ചെല്ലാനത്ത് മാതൃക മത്സ്യഗ്രാമം പദ്ധതി ഒരുങ്ങുന്നു

പള്ളുരുത്തി: ചെല്ലാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് മാതൃക മത്സ്യഗ്രാമം പദ്ധതി ഒരുങ്ങുന്നു. കുഫോസിലെ വിദ്യാർഥികളുടെ സഹായത്തോടുകൂടി പ്രദേശത്ത് നടത്തിയ സർവേയുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രദേശത്തിനിണങ്ങുന്ന വികസനമാതൃക ഒരുക്കുന്നത്. പഠനഫലങ്ങളുടെ അടിസ്ഥാനത്തില്‍ കേരള തീരവികസന കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ ഫിഷറീസ്, തദ്ദേശ സ്വയംഭരണം, ജലസേചനം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, പൊതുമരാമത്ത്, സാമൂഹികനീതി വകുപ്പുകളും കുഫോസ് സര്‍വകലാശാല, കുടുംബശ്രീ, മത്സ്യഫെഡ് എന്നീ സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി ഓരോ വകുപ്പുകളുടെയും പരിധിയിലെ പദ്ധതികള്‍ രൂപവത്​കരിക്കും. അടിസ്ഥാനസൗകര്യ വികസനം, പാര്‍പ്പിടം, ജലവിതരണ സംവിധാനം, ശുചിത്വ-മാലിന്യസംസ്കരണ സൗകര്യങ്ങള്‍, വൈദ്യുതീകരണം, റോഡ് കണക്ടിവിറ്റി, ഗതാഗത സംവിധാനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം എന്നിവയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസനമാണ് ലക്ഷ്യം. സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ ശൃംഖല എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ചെല്ലാനം മത്സ്യബന്ധന ഗ്രാമം തീരപ്രദേശത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാൽ ആവശ്യമായ തീരദേശ സംരക്ഷണവും ദുരന്ത നിവാരണ നടപടികളും മാതൃകഗ്രാമം പദ്ധതിയുടെ മറ്റൊരു പ്രധാന ഘടകമാണ്. ചെല്ലാനം തീരത്ത് ടെട്രപോഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇവ സ്ഥാപിക്കുന്നതോടെ കടലേറ്റം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.