വലതുമറിഞ്ഞ്, ഇടത്തേക്കുതിരിഞ്ഞ് ആലപ്പുഴയുടെ തേരോട്ടം

കടലിന്റെ തിരയിളക്കവും കായലിന്റെ നിശബ്ദതയും ചേര്‍ന്നുനില്‍ക്കുന്ന വിപ്ലവ മണ്ണാണ് ആലപ്പുഴ. തിരമാലകളെപ്പോലെയാണ് ഇവിടുത്തെ രാഷ്ട്രീയവും. ഇടക്ക് ഉയരും, താഴും. ഉയിര്‍പ്പും തിരിച്ചടിയും ഇടകലരുന്ന വോട്ട് സ്വഭാവം മണ്ഡലത്തിന്റെ പ്രത്യേകതയാണ്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ പാരമ്പര്യവും തീരദേശ ജീവിതത്തിന്റെ താളവും ചേര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയ സംസ്‌കാരം ഓരോ തെരഞ്ഞെടുപ്പിലും പുതുക്കപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ ഒന്നിനൊപ്പം നില്‍ക്കും. നിനക്കാത്തപ്പോള്‍ കൈവിടും. ആ ചരിത്രം ആലപ്പുഴ മണ്ഡലത്തിന് പുതുമയുള്ളതല്ല. ഇടതുപക്ഷത്തിന്റെ ദീര്‍ഘകാല സ്വാധീനം ഇവിടുത്തെ വോട്ടുബോക്‌സില്‍ പ്രതിഫലിക്കാറുണ്ട്. എങ്കിലും ഭൂരിപക്ഷം ചുരുങ്ങിയ മുന്‍പരിചയം, മാറുന്ന നഗര-ഗ്രാമ വോട്ടര്‍ മനോഭാവം, യുവജനങ്ങളുടെ സാന്നിധ്യം എന്നിവ ചേര്‍ന്നാണ് മത്സരം.

സി.പി.എമ്മിന്‍റെ സിറ്റിങ് എം.എൽ.എ പി.പി. ചിത്തരഞ്ജനാണ് ഇക്കുറിയും ജനവിധിതേടുന്നത്. കോൺഗ്രസിന്‍റെ സീറ്റ് ചർച്ച അവസാനഘട്ടത്തിലാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ്, കെ.എസ്.യു ജില്ല പ്രസിഡന്‍റ് എ.ഡി. തോമസ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ബി.ജെ.പിയുടെ സ്ഥാനാർഥിനിർണയം ആയിട്ടില്ല.

ഇടതിനെയും വലതിനെയും സ്വീകരിച്ച പാരമ്പര്യമാണ് മണ്ഡലത്തിന്. 1996 മുതൽ 2006 വരെ കോൺഗ്രസിലെ കെ.സി. വേണുഗോപാലിനൊപ്പം തുടർച്ചയായി ആലപ്പുഴ നിലകൊണ്ടു. 2009 ലെ ഉപതെരഞ്ഞെടുപ്പിലും എ.എ. ഷുക്കൂറിനെ ആലപ്പുഴ വിജയിപ്പിച്ചു. എന്നാൽ 2011 മുതൽ മണ്ഡലം ഇടതു കോട്ടയായി. 2021 വരെ ഡോ.ടി.എം.തോമസ് ഐസക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. നഗരസഭ കേന്ദ്രീകൃതമായ വികസന ശൈലി വോട്ടർമാർക്കിടയിൽ ഇടതുപക്ഷത്തിന് സ്വീകാര്യത നൽകി. അതോടെ ആലപ്പുഴ മന്ത്രിയുടെ മണ്ഡലമായി.

2021 ൽ കന്നിയങ്കത്തിനിറങ്ങിയ സി.പി.എമ്മിലെ പിപി. ചിത്തരഞ്ജൻ 73,412 വോട്ടുകൾ നേടി 11,644 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഡോ. കെ.എസ്. മനോജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മനോജിന് 61,768 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയിലെ സന്ദീപ് വചസ്‌പതി 21,650 വോട്ട് നേടി.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു മേൽക്കൈ. മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകൾ പൂർണമായും എൽ.ഡി.എഫിനൊപ്പം നിന്നു. മണ്ഡലത്തിലെ നഗരസഭ വാർഡുകളിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടി. മണ്ഡലത്തിൽ ആകെ കിട്ടിയ വോട്ടുകൾ: എൽ.ഡി.എഫ്-63,386, യു.ഡി.എഫ് -56,732, എൻ.ഡി.എ-23,041, എൽ.ഡി.എഫ് ഭൂരിപക്ഷം -6,654

മണ്ഡലചരിത്രം

കേരളത്തിന്റെ ആദ്യ വ്യവസായ മന്ത്രിയായ കമ്യുണിസ്റ്റ് നേതാവ് ടി.വി. തോമസിന്റെ ചരിത്രമൊന്നും ആലപ്പുഴക്കാര്‍ മറക്കില്ല. 1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ടി.വിക്കായിരുന്നു ജയം. കോണ്‍ഗ്രസിലെ നഫീസത്ത് ബീവിയെയാണ് തോൽപിച്ചത്. പക്ഷേ 1960ല്‍ ആലപ്പുഴക്കാര്‍ നഫീസത്ത് ബീവിക്കൊപ്പംനിന്നു. ടി.വി.ക്ക് തോല്‍വിയും.

65ലും ടി.വി. തോറ്റു. അന്ന് കോണ്‍ഗ്രസിലെ ജി. ചിദംബര അയ്യര്‍ക്കായിരുന്നു ജയം. രണ്ടു തവണ ടി.വിയെ കൈയ്യൊഴിഞ്ഞ ആലപ്പുഴക്കാര്‍ 67ല്‍ ടി.വിയെ വീണ്ടും നിയമസഭയിലെത്തിച്ചു. ഇത് 70ലും തുടര്‍ന്നു. അത് കോണ്‍ഗ്രസ് പിന്തുണയോടെയായിരുന്നു. സി.പി.എമ്മിലെ എന്‍. സ്വയംവരന്‍ നായരെയാണ് തോല്‍പ്പിച്ചത്. ആലപ്പുഴയില്‍നിന്ന് ജയിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ആയവര്‍ ഏറെയാണ്.

1977ല്‍ ആലപ്പുഴയില്‍നിന്ന് ജയിച്ച സി.പി.ഐ നേതാവ് പി.കെ. വാസുദേവന് നായരാണ് മുഖ്യമന്ത്രിയായി മണ്ഡലത്തിന്റെ അഭിമാനമായത്. ടി.വിയുടെ നിര്യാണത്തെ തുടര്‍ന്നാണ് സി.പി.ഐ സ്ഥാനാര്‍ഥിയായി പി.കെ.വി എത്തി. 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ടി.വി. തോമസ് വിജയിച്ച് സംസ്ഥാനത്തെ ആദ്യ വ്യവസായ മന്ത്രിയായി. കെ.പി. രാമചന്ദ്രന്‍ നായര്‍, കെ.സി. വേണുഗോപാല്‍, തോമസ് ഐസക്ക് എന്നിവരും ആലപ്പുഴയെ പ്രതിനിധീകരിച്ച് മന്ത്രിമാരായി. ടി.വിയെ അട്ടിമറിച്ച കോണ്‍ഗ്രസിലെ നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലുമെത്തിയിരുന്നു.

മാരാരിക്കുളം മാറിആലപ്പുഴയായി

ആലപ്പുഴ നഗരസഭ വാർഡുകൾ മാത്രം ഉൾപ്പെട്ട ആദ്യ ആലപ്പുഴ മണ്ഡലം മാരാരിക്കുളത്തിന്റെ ഭാഗങ്ങൾ കൂടി ചേർന്ന് പുതിയ മണ്ഡലമായി രൂപപ്പെട്ടു. ആലപ്പുഴ നഗരസഭയിലെ 28 വാർഡുകളും, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത്, മാരാരിക്കുളം നോർത്ത് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന പുതിയ നിയമസഭ മണ്ഡലമായി. ദേശീയ തലത്തിലുള്ള രാഷ്ട്രീയ ചർച്ചകളേക്കാൾ പ്രാദേശിക വികസന കാര്യങ്ങളാണ് ആലപ്പുഴ മണ്ഡലത്തിൽ ചർച്ചയാകുന്നത്.

വെള്ളപ്പൊക്കം, അഴുക്കുചാൽ പ്രശ്നങ്ങൾ, കനാലുകളുടെ ശോച്യാവസ്ഥ, മാലിന്യ സംസ്കരണം എന്നിവയാണ് വോട്ടർമാരുടെ പ്രധാന ചർച്ചാവിഷയങ്ങൾ. പാരമ്പര്യമായി കയർ-തുറമുഖ തൊഴിലാളി യൂനിയനുകൾ ഇവിടെ ഇടതുപക്ഷത്തിന് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. എങ്കിലും കനാലുകൾ അടയുന്നതോ മാലിന്യ പ്രശ്നമോ പോലെ ഭരണപരമായ പോരായ്മകൾ ഉണ്ടാകുമ്പോൾ വോട്ടർമാർ രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്താൻ മടിക്കാറില്ല.

വെല്ലുവിളികൾ

ആലപ്പുഴ നേരിടുന്ന പ്രശ്നങ്ങൾ ചെറുതല്ല. ടൂറിസം വളരുന്നത് സമ്പദ്‌വ്യവസ്ഥക്ക് ഗുണമാണെങ്കിലും മാലിന്യ സംസ്കരണത്തിലും ഗതാഗതക്കുരുക്കിലും ഇത് വലിയ സമ്മർദ്ദമുണ്ടാക്കുന്നു. കനാലുകളുടെ നവീകരണം എല്ലാ തെരഞ്ഞെടുപ്പുകളിലും ചർച്ചയാകാറുണ്ടെങ്കിലും ശാശ്വത പരിഹാരമില്ല. മത്സ്യത്തൊഴിലാളികളുടെ ഉപജീവന പ്രശ്നങ്ങളും പരമ്പരാഗത കയർ വ്യവസായത്തിലെ പ്രതിസന്ധിയും വോട്ടർമാർക്കിടയിൽ നിശബ്ദമായ അതൃപ്തിയുണ്ട്. ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകളും അടിസ്ഥാന സൗകര്യ വികസനവും മധ്യവർഗ വോട്ടർമാരുടെ നിലപാടുകളിൽ നിർണായകമാണ്.

ആശങ്കകൾ

വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാനില്ലത്രേ... ഇപ്പോഴും ആലപ്പുഴയുടെ സ്ഥായിയായ പ്രശ്നം വെള്ളം തന്നെയാണ്. വേനൽ -മഴക്കാലം എന്നൊന്നില്ലാതെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകുന്നതും വീടുകളിലടക്കം വെള്ളം കേറുന്നതും ഇവിടത്തെ വെല്ലുവിളിയാണ്. എന്നാൽ വികസനക്കുതിപ്പ് നൽകിയ ഊർജത്തോടെയാണ് ഇടതുപക്ഷം വോട്ടർമാരെ സമീപിക്കുന്നത്. മണ്ഡലത്തിൽ നിർമിച്ച അസംഖ്യം പാലങ്ങൾ, ആധുനിക റോഡുകൾ തുടങ്ങിയവ വോട്ടായി മാറുമെന്ന പൂർണ വിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്.

Tags:    
News Summary - Turn right, turn left and enter the chariot of Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.