ദേശീയപാതയിൽ അത്താണി തുരുത്തിശ്ശേരി സ്കൂളിന് സമീപം പറവൂരിലേക്ക് പോകാൻ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള ദിശ ബോർഡ്
അത്താണി: ദേശീയപാതയോരത്തും, പൊതുമരാമത്ത് വകുപ്പ് റോഡുകളിലും ദിശ അറിയാത്തവർ സ്ഥാപിച്ച ദിശ ബോർഡുകൾ യാത്രക്കാരെ വലക്കുന്നു. ദേശീയപാതയിൽ അത്താണി കേരള ആഗ്രോ മെഷിനറി കോർപ്പറേഷന് (കാംക്കോ) സമീപം മേക്കാട് ഭാഗത്തേക്ക് തിരിയുന്ന യു.ടേണിൽ തുരുത്തിശ്ശേരി സ്കൂൾ മതിലിനോട് ചേർന്ന പാതയോരത്ത് സ്ഥാപിച്ച ബോർഡിലും മറ്റുമാണ് സൂചന ചിഹ്നം തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്.
പറവൂരിലേക്ക് പോകുന്നതിന് ഇടത്തോട്ടാണ് (വടക്ക് ഭാഗത്തേക്ക്) സൂചന നൽകിയിരിക്കുന്നത്. അത് കാരയ്ക്കാട്ടുകുന്ന്, ആനപ്പാറ, മേയ്ക്കാട്, ഡീപോൾവഴി അങ്കമാലിയിലേക്കും, ആനപ്പാറയിൽനിന്ന് നേരെ മധുരപ്പുറം പാലം വഴി എളവൂർ ഭാഗങ്ങളിലേക്കും പോകുന്ന റോഡാണ്. യഥാർഥത്തിൽ പറവൂരിലേക്ക് പോകാൻ വലത്തോട്ടാണ് (തെക്ക് ഭാഗത്തേക്ക്) ദിശാ സൂചന നൽകേണ്ടിയിരുന്നത്. ദേശീയപാത കുറുകെ കടന്ന് വലത്തോട്ട് തിരിഞ്ഞ് അത്താണി കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ചെങ്ങമനാട് റോഡിലൂടെയാണ് പറവൂരിലേക്ക് പോകേണ്ടത്.ദേശീയപാതയിലൂടെ അങ്കമാലിയിൽ നിന്ന് വരുമ്പോഴും
തുരുത്തിശ്ശേരി സ്കൂൾ പരിസരത്തെ യു.ടേണിന് സമീപവും ദേശീയപാതയോരത്ത് സ്ഥാപിച്ച ബോർഡിലും വലത്തോട്ട് (വടക്ക് ഭാഗത്തേക്ക്) തെറ്റായ സൂചനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പറവൂരിലേക്ക് നേരെ പോയി അത്താണി കവലയിൽ നിന്ന് തിരിഞ്ഞാണ് പോകേണ്ടത്. ആനപ്പാറ ഭാഗത്തേക്ക് പോകുമ്പോൾ കാരയ്ക്കാട്ടുകുന്ന് കവലയിലും അങ്കമാലിയിലേക്ക് പോകാൻ വലത്തോട്ടും, പറവൂരിലേക്ക് പോകാൻ ഇടത്തോട്ടുമാണ് സൂചന നൽകിയിരിക്കുന്നത്. അങ്കമാലിയിലേക്ക് പോകാൻ വലത്തോട്ടാണ് സൂചന. അത് വഴി പോയാൽ പഞ്ചായത്ത് പ്രദേശത്തെ ഇടവഴികളിലായിരിക്കും എത്തുക. അതേസമയം തുരുത്തിശ്ശേരി സ്കൂൾ ഭാഗത്തെ യു.ടേണിൽ നിന്ന് മേയ്ക്കാട് മധുരപ്പുറം ഭാഗത്ത് പ്രവർത്തിക്കുന്ന ഡൽഹി പബ്ളിക് സ്കൂളിലേക്കുള്ള ദിശാ സൂചികയിൽ അപാകതകളില്ല.
മറ്റ് ചില ഭാഗങ്ങളിലും ദിശാബോർഡുകളിലെ സൂചന തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രദേശവാസികൾക്കും, സമീപ പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവർക്കും എല്ലാ റോഡുകളും, എളുപ്പവഴികളും അറിയാമെന്നതിനാൽ ദിശാ ബോർഡുകൾ ശ്രദ്ധിക്കാറില്ല. അതേസമയം ദൂരെ പ്രദേശങ്ങളിൽ നിന്ന് വരുന്നവരും, രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്നവരുമാണ് പ്രധാനമായും വലയുന്നത്. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നിന്ന് ടെമ്പോ ട്രാവലറിൽ ചെറായിയിലേക്ക് വിവാഹാവശ്യത്തിന് വന്ന കുടുംബം ദേശീയപാതയോരത്തെ പറവൂരിലേക്കുള്ള ദിശ ബോർഡ് കണ്ട് തുരുത്തിശ്ശേരി സ്കൂൾ ഭാഗത്തേക്ക് തിരിഞ്ഞ് മേയ്ക്കാട്, അങ്കമാലി ഭാഗങ്ങളിലും, തിരിഞ്ഞ് വന്ന് എളവൂർ, വട്ടപ്പറമ്പ് ഭാഗങ്ങളിലെല്ലാം മണിക്കൂറുകളോളം വഴിയറിയാതെ
ചുറ്റി കറങ്ങിയ ശേഷം ഒടുവിൽ ഗൂഗിൾ മാപ് വഴിയാണ് ലക്ഷ്യസ്ഥാനത്തെത്തി ചേർന്നതത്രെ. ദേശീയപാതയിലും, പൊതുമരാമത്ത് വകുപ്പ് റോഡിലും തെറ്റായ ദിശാബോർഡുകളുണ്ട്. എന്നാൽ ദിശാ ബോർഡുകൾ തെറ്റായി രേഖപ്പെടുത്തിയതിന്റെ ഉത്തരവാദിത്തമെന്ന് ആർക്കാണെന്ന് വ്യക്തമായിട്ടില്ല. ഏതായാലും യാത്രക്കാരെ വലക്കുന്ന വിധം ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ ക്ളേശം നേരിട്ടവരും, മറ്റും നിയമ നടപടികൾക്കൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.