സമ്മാനമായി കിട്ടിയ സൈക്കിൾ സഹപാഠിക്ക്; നന്മയുടെ മാതൃകയായി നാദിർഷ
മണ്ണഞ്ചേരി: നബിദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സർഗ പ്രതിഭയായി നേടിയ സമ്മാനം സ്വന്തം സന്തോഷത്തിന് മാത്രമായി സൂക്ഷിക്കാതെ ഏറ്റവും പ്രിയപ്പെട്ട സഹപാഠിക്ക് സമ്മാനിച്ച് വേറിട്ട മാതൃകയായിരിക്കുകയാണ് ചിയാംവെളി ഇർഷാദുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസയിലെ എട്ടാം ക്ലാസ് വിദ്യാർഥി തോട്ടുചിറയിൽ ബി. നാദിർഷ.
കലാ സാഹിത്യ മത്സരത്തിൽ സർഗ പ്രതിഭപട്ടം നേടിയതിന്റെ സമ്മാനമായി ലഭിച്ച സൈക്കിളാണ് എൽ.കെ.ജി കാലം മുതൽ സഹപാഠിയും ഉറ്റ ചങ്ങാതിയും മദ്റസയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് സാലിഹിന് സമ്മാനദാന ചടങ്ങിൽ തന്നെ നാദിർഷ കൈമാറിയത്.
സമ്മാനം ഏറ്റുവാങ്ങി സന്തോഷിക്കേണ്ട നിമിഷത്തിൽ തനിക്ക് ലഭിച്ച സമ്മാനം മറ്റൊരാളുടെ സന്തോഷത്തിനായി നൽകാനുള്ള നാദിർഷയുടെ തീരുമാനം സംഘാടകരെയും അധ്യാപകരെയും സദസ്സിനെയും ഒരുപോലെ അമ്പരപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു.
നേടിയ സമ്മാനത്തെക്കാൾ വലുതാണ് അത് പങ്കുവെക്കാനുള്ള മനസെന്ന് തെളിയിച്ച നിമിഷമായി ചടങ്ങ് മാറി. നബിദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ലിവാഉൽ ഹബീബ് 2കെ26 മീലാദ് ഫെസ്റ്റ്' മദ്റസ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളിലെ സീനിയർ വിഭാഗത്തിൽ അഞ്ച് ഇനങ്ങളിൽ മത്സരിച്ച് 33 പോയിന്റ് നേടിയാണ് നാദിർഷ സർഗ പ്രതിഭ പട്ടം കരസ്ഥമാക്കിയത്.
കഴിഞ്ഞ വർഷവും മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സർഗ പ്രതിഭ പട്ടം നേടിയ നാദിർഷയ്ക്ക് സുമനസുകളുടെ സഹകരണത്തോടെ സൈക്കിൾ സമ്മാനമായി ലഭിച്ചിരുന്നു.
പെൺകുട്ടികളുടെ വിഭാഗത്തിൽ സർഗ പ്രതിഭയായ വിദ്യാർത്ഥിനിക്കും സൈക്കിൾ സമ്മാനമായി നൽകിയിരുന്നു.
മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും എസ്.പി.സി. കേഡറ്റുമാണ് നാദിർഷ. സ്കൂൾതല കലാമത്സരങ്ങളിലും മികവ് പുലർത്തി സമ്മാനങ്ങൾ സ്വന്തമാക്കുന്നതിൽ മുൻപന്തിയിലാണ്. ആലപ്പുഴ കോടതിയിലെ ജീവനക്കാരൻ ടി.എച്ച്. ബഷീറിന്റെയും പൊന്നാട് ഗവ. എൽ.പി. സ്കൂൾ അധ്യാപിക എസ്. ഷംലമോളുടെയും ഏക മകനാണ് നാദിർഷ.
സ്വന്തം കഴിവിലൂടെ സമ്മാനം നേടുകയും നേടിയ സമ്മാനം മറ്റൊരാളുടെ മുഖത്ത് പുഞ്ചിരിയാകാൻ നൽകുകയും ചെയ്ത നാദിർഷയുടെ പ്രവർത്തി വിജയത്തിന്റെ യഥാർഥ അർഥം പങ്കുവെക്കലാണെന്ന് ഓർമ്മിപ്പിക്കുന്ന മനോഹരമായ മാതൃകയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.