ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ നടപടി

പെരുമ്പാവൂര്‍: വല്ലം-ചൂണ്ടിയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ആശീര്‍വാദ് പ്ലൈവുഡ് എന്ന കമ്പനിക്കെതിരെ നടപടി സ്വീകരിച്ചതായി ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. സിന്ധു അറിയിച്ചു. നിയമലംഘനങ്ങളും അനധികൃത നിര്‍മാണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയും കെട്ടിടം പൂട്ടി സീല്‍ ചെയ്യാനുമുള്ള നീക്കവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി വൈദ്യുതി വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബിക്ക് കത്ത് നല്‍കും.

2025 മാര്‍ച്ചില്‍ ജനകീയ സമരസമിതി നല്‍കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കമ്പനിയില്‍ നേരിട്ട് പരിശോധന നടത്തിയിരുന്നു. പഞ്ചായത്ത് രേഖകളിലുള്ള അളവിനേക്കാള്‍ കൂടുതല്‍ കെട്ടിട ഭാഗം ഇവിടെ അനധികൃതമായി നിര്‍മിച്ചതായും സര്‍വേ നമ്പറില്‍ വ്യത്യാസമുള്ളതായും പരിശോധനയില്‍ കണ്ടെത്തി.

അനധികൃതമായി നിര്‍മിച്ച ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ 2025 ഒക്ടോബറില്‍ പഞ്ചായത്ത് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. കൂടാതെ, കമ്പനിക്ക് അനുവദനീയമായതിലും ഹോഴ്‌സ് പവര്‍ ഉണ്ടെന്നും ബോധ്യപ്പെട്ടു. എന്നാല്‍, നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ കമ്പനി തയാറാകാത്തതിനെ തുടര്‍ന്ന് 2026 മാര്‍ച്ചില്‍ കമ്പനിയുടെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കുകയും പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് നോട്ടീസ് പതിക്കുകയും ചെയ്തു. ട്രൈബ്യൂണല്‍ ഉത്തരവിന്റെ മറവില്‍ നടപടികള്‍ 15 ദിവസത്തേക്ക് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കമ്പനിയുടമ പഞ്ചായത്ത് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് മേയ് മാസം പഞ്ചായത്ത് ഭരണസമിതി വീണ്ടും സ്ഥലം സന്ദര്‍ശിക്കുകയും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കമ്പനിയുടെ അപ്പീല്‍ തള്ളുകയും ചെയ്തു.

കോടതി അലക്ഷ്യ ഹരജി ഫയല്‍ ചെയ്ത വിവരവും അപ്പീല്‍ തള്ളിയ തീരുമാനവും കെട്ടിടം ക്രമവത്കരിക്കണമെന്ന നിര്‍ദേശവും 2026 ജൂണില്‍ കമ്പനിയുടമയെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, ഈ അറിയിപ്പുകള്‍ വകവെക്കാതെ കമ്പനി പ്രവര്‍ത്തനം തുടര്‍ന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ കമ്പനി മാനേജര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രസിഡന്റ് അറിയിച്ചു.

വാര്‍ത്തസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഒ. ജോണി, സ്ഥിരംസമിതി അധ്യക്ഷരായ ജെന്‍സി പീറ്റര്‍, എം.ആര്‍. ഷഹാന, മെംബര്‍മാരായ അമ്പിളി ജോഷി, എം.കെ. രാജേഷ്, ഫൗസിയ സുലൈമാന്‍ എന്നിവരും പങ്കെടുത്തു

Tags:    
News Summary - Action taken against plywood company operating in violation of regulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.