കൊച്ചി: നഗരത്തിലെ കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളില്‍ കൊച്ചി നഗരസഭയുമായി സഹകരിക്കാൻ വി.സി.ആര്‍.സി പ്രതിനിധിസംഘം കൊച്ചിയിലെത്തി. നേരത്തേ കോർപറേഷനുമായി സഹകരിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) വെക്ടർ കൺട്രോൾ റിസർച് സൻെറർ (വി.സി.ആര്‍.സി)സന്നദ്ധത അറിയിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിന് മൂന്ന് ശാസ്ത്രജ്ഞരുള്‍പ്പെടുന്ന അഞ്ച് അംഗ പ്രതിനിധി സംഘം നഗരസഭയിലെത്തിയത്. ഡോ. എന്‍. പ്രദീപ്കുമാര്‍, ഡോ.എ.എന്‍. ശ്രീറാം, ഡോ. പ്രശാന്ത് സൈനി, ഡോ. കെ.എച്ച്.കെ. രാജു, ഡോ.കെ.എന്‍. വിജയകുമാര്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്. മേയറുമായി നടത്തിയ പ്രാഥമിക ചര്‍ച്ചയെത്തുടര്‍ന്ന് പ്രതിനിധികള്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാരംഭിച്ചു. നാല് ദിവസം സന്ദര്‍ശനം തുടരും. നിലവില്‍ കൊതുകിന്‍റെ പ്രജനനവും മറ്റ് സ്ഥിതിഗതികളും മനസ്സിലാക്കാനാണ് സംയുക്ത പരിശോധന നടത്തുന്നത്. നഗരസഭ നടത്തുന്ന ഫോഗിങ്, സ്പ്രേയിങ്, എന്നിവക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ കാര്യശേഷിയും ഇവര്‍ പരിശോധിക്കും. നാല് ദിവസത്തെ സന്ദര്‍ശത്തിന് ശേഷം പ്രാഥമിക റിപ്പോര്‍ട്ട് വി.സി.ആര്‍.സി സമര്‍പ്പിക്കും. തുടര്‍ന്ന് രണ്ടാമതും സന്ദര്‍ശനം നടത്തി അടുത്ത ഒരു വര്‍ഷത്തേക്ക് കൊച്ചി നഗരത്തില്‍ നടപ്പാക്കേണ്ട കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളുടെ കാര്യപരിപാടി അവതരിപ്പിക്കും. റിപ്പോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ നഗരസഭ കൈക്കൊള്ളും. അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രീയാടിത്തറയോടുകൂടി കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് നഗരസഭ ആലോചിക്കുന്നത്. ഇതിന് പൊതുജന പങ്കാളിത്തവും വിവിധ വകുപ്പുകളുടെ സഹകരണവും ഉറപ്പുവരുത്തും. റെസിഡന്റ്സ് അസോസിയേഷനുകളെയും സന്നദ്ധ സംഘടനകളെയും സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളെയും സഹകരിപ്പിക്കാനും തീരുമാനിച്ചു. കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍, നഗരസഭയും വി.സി.ആര്‍.സിയുമായുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രഫ. ഡോ.കെ.എന്‍. പണിക്കര്‍, ഡിസ്ട്രിക്ട് സര്‍വെയ്ലന്‍സ് ഓഫിസര്‍ ഡോ. വിനോദ് പൗലോസ്, പൊതുജനാരോഗ്യ വകുപ്പ് പ്രതിനിധികള്‍, നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്ടർമാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.