മയക്കുമരുന്ന് കേസിൽ പിടിയിലായവർ
കൊച്ചി: നഗരത്തിൽ ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി കൊച്ചിയിൽ വിപണനത്തിനായി ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി റെയ്ഡ് സംഘടിപ്പിച്ചു. പോലീസ്, എക്സൈസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവർ ചേർന്ന് നടത്തിയ റെയ്ഡിൽ അഞ്ചു കേസുകളിലായി ആറു പേർ പിടിയിലായി.
വൻതോതിൽ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ ലഹരി പദാർഥങ്ങളും പിടികൂടി. 202 ഗ്രാം എം.ഡി.എം.എയുമായി തൃപ്പൂണിത്തുറ സ്റ്റാർ ഹോംസിൽനിന്ന് മരട് പനച്ചികപാടം അക്ഷയ് (29), തിരുവനന്തപുരം വേങ്ങൂർ നകുലത്ത് വീട്ടിൽ രേഷ്മ (34), എന്നിവർ പിടിയിലായി. കളമശ്ശേരി പ്രീമിയർ ജങ്ഷന് സമീപത്തുനിന്ന് 13.27 ഗ്രാം എം.ഡി.എം.എയുമായി പള്ളുരുത്തി കടേഭാഗം തുപ്പായിക്കടവ് ജിതിൻ ഡിക്രൂസിനെ (32) പിടികൂടി. വാഴക്കാല ഭാഗത്തുനിന്ന് നാല് ഗ്രാം കഞ്ചാവുമായി തമിഴ്നാട് മധുര സ്വദേശി ശേഷാദ്രി തിരുപ്പത്തി (25), കലൂർ ഭാഗത്തുനിന്ന് 2.62 കഞ്ചാവുമായി പൂക്കാട്ടുപടി കൊരട്ടിപ്പറമ്പിൽ അലൻ ജോർജ് (20), കലൂർ സ്റ്റേഡിയം ഭാഗത്തുനിന്നും രണ്ട് ഗ്രാം കഞ്ചാവുമായി മലപ്പുറം പൊന്നാനി വാരിയംപറമ്പിൽ വീട്ടിൽ വിഘ്നേഷ് (20) എന്നിവരും പിടിയിലായി.
റെയ്ഡിന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ, ഡി.സി.പിമാരായ അശ്വതി ജിജി, ഷഹൻഷാ, നാർകോട്ടിക് സെൽ എ.സി.പി ടി.ഡി. സുനിൽകുമാർ, എൻ.സി.ബി സോണൽ ഡയറക്ടർ വേണുഗോപാൽ, അസി. ഡയറക്ടർ അപ്പുക്കുട്ടൻ, ഇൻസ്പെക്ടർമാരായ ജോസി, ഷൈജു, എക്സൈസ് അസി. കമീഷണർ ജോബി, ഇൻസ്പെക്ടർ സാദിഖ് എന്നിവർ നേതൃത്വം നൽകി.
തൃപ്പൂണിത്തുറയിൽ വൻ രാസലഹരി വേട്ടയിൽ യുവതിയും യുവാവും പിടിയിലായത് ദിവസങ്ങളായി ഡാൻസാഫ് സംഘം നിരീക്ഷിച്ചതിനു ശേഷം.മരട് പനച്ചിക്കപാടം വീട്ടിൽ അക്ഷയ് (28), ഹോംനഴ്സ് തിരുവനന്തപുരം വേങ്ങൂർ നകുലത്ത് വീട് രേഷ്മ (34) എന്നിവരെയാണ് ഡാൻസാഫ് സംഘവും ആന്റി നാർക്കോട്ടിക് ബ്യൂറോയും ചേർന്ന് പിടികൂടിയത്. ഇവർ താമസിച്ച ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇരുവരെയും നിരീക്ഷിച്ചു വരികയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ഡാൻസാഫ് സ്ക്വാഡ് ഇവിടെ പരിശോധനയ്ക്കെത്തിയത്. പുറത്ത് പോയ അക്ഷയ് 11.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് പിടികൂടിയത്. ഇയാളുടെ കൈയിൽനിന്നും 202 ഗ്രാം എം.ഡി.എം.എയും ഇത് അളക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. അക്ഷയുടെ അമ്മയെ പരിചരിക്കാനെത്തിയതായിരുന്നു കൂട്ടുപ്രതിയും ഹോംനഴ്സുമായ രേഷ്മ. ഇവർക്ക് നൽകാനുള്ള പണം കണ്ടെത്താനാണ് ലഹരിവിൽപന തുടങ്ങിയതെന്നാണ് അക്ഷയ് പൊലീസിന് നൽകിയ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.