പെരുമ്പാവൂര്‍: അപകടകരമായ വൈദ്യുതി കാലുകള്‍ മാറ്റണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുന്നതായി ആക്ഷേപം. ഒക്കല്‍ പഞ്ചായത്തിലെ ഓണമ്പിള്ളി കുളത്തുങ്ങമാലി പാടശേഖരത്തിന് മുകളിലൂടെ കമ്പികള്‍ വലിച്ചിരിക്കുന്ന ദ്രവിച്ച മരത്തൂണുകളാണ് അപകടാവസ്ഥയിലുള്ളത്.
കപ്യേരുകാവ് മുതല്‍ ഒണമ്പിള്ളി കനാല്‍ ബണ്ടിനടുത്തുള്ള ശിവക്ഷേത്രം വരെ 11 കെ.വി ലൈന്‍ കമ്പികള്‍ വലിച്ചിരിക്കുന്ന വൈദ്യുതി കാലുകളാണ് ഏതുസമയത്തും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലുള്ളത്. അപകടം വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് പ്രദേശവാസികള്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും ഗൗനിച്ചിട്ടില്ല.
പരാതികളുടെ അടിസ്ഥാനത്തില്‍ കുറേനാള്‍ മുമ്പ് തോട്ടുവ-നമ്പിള്ളി റോഡിലൂടെ പുതിയ ലൈന്‍ വലിച്ച് വൈദ്യുതി വിതരണം തുടങ്ങിയിട്ടും അപകടം നിലനില്‍ക്കുന്ന പഴയ ലൈനിലെ കണക്ഷന് ഒഴിവാക്കിയിട്ടില്ല. പാടശേഖരത്തിലൂടെ കടന്നുപോകുന്ന ലൈനുകള്‍ ഒന്നുരണ്ട് വ്യക്തികള്‍ക്കുവേണ്ടി നിലനിര്ത്തിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പഴയതിലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ലെന്നാണ് നാട്ടുകാരെ ധരിപ്പിച്ചത്. എന്നാല്‍, കാറ്റില്‍ കമ്പികള്‍ ഉരസി തീപ്പൊരികള്‍ വീഴുന്നത് കണ്ടാണ് വൈദ്യുതി പ്രവഹിക്കുന്നത് നാട്ടുകാര്‍ മനസ്സിലാക്കിയത്. ഇത് ശ്രദ്ധയിൽപെടുത്തിയപ്പോള്‍ പഴയ വൈദ്യുതി ലൈനുകള്‍ ഒഴിവാക്കാനുള്ളതാണെന്നായിരുന്നു അധികൃതരുടെ മറുപടി.
വെള്ളമുള്ളതും മരങ്ങളും പുല്ലും നിറഞ്ഞതുമായ പാടത്തേക്ക് ഉഗ്രശേഷിയുള്ള വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ പൊട്ടിവീണാല്‍ ദുരന്തമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പാടശേഖരത്തിന് ചുറ്റും വീടുകളാണ്. കുട്ടികള്‍ കളിക്കാനിറങ്ങുന്ന സ്ഥലവുമാണ്.
കന്നുകാലികളെ കെട്ടാനും പുല്ല് വെട്ടിയെടുക്കുന്നതിനും സ്ത്രീകള്‍ ഉള്‍പ്പടെ ഇവിടെ എത്തുന്നുണ്ട്. പകലും രാത്രിയിലും കന്നുകാലികള്‍ മേയുന്ന ഇടമാണ്. മഴക്കൊപ്പം വീശുന്ന ശക്തമായ കാറ്റില്‍ മരത്തൂണുകള്‍ ഇളകുന്നത് അപകടകരമാണ്. ദുരന്തത്തിന് കാത്തുനില്‍ക്കാതെ എത്രയുംവേഗം പ്രശ്നത്തിന് പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.