 1957 ജനുവരി 25നും 26നുമായിരുന്നു ഇത്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരനായിരുന്നു കലോത്സവം നടത്താൻ മുൻകൈയെടുത്തത്. അന്ന് രണ്ട് സ്‌കൂളുകളിലായി നാല് വേദികളും 12 ഇനങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എറണാകുളം എസ്.ആർ.വി ഗേൾസ് ഹൈസ്കൂളായിരുന്നു പ്രധാന വേദി. അന്ന് പേര് കേരള സ്‌കൂൾ യുവജനോത്സവം എന്നായിരുന്നു. ജില്ല, ഉപജില്ല മത്സരങ്ങളൊന്നുമില്ലാതെ 200ഓളം കുട്ടികൾ സ്കൂൾ തലത്തിൽനിന്ന് നേരിട്ട് ഈ കലോത്സവത്തിൽ പങ്കെടുക്കുകയായിരുന്നു. ആ കലാമേളയിൽ നിന്നാണ് ആയിരക്കണക്കിന് സർഗപ്രതിഭകൾ മാറ്റുരക്കുന്ന, ഏഷ്യയിലെതന്നെ ഏറ്റവും വലിയ കലാമാമാങ്കത്തിലേക്ക് സ്കൂൾ കലോത്സവം വളർന്നത്.
പ്രതീക്ഷയോടെ കൊച്ചി...
1977, 1983, 1985, 1989, 1997 എന്നീ വർഷങ്ങളിലും എറണാകുളത്തിന്‍റെ മണ്ണ് കലോത്സവ വേദിയായി. എന്നാൽ 20 വർഷത്തോളം വീണ്ടുമൊരു കലോത്സവത്തിനായി കാത്തിരിക്കേണ്ടിവന്നത് ആദ്യ കലോത്സവത്തിനുശേഷം 1977ൽ നടന്നപ്പോഴാണ്, പിന്നീട് ഇപ്പോഴും. കഴിഞ്ഞ വർഷങ്ങളിൽ എറണാകുളത്ത് നടത്താൻ ആലോചനയുണ്ടായെങ്കിലും കൊച്ചി മെട്രോ നിർമാണകുരുക്കുൾപ്പെടെ പല കാരണങ്ങളാൽ പ്രാവർത്തികമായില്ല. സംസ്ഥാനത്തിന്‍റെ മധ്യഭാഗമെന്നതും എല്ലാ ജില്ലക്കാർക്കും എത്തിച്ചേരാനാവുമെന്നതുമുൾപ്പെടെ എറണാകുളത്തിന്‍റെ ഗുണവശങ്ങൾ ഒട്ടേറെയാണ്. നഗരത്തിന്‍റെ പല കോണുകളിലായി നടത്തിയാൽ പോലും കൊച്ചിയുടെ ഹൃദയഭാഗത്തു തന്നെയുള്ള രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകൾ, കൊച്ചി മെട്രോ, വാട്ടർ മെട്രോ, മിനിറ്റുകൾ ഇടവിട്ടുള്ള ബസുകൾ, സുഗമമായ ടാക്സി സംവിധാനം, സർക്കാറിന്‍റെ ജലഗതാഗത സംവിധാനം, ജങ്കാർ തുടങ്ങി എങ്ങോട്ടും എളുപ്പം എത്താനാവുന്ന ബഹുമുഖ ഗതാഗത സംവിധാനങ്ങളുണ്ട്. കൂടാതെ നഗരത്തിൽ തന്നെ മറൈൻഡ്രൈവ്, മഹാരാജാസ് ഗ്രൗണ്ട്, ദർബാർ ഹാൾ ഗ്രൗണ്ട്, എസ്.ആർ.വി സ്കൂൾ, ടൗൺഹാൾ തുടങ്ങി വേദികളാക്കാൻ പറ്റുന്ന കേന്ദ്രങ്ങൾ അടുത്തടുത്തായി ഉള്ളതും നേട്ടമാണ്. എന്നാൽ, സ്വതവേയുള്ള ഗതാഗതകുരുക്ക് കലോത്സവ ദിവസങ്ങളിൽ രൂക്ഷമാകുമെന്നതുമാത്രമാണ് തലവേദന സൃഷ്ടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.