മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിലെ പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ വാട്ടർ അതോറിറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടം. ആറുപതിറ്റാണ്ട് മുമ്പ് ആരംഭിച്ച വാട്ടർ അതോറിറ്റി മൂവാറ്റുപുഴ ഡിവിഷനു കീഴിൽ 2016 മുതൽ 2026 മെയ് മാസം വരെയുള്ള പത്തു വർഷത്തിനിടയിൽ 258 പൈപ്പ് പൊട്ടലുകളാണ് റിപ്പോർട്ട് ചെയ്തത്.
ചോർച്ചകൾ പരിഹരിക്കുന്നതിനായി മാത്രം 46.15 ലക്ഷം രൂപ അതോറിറ്റി ചെലവഴിച്ചതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് മൂവാറ്റുപുഴ സബ് ഡിവിഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
പൈപ്പ് പൊട്ടൽ മൂലമുള്ള ജലനഷ്ടത്തിന് പുറമെ പ്രദേശത്ത് വൻതോതിൽ ജലമോഷണം നടക്കുന്നതായും വിവരാവകാശ രേഖ സ്ഥിരീകരിക്കുന്നു. ഇക്കാലയളവിൽ ജലമോഷണവുമായി ബന്ധപ്പെട്ട് 236 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ കേസുകളിൽനിന്ന് എത്ര തുക പിഴയായി ഈടാക്കിയെന്ന കൃത്യമായ വിവരം നൽകാൻ വാട്ടർ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല.
ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. മൂവാറ്റുപുഴ സബ് ഡിവിഷന് കീഴിൽ പ്രതിദിനം 43.5 എം.എൽ.ഡി വെള്ളം ഉൽപാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ വിതരണ ശൃംഖലയിലെ ചോർച്ചയും മോഷണവും കാരണം ഇതിന്റെ വലിയൊരു പങ്ക് ജനങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് വിവരം.
വാട്ടർ അതോറിറ്റി ജീവനക്കാർക്കായി നിർമിച്ച സബ് ഡിവിഷന് കീഴിലുള്ള നാല് ക്വാർട്ടേഴ്സുകൾ നിലവിൽ പൂർണമായും താമസയോഗ്യമല്ലാത്ത നിലയിലാണ്. ഈ കെട്ടിടങ്ങൾ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ നശിക്കാൻ അനുവദിച്ചിരിക്കുകയാണ്. വേനൽക്കാലത്ത് ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ്, പൈപ്പ് പൊട്ടലും ചോർച്ചയും യഥാസമയം തടയാനാകാതെ ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതൽ വെള്ളത്തിലാകുന്നത്. പൈപ്പുകളുടെ ഗുണനിലവാരമില്ലായ്മയും കൃത്യമായ മേൽനോട്ടമില്ലായ്മയുമാണിതിനു കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.