അനധികൃത മണ്ണെടുപ്പും പാടം നികത്തലും പരിസ്ഥിതിസംരക്ഷണ കര്‍മസമിതി പ്രക്ഷോഭത്തിന്​

അനധികൃത മണ്ണെടുപ്പും പാടം നികത്തലും: പരിസ്ഥിതിസംരക്ഷണ കര്‍മസമിതി പ്രക്ഷോഭത്തിന്​ പെരുമ്പാവൂര്‍: മലകള്‍ ഇടിച്ചുനിരത്തി വന്‍തോതില്‍ പാടങ്ങള്‍ മണ്ണിട്ടു നികത്തുന്നതിനെതിരെ പ്രക്ഷോഭമാരംഭിക്കാന്‍ പരിസ്ഥിതിസംരക്ഷണ കര്‍മസമിതി തീരുമാനിച്ചു. ജില്ലയിലെ കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളില്‍ മണ്ണെടുപ്പും പാടം നികത്തലും വ്യാപകമാകുകയാണ്. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്​ ഇത്​ നടക്കുന്നത്​. മിക്കയിടത്തും ഏക്കറുണക്കിന് ഭൂമി നികത്തുന്നുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് വരുംകാലങ്ങളില്‍ രൂക്ഷ കുടിവെള്ള ക്ഷാമത്തിന് ഇടയാക്കും. കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന ഇത്തരം ക്രൂരതയുടെ പരിണതഫലം ഇപ്പോള്‍ ജനം അനുഭവിക്കുകയാണെന്ന് യോഗം വിലയിരുത്തി. ദൂരവ്യാപക പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന കെ-റെയില്‍ പദ്ധതികൂടി നടപ്പായാല്‍ കുന്നത്തുനാട് താലൂക്കിലുൾപ്പെടെ ഇടനാട്ടില്‍ അവശേഷിക്കുന്ന മലകളും ഇല്ലായ്മ ചെയ്യപ്പെടും. ഇതിനെതിരെ നടക്കുന്ന നാട്ടുകാരുടെ പ്രതിരോധം തകർക്കാൻ ക്രിമിനലുകള്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘങ്ങള്‍ രംഗത്തിറങ്ങുകയാണ്. റവന്യൂ, പൊലീസ്, മൈനിങ് ആൻഡ്​ ജിയോളജി, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങി നിയമം നടപ്പാക്കേണ്ടവരെല്ലാം നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കര്‍മസമിതി ആരംഭിക്കുന്ന സമരപരിപാടികള്‍ക്ക് തുടക്കംകുറിച്ച് കുന്നത്തുനാട് താലൂക്ക് ഓഫിസ് പടിക്കല്‍ ബുധനാഴ്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കര്‍മസമിതി ചെയര്‍മാന്‍ വര്‍ഗീസ് പുല്ലുവഴി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജബ്ബാര്‍ മേത്തര്‍, ശിവന്‍ കദളി, കെ.വി. മത്തായി, വി. രവീന്ദ്രന്‍, ടി.എ. വര്‍ഗീസ്, മത്തായി പുളിക്കല്‍, വി. വേലപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.