വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലാവണ്യം 2026’ ന്റെ ഭാഗമായ ‘ഇന്ത്യൻ വസന്തോത്സവ’ത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കുന്നു 

നല്ലോണം ആഘോഷം; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നത് വിപുലമായ ഓണാഘോഷം

കൊച്ചി: പരമ്പര്യവും ആഘോഷവും കോർത്തിണക്കി വിപുലമായ പരിപാടികളോടെ ഓണം കെങ്കേമമാക്കി ജില്ല. ഓണനാളിൽ അതിരാവിലെ തന്നെ ഓണത്തപ്പനെ സ്വാഗതം ചെയ്ത് ഉച്ചവരെ ആഘോഷങ്ങളുമായി വീടുകളിൽ തന്നെ ജനം ഒതുങ്ങിയതോടെ തെരുവീഥികളും മേള കേന്ദ്രങ്ങളും ഏറെക്കുറെ വിജനമായിരുന്നു. സദ്യവട്ടങ്ങൾക്ക് ശേഷം ജനം എത്തിയതോടെയാണ് തെരുവീഥികളും മറ്റും സജീവമായത്.

വിവിധ സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നു. പരമ്പരാഗത ഓണക്കളികൾക്ക് പുറമെ, ആവേശകരമായ മത്സരങ്ങൾ, പൂക്കളമൊരുക്കൽ, ഓണസദ്യ, വള്ളംകളി, കലാ, സാംസ്കാരിക പരിപാടികൾ, സംസ്കാരിക സംഗമങ്ങൾ എന്നിവ വിവിധ ഭാഗങ്ങളിൽ നടന്നു. കൊച്ചി നഗരത്തിൽ ദർബാൾ ഹോൾ ഗ്രൗണ്ടിലായിരുന്നു പ്രധാന ആഘോഷങ്ങൾ. ഇവിടെ മ്യൂസിക്കൽ ബാൻഡും വിവിധ കലാപരിപാടികളും അരങ്ങേറി.

കലൂർ സ്റ്റേഡിയത്തിലും മറൈൻ ഡ്രൈവിലും നടക്കുന്ന വിവിധ മേളകളും വൈകുന്നേരത്തോടെ സജീവമായി. ഉത്രാട നാളിലെ കച്ചവടശേഷം ബാക്കിയായ വസ്ത്രങ്ങൾ അടക്കമുള്ള വസ്തുക്കളുടെ വിൽപ്പനയുമായി ഉച്ചക്ക് ശേഷം ബ്രോഡ്വേയിൽ കച്ചവടക്കാർ അണിനിരന്നു. ഇവരെ തേടി വിലക്കുറവ് പ്രതീക്ഷിച്ച് ഉപഭോക്താക്കളും എത്തിയതോടെ ഈ വഴികളും തിരക്കിലമർന്നു. നഗരത്തിൽ പല മാളുകളിലും പുലിക്കളി, തിരുവാതിര, വടംവലി പോലുള്ള മത്സരങ്ങളും ഒരുക്കിയിരുന്നു.

ഓണസദ്യ ഒരുക്കി പ്രമുഖ വെജിറ്റേറിയൻ ഹോട്ടലുകളും രംഗത്തുണ്ടായിരുന്നു. 12 മണി മുതൽ തന്നെ ഇത്തരം കേന്ദ്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഇരിപ്പിടത്തിനായി നീണ്ട നിരകളും പലയിടത്തും കാണാമായിരുന്നു. ഡി.ടി.പി.സിയുടേത് ഉൾപ്പെടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.

വിനോദസഞ്ചാര വകുപ്പും ജില്ല ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലാവണ്യം 2026’ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ വേദികളിൽ പരിപാടികൾ അരങ്ങേറി. തൃപ്പൂണിത്തുറ അത്തംനഗറിൽ നിന്നെത്തിച്ച ഓണപ്പതാക തൃക്കാക്കര നഗരസഭാ കമ്യൂണിറ്റിഹാളിനു സമീപമുള്ള കൊടിമരത്തിൽ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി ഉയർത്തിയതോടെ നഗഭസഭയുടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെത്തിച്ച പതാക മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ, ഉമ തോമസ് എം.എൽ.എ, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ ജമാൽ മണക്കാടൻ എന്നിവർ ഏറ്റുവാങ്ങി ക്ഷേത്രഭാരവാഹികളെ ഏൽപിച്ചു. 29ന് രാവിലെ 11ന് തിരുവാതിരയും വിവിധ കുടുംബശ്രീകൾ നടത്തുന്ന കലാപരിപാടികളും നടക്കും. 30ന് വടംവലി, പൂക്കള മത്സരം,കൈകൊട്ടിക്കളി എന്നിവ അരങ്ങേറും. 31ന് ഉച്ചക്കുശേഷം എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ജങ്ഷനിൽനിന്ന് കാക്കനാട്ടേക്ക് സാംസ്‌കാരിക ഘോഷയാത്ര. വൈകിട്ട് സാംസ്കാരിക സമ്മേളനം മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.

ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം ഡിപ്പാർട്ട്മെൻറിന്റെയും കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എഴുപുന്ന - കുമ്പളങ്ങി കായലിൽ കയാക്കിങ് മത്സരം സംഘടിപ്പിച്ചു. അമേരിക്കൻ സ്വദേശികളായ വിൻസെന്റ് ഫെരേ, തോമസ് ലി എന്നിവരടക്കം 52 പേർ തുഴയെറിഞ്ഞു. മഹാബലി എതിരേൽപ്പും തിരുവോണ സദ്യയും ആറാട്ടെഴുന്നള്ളിപ്പുമായി തൃക്കാക്കര മഹാക്ഷേത്രത്തിൽ ഉത്സവം കൊടിയിറങ്ങി. രാവിലെ പത്തിന് ആയിരങ്ങൾ പങ്കെടുത്ത ഓണ സദ്യ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ആവേശമായി ഹെലികോപ്റ്റർ ടൂറിസം. നഗരസഭയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച ത്രിവേണി ഓണം പരിപാടിയുടെ ഭാഗമായാണ് പൊതുജനങ്ങൾക്കായി ഹെലികോപ്റ്റർ യാത്രക്ക് അവസരം ഒരുക്കിയത്. മുവാറ്റുപുഴയുടെ പ്രകൃതി സൗന്ദര്യവും നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും കാഴ്ചകളും ആകാശദൃശ്യമായി ആസ്വദിക്കാൻ പൊതുജനങ്ങൾക്കായി ഹെലികോപ്റ്റർ യാത്രക്ക് സൗകര്യം ഒരുക്കിയിരുന്നു.

Tags:    
News Summary - Nallonam Celebrations Held Across the District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.