അരൂർ ഗ്രാമപഞ്ചായത്തിന്റെ എം.സി.എഫ് ഗേറ്റ് തുറക്കാൻ കഴിയാത്തവിധം കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം
അരൂരിലെ പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ മാലിന്യം കുമിയുന്നു
അരൂർ: ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ (എം.സി. എഫ്) പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു. ആവശ്യത്തിന് ഹരിതകർമ സേനാംഗങ്ങൾ ഇല്ലാത്തതാണ് കാരണം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 22 വാർഡുകളിൽനിന്ന് 44 പേർ ഉണ്ടായിരുന്നു.
24 വാർഡുകളായി വികസിപ്പിച്ചപ്പോഴും സേനാംഗങ്ങളുടെ എണ്ണം കൂട്ടിയില്ല. എം.സി.എഫിൽ പ്ലാസ്റ്റിക് തിരിയുന്ന ജോലികൾക്ക് 15 പേരെക്കൂടി വേണമെന്നാണ് ചുമതലയുള്ളവർ പറയുന്നത്. ഇതിനായി ആറുപേരെ എടുക്കാൻ കൂടിക്കാഴ്ച നടത്തിയെങ്കിലും ഹരിതകർമ സേനയിൽ അംഗങ്ങളാകാൻ തയാറാകാതെ പിരിഞ്ഞെന്നാണ് പറയുന്നത്.
സേനാംഗങ്ങളെ നിയമിച്ച് പ്ലാസ്റ്റിക് തരംതിരിയൽ ജോലികൾ കാര്യക്ഷമമാക്കണമെന്നാണ് എം.സി.എഫ് നടത്തിപ്പുകാർ പറയുന്നത്. പഞ്ചായത്ത് അധികൃതർ ഇക്കാര്യങ്ങൾക്ക് ശുഷ്കാന്തി കാട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏഴുവർഷം മുമ്പ് കളത്തിൽ ക്ഷേത്രത്തിനു സമീപം പഞ്ചായത്ത് സ്ഥലത്ത് പണിത അഭിമാന പദ്ധതി ഇപ്പോൾ പരിസരവാസികൾക്കും പഞ്ചായത്തിനും തലവേദനയാവുകയാണ്. 24 വാർഡുകളിൽനിന്ന് ദിവസേന എത്തുന്ന കിലോ കണക്കിന് പ്ലാസ്റ്റിക്കുകൾ ഇവിടെ കുന്നുകൂടുകയാണ്.
പുതുതായി വാങ്ങിയ പ്രസിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് ത്രീ ഫേസ് ലൈൻ ലഭിച്ചിട്ടുണ്ട്. ഇതിന്റെ പണികൾക്കുവേണ്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിടത്തിനകത്തുനിന്ന് മാറ്റിയതുകൊണ്ടാണ് പുറത്ത് കുമിഞ്ഞുകൂടിയതെന്ന് സേനാംഗങ്ങൾ പറഞ്ഞു. എം.സി.എഫിന്റെ ഗേറ്റ് തുറക്കാൻ പോലും കഴിയാത്ത വിധം പ്ലാസ്റ്റിക് കൂടിക്കിടക്കുന്നത് പരിസരവാസികളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് കുറേയെങ്കിലും കയറ്റിയയക്കാൻ പഞ്ചായത്ത് തയാറാകണമെന്നാണ് പരിസരവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.