മട്ടാഞ്ചേരി: ബ്രിട്ടീഷ് നിർമിത പൈതൃക ജയിൽ മ്യൂസിയമാക്കിയപ്പോൾ തടവറയിൽ കഴിഞ്ഞിരുന്ന സ്വാതന്ത്ര്യ സമരപോരാളികളുടെ ചുവരിൽ സ്ഥാപിച്ചിരുന്ന ചിത്രങ്ങളിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻെറ ചിത്രം മാത്രം മാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ജയിൽ മ്യൂസിയം ഉദ്ഘാടനവേളയിൽതന്നെ ജനപ്രതിനിധികളായ ഹൈബി ഈഡൻ എം.പി, നഗരസഭ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ, സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് എന്നിവർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പ്രതിഷേധങ്ങൾ ഉയർന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻെറ ചിത്രം സ്ഥാപിക്കാൻ ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി അധികൃതർ നിസ്സംഗത കാണിക്കുന്നത് വിമർശനങ്ങൾക്കും ഇട നൽകിയിരിക്കുകയാണ്. ചരിത്രം വളച്ചൊടിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് സ്വാതന്ത്ര്യ ദിനത്തിൽ പൈതൃക ജയിലിന് മുന്നിൽ ഉപവാസമിരുന്നു. ഉപവാസസമരം നഗരസഭ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. അക്ബർ ബാദുഷ അധ്യക്ഷത വഹിച്ചു. പി.എച്ച്. നാസർ, കെ.എം. റഹീം, കെ.എ. നിയാസ്, പി.എം.എം. സിദ്ദീഖ്, എം.എം. സലീം, കെ.ബി. സലാം, പി.എസ്. ഹംസക്കോയ, കെ.കെ. ബഷീർ, സി.എ. ഫൈസൽ, എൻ.ഇ. സുബൈർ, റഷീദ് കായിക്കര എന്നിവർ സംസാരിച്ചു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പിന്നീട് അഷ്റഫിന് ഇളനീർ നൽകിയാണ് ഉപവാസ സമരം അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ജയിലിന് മുന്നിൽ ധർണ നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി ഷമീർ വളവത്ത് ഉദ്ഘാടനം ചെയ്തു. ചിത്രം 1 : നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് മ്യൂസിയത്തിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഇളനീർ നൽകി അവസാനിപ്പിക്കുന്നു ചിത്രം: 2 . സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ജയിലിന് മുന്നിൽ ധർണ നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.