ആരോഗ്യവകുപ്പിന്റെ വിവിധ പദ്ധതികളുടെ അവലോകനയോഗത്തിൽ ജില്ല കലക്ടർ ജി. പ്രിയങ്ക സംസാരിക്കുന്നു
കൊച്ചി: പുതുവർഷത്തിൽ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകണമെന്നും ആരോഗ്യ സംരക്ഷണത്തെ പുതുവർഷ പ്രതിജ്ഞയായി കണക്കാക്കണമെന്നും ജില്ല കലക്ടർ ജി. പ്രിയങ്ക. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. നല്ലത് കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക, ആരോഗ്യത്തിൽ ശ്രദ്ധിക്കുക എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധ്യക്ഷത വഹിച്ച കലക്ടർ പറഞ്ഞു.
ദേശീയ വിരവിമുക്ത ദിനം, കുഷ്ഠരോഗ നിർമാർജന യജ്ഞത്തിന്‍റെ ഭാഗമായി നടത്തുന്ന അശ്വമേധം 7.0, മികച്ച ജീവിതശൈലി ശീലമാക്കുന്നതിനുള്ള ‘ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ്’ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ചചെയ്തു. ജനുവരി ആറിന് വിരവിമുക്ത ദിനത്തോടനുബന്ധിച്ച് സ്കൂളുകൾ, അംഗൻവാടികൾ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധഗുളികകൾ നൽകും. അന്ന് ഗുളിക കിട്ടാത്തവർക്ക് 12ന് ലഭിക്കും.
കുഷ്ഠരോഗ നിർമാർജനവുമായി ബന്ധപ്പെട്ട് നടത്തുന്ന അശ്വമേധം 7.0 കാമ്പയിൻ വിപുലമായി നടത്താൻ തീരുമാനിച്ചു. ജനുവരി ഏഴ് മുതൽ 20 വരെ നടത്തുന്ന ഭവനസന്ദർശന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഒരുസ്ത്രീയും പുരുഷനും അടങ്ങിയ സംഘം വീടുകൾ സന്ദർശിക്കും. ഇതിനായി 4830 സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകി.
ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.എൽ. ഷീജ, അഡീ. ഡി.എം.ഒ ഡോ. കെ.ആർ. വിദ്യ, ആർ.സി.എച്ച് ഓഫിസർ ഡോ. എം.എസ്. രശ്മി, ഡെപ്യൂട്ടി ഡി.എം.ഒ ആരതി കൃഷ്ണൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം ഓഫിസർ ഡോ. പ്രസ്ലിൻ ജോർജ്, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ ജി. രജനി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.