ആലപ്പുഴ: കയർവ്യവസായത്തിന് പുത്തനുണർവേകാൻ ‘‘ഒരുവീട്ടിൽ ഒരു കയർ ഉൽപന്നം, കയറിനൊരു കൈതാങ്ങ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും ഞായറാഴ്ച വൈകീട്ട് മൂന്നിന് ആലപ്പുഴ കയർ കോർപറേഷൻ ഹാളിൽ നടക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മന്ത്രി എം. ലിജുവിന്‍റെ അധ്യക്ഷതയിൽചേരുന്ന യോഗം കയർവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ആനുകൂല്യവിതരണവും പദ്ധതിയുടെ ലോഗോ പ്രകാശനവും കെ.സി. വേണുഗോപാൽ എം.പിയും ആദ്യവിൽപന നിയമസഭ സ്പീക്കർ ഷാനിമോൾ ഉസ്മാനും നിർവഹിക്കും.
അന്നേദിവസം ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബിന്‍റെ വാർഡിൽ ജനപ്രതിധികളുടെ നേതൃത്വത്തിൽ കയർ ഉൽപന്നങ്ങളുടെ വിൽപനയുമുണ്ടാകും. ആഗസ്റ്റ് 10 മുതൽ ഫെബ്രുവരി 10വരെയുള്ള ആറുമാസത്തെ പരിപാടിയിലൂടെ ഓരോ കേരളീയ ഭവനത്തിലും കുറഞ്ഞത് ഒരു കയർ ഉൽപന്നം എത്തിക്കുകയെന്നതാണ് ലക്ഷ്യം. കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലയാണ് കയർ വ്യവസായത്തിൽ രണ്ടുലക്ഷത്തിലധികം തൊഴിലാളികളും 743ലധികം കയർ സഹകരണ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്.
വിപണിയിലുണ്ടായ ഇടിവ്, ഉപഭോക്താക്കളുടെ കുറവ്, നൂതന ഉൽപന്നങ്ങളുടെ അഭാവം എന്നിവ കാരണം കയർസഹകരണ സംഘങ്ങളും തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈസാഹചര്യത്തിൽ സംഘങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനും തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലിയും വരുമാനവും ഉറപ്പാക്കാനും വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെ കയർ ഉൽപ്പന്നങ്ങളുടെ വിപണനം വർധിപ്പിക്കും.
പ്രവർത്തനരഹിതമായ കയർപിരിസംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായി തൊഴിലാളികൾക്ക് ഓണക്കാലത്ത് 2000 രൂപ ഉൾപ്പെടെയുള്ള സഹായം നൽകാൻ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. കയർവിലയായി 12 കോടി രൂപയാണ് കയർഫെഡ് സംഘങ്ങൾക്ക് നൽകാനുള്ളത്. റിവോൾവിങ് ഫണ്ട് 3.95 കോടി രൂപയും പി.പി.എസ്.എസ് ഏഴുകോടിയും ഉൾപ്പെടെ 10.95 ലക്ഷം രൂപ അനുവദിക്കും.
സംഘങ്ങളുടെ പ്രവർത്തനക്ഷമത പരിഗണിച്ച് 444 കയർസംഘങ്ങൾക്ക് പ്രവർത്തനമൂലധനമായി 4.56 കോടിയും അനുവദിച്ചിട്ടുണ്ട്. വിവിധ തദ്ദേശസ്ഥാപനങ്ങൾ വഴി തൊഴിലുറപ്പ് പദ്ധതിയിൽ കയർഭൂവസ്ത്രം വിതരണം ചെയ്തവഴി ലഭിക്കാനുള്ള 68 കോടി രൂപയിൽ 41 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. കയർപിരി തൊഴിലാളികളുടെ കൂലി നിലവിലുള്ള 400 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിച്ചു. വാർത്തസമ്മേളനത്തിൽ എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ. സി. അഭിഷേക്, കയർവികസനവകുപ്പ് അഡീഷനൽ ഡയറക്ടർ കെ.എസ്. അനിൽകുമാർ, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ് ആൻഡ് കയർഫെഡ് എം.ഡി എം.കെ. ശശികുമാർ, മുൻ എം.എൽ.എ ബി. ബാബുപ്രസാദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.