ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷന് സമീപം പാടശേഖരത്തിലെ

വെള്ളം പാതയിലേക്ക് ഇരച്ചെത്തിയപ്പോൾ

ആലപ്പുഴ: മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും പ്രളയ ദുരിതമൊഴിയാതെ കുട്ടനാട്. ഗ്രാമീണ റോഡുകൾ വെള്ളത്തിൽ മുങ്ങി. വ്യാഴാഴ്ച കടലിൽ മത്സ്യബന്ധനത്തിനുപോയി തിരികെ മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചതും വേദനയായി. ആലപ്പുഴ വാടക്കൽ തൈപറമ്പിൽ ടി.എ. പീറ്റർ (കോശി-65) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30നായിരുന്നു സംഭവം. മത്സ്യ ബന്ധത്തിന് പോയി തിരികെവരുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ കരക്കെത്തിച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാലുദിവസമായിട്ടും മഴക്കെടുതിക്ക് ശമനമില്ല. ജില്ലയിൽ 118 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 5012 കുടുംബങ്ങളിൽനിന്ന് 14646 പേരെയാണ് മാറ്റി പാർപ്പിച്ചത്. ഇതിൽ 5970 പുരുഷന്മാരും 6774 സ്ത്രീകളും 1902 കുട്ടികളും ഉൾപ്പെടും. ചെങ്ങന്നൂർ-41, കുട്ടനാട്-25, കാർത്തികപ്പള്ളി-24, മാവേലിക്കര-16, ചേർത്തല-അഞ്ച്, അമ്പലപ്പുഴ-ഏഴ് എന്നിങ്ങനെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

നാലുദിവസമായി കുട്ടനാട്, അപ്പർകുട്ടനാട് മേഖകളിൽനിന്ന് കാര്യമായ രീതിയിൽ ജലനിരപ്പ് താഴുന്നില്ല. അമ്പലപ്പുഴ-തിരുവല്ല പാതയിൽ വെള്ളംകയറി നീരേറ്റുപുറം, മുട്ടാർ, തായങ്കരി, കണ്ടംകരി അടക്കമുള്ള പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. വീടുകളിൽ കഴിയുന്നവർ കൂട്ടത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ചങ്ങനാശ്ശേരി അടക്കമുള്ള സമീപ പ്രദേശങ്ങളിലേക്കും ബന്ധുവീടുകളിലേക്കുമാണ് മാറിയത്. 2018 പ്രളയത്തിന് സമാനമാണ് പലയിടത്തും വെളളം ഉയർന്നത്. പമ്പയാറും അച്ചൻ കോവിലാറും ഉൾപ്പെടെയുള്ള നദികളും കൈതോടുകളും കരകവിഞ്ഞ് പാടശേഖരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.

മടവീഴ്ചയിൽ എ.സി കനാൽ കരകവിഞ്ഞാണ് പ്രധാന പാതയായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പലഭാഗത്തും വെള്ളം കയറിയത്. കോടികൾ മുടക്കി നവീകരിച്ച പാതയിൽ ഗതാഗതം ഭാഗികമായി നിലച്ചു. കെ.എസ്.ആർ.ടി.സി അടക്കമുള്ള വലിയവാഹനങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്. മനയ്ക്കച്ചിറ, കിടങ്ങറ, മാമ്പുഴക്കരി, പള്ളിക്കൂട്ടൂമ്മ എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലാണ് ദുരിതം ഏറെ. പാടശേഖരങ്ങൾ നിറഞ്ഞുകവിഞ്ഞ് ഇരച്ചെത്തുന്ന ജലം ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. പല വാഹനങ്ങളും കേടായി വഴിയിൽ കിടന്നു. ഇതിന് പിന്നാലെ വാഹനങ്ങൾ കടന്നുപോകുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.

പ്രദേശത്തെ ഉയർന്ന പാലങ്ങളിലാണ് നാട്ടുകാരുടെ വാഹനം പാർക്കുചെയ്യുന്നത്. വെള്ളമിറങ്ങാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. വള്ളങ്ങളിലും ട്രാക്ടറുകളിലുമാണ് പലരുടെയും സഞ്ചാരം. പുളിങ്കുന്ന്, കാവാലം, വെളിയനാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് കൂടുതൽ ബോട്ട് സർവിസുകളും നടത്തുന്നുണ്ട്. വെള്ളത്താൽ ഒറ്റപ്പെട്ടവർ ആശ്രയിക്കുന്നത് യാത്ര ബോട്ടുകളെയാണ്.

നെടുമുടി ബോട്ടുജെട്ടിയും കാത്തിരിപ്പുകേന്ദ്രവും വെള്ളത്തിൽ മുങ്ങി. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനവും പൂർണമായും അവതാളത്തിലായി. പ്രദേശത്തേക്ക് എത്തിപ്പെടാൻ കഴിയാത്തതിനൊപ്പം ആശുപത്രി കെട്ടിടങ്ങളും പരിസരവും വെള്ളത്തിൽ മുങ്ങിയതാണ് പ്രശ്നം. 

Tags:    
News Summary - പ്രളയദുരിതമൊഴിയാതെ കുട്ടനാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.