ചെമ്മീൻ തൊഴിലാളികളുടെ വേതനം: രണ്ടുതട്ടിൽ ഷെഡ് ഉടമകൾ

അരൂർ: ചെമ്മീൻ തൊഴിലാളികൾക്ക് വേതനം കൂടുതൽ നൽകുമെന്ന് ഒരുവിഭാഗം പ്രഖ്യാപിച്ചതോടെ രണ്ടുതട്ടിൽ ഷെഡ് ഉടമകൾ. സംസ്ഥാനത്ത് ഏറ്റവുമധികം ചെമ്മീൻ വ്യവസായം കേന്ദ്രീകരിക്കുന്നത് അരൂരിലാണ്. അരൂർ, എഴുപുന്ന, തുറവൂർ, പട്ടണക്കാട്, അരൂക്കുറ്റി, പാണാവള്ളി തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, കോടംതുരുത്ത്, കുത്തിയതോട് എന്നീ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ചെമ്മീൻ തൊഴിൽ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.

ചെമ്മീൻ തൊഴിലാളികളുടെ വേതന വർധനക്കായി നിരവധി സമരങ്ങളും നടന്നിട്ടുണ്ട്. കോവിഡ് ശമിച്ചതിന് പിന്നാലെയാണ് ചർച്ച സജീവമായത്.കഴിഞ്ഞദിവസം പീലിങ് ഷെഡ് ഉടമകളുടെ സംഘടനയായ ചേംബർ ഓഫ് കേരള സീ ഫുഡ് ഇൻഡസ്ട്രി ഭാരവാഹികളും വിവിധ യൂനിയൻ നേതാക്കളും നടത്തിയ ചർച്ചയിൽ ടോക്കൺ ഒന്നിന് ഒരുരൂപ വർധിപ്പിക്കാൻ ധാരണയായി. നിലവിൽ ഒന്നിന് 18 രൂപ 50 പൈസ ആയിരുന്നത് 19.50 ആയി ഉയർത്താനാണ് ധാരണയായത്.

എന്നാൽ, തൊഴിലാളികളുടെ വേതനം ടോക്കൺ ഒന്നിന് 20 രൂപയായി വർധിപ്പിക്കാനാണ് പീലിങ് ഷെഡ് ഓണേഴ്സ് സംഘടനയായ മറൈൻ പ്രോഡക്ട് ഇൻഡസ്ട്രിയൽ അസോസിയേഷ‍‍െൻറയും ചെറുകിട പീലിങ് ഷെഡ് അസോസിയേഷ‍‍െൻറയും സംയുക്തയോഗം തീരുമാനിച്ചത്.

നിത്യോപയോഗ സാധനങ്ങളുടെ വില വർധനയും തൊഴിലുറപ്പുതൊഴിൽ മേഖലയിലേക്ക് ചെമ്മീൻ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും കണക്കിലെടുത്താണ് ഒരു ടോക്കണ് നിലവിലെ 18.50ൽനിന്ന് 20 രൂപയായി കൂലി വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മറൈൻ പ്രോഡക്ട് ഇൻഡസ്ട്രിയൽ അസോസിയേഷന് വേണ്ടി പ്രസിഡന്‍റ് അഷ്റഫ് പുല്ലുവേലി, ചെറുകിട പീലിങ് ഷെഡ് അസോസിയേഷന് വേണ്ടി കെ.എസ്. ബാഹുലേയൻ എന്നിവർ പറഞ്ഞു.

80ലധികം ഷെഡ് ഉടമകൾക്ക് അംഗത്വമുള്ള മറൈൻ പ്രോഡക്ട് ഇൻഡസ്ട്രിയൽ അസോസിയേഷൻ, നൂറോളം അംഗങ്ങളുള്ള ചെറുകിട പീലിങ് ഷെഡ് അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രതിനിധികളെ തൊഴിലാളി സംഘടന നേതാക്കളുമായുള്ള ചർച്ചക്ക് ക്ഷണിച്ചില്ലെന്നും അഷറഫ് പുല്ലുവേലി പറഞ്ഞു.

തൊഴിലാളി സംഘടന നേതാക്കളുമായി ചർച്ചക്ക് പോകുമ്പോൾ ഷെഡ് ഉടമകൾ കൂട്ടായ ധാരണയിൽ എത്തണം. തൊഴിലാളി സംഘടനകൾ ചേർന്ന് സംയുക്ത ട്രേഡ് യൂനിയൻ എന്ന നിലയിലാണ് ചർച്ചക്ക് എത്തുന്നത്.തൊഴിലാളികളുടെ ഡിമാൻഡ് നോട്ടീസ് സംയുക്ത ട്രേഡ് യൂനിയൻ തങ്ങളുടെ സംഘടനകൾക്ക് നൽകിയെങ്കിലും ചർച്ചക്ക് ക്ഷണിക്കാൻ തയാറായില്ല. അതുകൊണ്ടാണ് ഏകപക്ഷീയമായി 20 രൂപയാക്കി കൂലി വർധിപ്പിക്കാൻ തയാറായതെന്നും പറഞ്ഞു.

Tags:    
News Summary - Wages of shrimp workers: A different opinion for shed owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.