അധ്യാപകനായ ലാബി ജോർജ് ജോൺ വിദ്യാർഥികൾക്കായി കത്ത് പോസ്റ്റ് ചെയ്യുന്നു
ചെങ്ങന്നൂർ: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ജില്ല കലക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതോടെ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്ക് സുരക്ഷാ നിർദേശങ്ങളും സ്നേഹവും പകർന്ന് അധ്യാപകന്റെ കത്ത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വെണ്ണിക്കുളം എം.ഡി എൽ.പി സ്കൂളിലെ എൽ.പി അധ്യാപകനും ആലപ്പുഴ ജില്ലക്കാരനായ മാന്നാർ കുട്ടമ്പേരൂർ സ്വദേശി ലാബി ജോർജ് ജോണാണ് നാലാം ക്ലാസിലെ തന്റെ മുഴുവൻ വിദ്യാർഥികൾക്കും പോസ്റ്റ് കാർഡിലൂടെ വേറിട്ടൊരു സ്നേഹ സന്ദേശം തയ്യാറാക്കി തപാൽ പെട്ടിയിൽ പോസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ ഈ പോസ്റ്റ് കാർഡുകൾ കുട്ടികളുടെ കൈകളിലെത്തും. മഴക്കാലത്ത് കുട്ടികൾ പുറത്തിറങ്ങി കളിക്കരുതെന്നും വെള്ളക്കെട്ടുകളിൽ ഇറങ്ങാതെ അച്ഛനമ്മമാരോടൊപ്പം സുരക്ഷിതരായി വീടുകളിൽ തന്നെ കഴിയണമെന്നുമാണ് കത്തിലെ പ്രധാന നിർദേശം.
ഒപ്പം അവധിക്കാലം വെറുതെയിരുന്ന് കളയാതെ സർഗാത്മകമായി ഉപയോഗിക്കണമെന്നും ഓർമിപ്പിക്കുന്നു. നല്ല കഥകൾ വായിക്കാനും ചിത്രങ്ങൾ വരയ്ക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ഈ സമയം വിനിയോഗിക്കണം.
മഴ മാറി സ്കൂൾ തുറക്കുമ്പോൾ കുട്ടികൾ വരച്ച ചിത്രങ്ങളും നിർമിച്ച കരകൗശല വസ്തുക്കളും കൊണ്ടുവരണമെന്നും അധ്യാപകൻ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. അവധിക്കാലത്തും വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചും അവരുടെ സർഗ്ഗശേഷി വളർത്തുന്നതിനെക്കുറിച്ചും ചിന്തിക്കുകയും അവർക്കായി സ്വന്തം കൈപ്പടയിൽ കത്തെഴുതുകയും ചെയ്ത അധ്യാപകന്റെ ഈ വേറിട്ട മാതൃക ഏറെ ശ്രദ്ധേയമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.