കൊച്ചി: വേനൽ കനത്തതോടെ ജില്ലയിലെ പല പ്രദേശങ്ങളും കടുത്ത കുടിവെള്ളക്ഷാമത്തിന്‍റെ പിടിയിലേക്ക്. ചിലയിടങ്ങളിൽ ഏറെ ദൂരെനിന്ന് വെള്ളം തലച്ചുമടായി എത്തിക്കേണ്ട അവസ്ഥയാണെങ്കിൽ മറ്റ് ചിലയിടങ്ങളിൽ കുടിവെള്ളം വില കൊടുത്ത് വാങ്ങുകയാണ്. ജലക്ഷാമം പരിഹരിക്കാൻ അധികൃതരുടെ ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവും സമരപരിപാടികളുമായി രംഗത്തെത്തിയ സ്ഥലങ്ങളുമുണ്ട്.
നോക്കുകുത്തിയായി പദ്ധതികൾ
മൂന്ന് പുഴകളുടെ സംഗമസ്ഥാനമായ മൂവാറ്റുപുഴയിൽ കുടിവെള്ള പദ്ധതികൾ പലതുണ്ടെങ്കിലും വേനൽ കനക്കുന്നതോടെ ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ. മൂവാറ്റുപുഴ നഗരസഭയിലെയും സമീപത്തെ നാല് പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നാലര പതിറ്റാണ്ട് മുമ്പ് നടപ്പാക്കിയ മൂവാറ്റുപുഴ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം അര നൂറ്റാണ്ട് പിന്നിടുമ്പോഴും കാര്യക്ഷമമല്ല. നഗരത്തിലെ അടക്കം ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ പദ്ധതി പര്യാപ്തമല്ല.
കുടിവെള്ളം നൂലുപോലെ
പറവൂർ മേഖലയിൽ ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറൻ തീരദേശ മേഖലകളിൽ ദിവസങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. വിഷുദിനത്തിൽ പോലും ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു. ചൊവ്വരയിൽ നിന്നുള്ള പമ്പിങ് കുറഞ്ഞതിനാൽ പറവൂരിൽ നിന്നുള്ള ജലവിതരണം താളംതെറ്റിയ സ്ഥിതിയാണ്. കുറച്ച് ദിവസങ്ങളായി വെള്ളം നൂലുപോലെയാണ് വീടുകളിൽ കിട്ടുന്നത്. ഇത് ശേഖരിക്കാൻ മണിക്കൂറുകളെടുക്കും. ശുദ്ധജലം കിട്ടാത്തതിനാൽ പ്രദേശത്തെ ജനങ്ങൾ സ്വകാര്യ ടാങ്കർ ലോറികളിലും മിനി ടെമ്പോകളിലും വെള്ളം എത്തിച്ചാണ് ആവശ്യം നിറവേറ്റുന്നത്.
കിണറുകളും വറ്റുന്നു
പെരുമ്പാവൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുകയാണ്. വെങ്ങോല, രായമംഗലം, മുടക്കുഴ പഞ്ചായത്തുകളിൽ ക്ഷാമം രൂക്ഷമാണ്. വേനൽ കടുക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ഗണ്യമായി താഴുന്നത് പമ്പിങ്ങിനെ ബാധിക്കുന്നു. ഭൂഗർഭ ജലനിരപ്പ് കുറയുന്നതിനാൽ കിണറുകൾ വറ്റുന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പുകൾ പൊട്ടുന്നതും ചോർച്ചയും പലപ്പോഴും ജലവിതരണം തടസ്സപ്പെടുത്തുന്നു.
നായരമ്പലം പഞ്ചായത്ത് കോടതിയിലേക്ക്
കുടിവെള്ളക്ഷാമത്തിന് പരിഹാരം തേടി ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നായരമ്പലം പഞ്ചായത്ത്. നായരമ്പലം പാലത്തിന്‍റെ വടക്ക് ഭാഗങ്ങളിൽ ജലവിതരണം തടസ്സമില്ലെങ്കിലും തെക്കൻ മേഖലകളിൽ ക്ഷാമം രൂക്ഷമാണ്. മുമ്പ് ഒന്നിടവിട്ട ദിവസങ്ങളിൽ 24 മണിക്കൂറും പമ്പിങ് നടന്നിരുന്നു. എന്നാൽ, സമീപ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ നായരമ്പലത്തെ പമ്പിങ് 12 മണിക്കൂറായി ജല അതോറിറ്റി കുറച്ചു. പ്രശ്നത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോബി വർഗീസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ മാലിപ്പുറം ജല അതോറിറ്റി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
മണിക്കൂറുകളുടെ കാത്തിരിപ്പ്
അങ്കമാലി മേഖലയിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉയർന്ന പ്രദേശങ്ങളിലുള്ളവരും പൈപ്പ് ജലത്തെ ആശ്രയിക്കുന്നവരും ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ്. കുന്നുകര പഞ്ചായത്തിലെ 16ാം വാർഡിൽ കുത്തിയതോട് ഭാഗത്ത് പൈപ്പ് ജലത്തെ ആശ്രയിക്കുന്നവർ വെള്ളത്തിനായി മണിക്കൂറോളം കാത്തിരിക്കണം. കുന്നുകര കോളനി പരിസരത്തും മലായിക്കുന്ന് ഭാഗങ്ങളിലും ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. ചെങ്ങമനാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുന്നുംപുറം, കുളവൻകുന്ന് ഭാഗങ്ങളിലും ക്ഷാമമുണ്ട്.
താളംതെറ്റി ജലവിതരണം
ആലുവ മേഖലയിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാർ, ഏലൂക്കര, മുപ്പത്തടം, കാരോത്തുകുന്ന്, പടിഞ്ഞാറേ കടുങ്ങല്ലൂർ, കടയപ്പള്ളി എന്നിവിടങ്ങളിൽ ഒരാഴ്ചയായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ പ്രദേശങ്ങളിൽ പൈപ്പ് വെള്ളമാണ് പ്രധാന ആശ്രയം. എന്നാൽ, പൈപ്പ് വെള്ള വിതരണം താളംതെറ്റി കിടക്കുകയാണ്. കോതമംഗലം, കവളങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ജലക്ഷാമത്തിന്‍റെ പിടിയിലാണ്. ജൽജീവൻ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് മാറ്റുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നെല്ലിമറ്റം, നെടുമ്പാറ പ്രദേശങ്ങളിലാണ് കൂടുതൽ പ്രതിസന്ധി. ടാങ്കറുകളിൽ കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും പൂർണ പരിഹാരമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.