ആലപ്പുഴ: നഗരസഭാധ്യക്ഷയടക്കം അഞ്ച് വനിതകൾ ആലപ്പുഴ നഗരസഭയിലെ ജനറൽസീറ്റിൽ അങ്കംകുറിക്കുന്നു. ജനറൽസീറ്റായ നെഹ്റുട്രോഫി വാർഡിലാണ് നഗരസഭാധ്യക്ഷ സി.പി.എമ്മിലെ കെ.കെ. ജയമ്മ ഇക്കുറിയും മത്സരിക്കുന്നത്. യു.ഡി.എഫ് ഘടകക്ഷിയായ ജെ.എസ്.എസ് (രാജൻ ബാബു) വിഭാഗത്തിന് വിട്ടുനൽകിയ സീറ്റിൽ പത്രിക നൽകാതിരുന്നത് വിവാദമായിരുന്നു.
ഇതിന് പിന്നാലെ സ്വതന്ത്രൻ കെ.സി. സുബീന്ദ്രനെ യു.ഡി.എഫ് പിന്തുണക്കുകയായിരുന്നു. എം. ശ്രീകുമാറാണ് എൻ.ഡി.എ സ്ഥാനാർഥി.കഴിഞ്ഞ തവണ വനിതസംവരണമായ വാർഡിൽ ജയമ്മക്കായിരുന്നു വിജയം. അന്ന് ബി.ജെ.പി രണ്ടാമതും യു.ഡി.എഫ് മൂന്നാംസ്ഥാനത്തുമാണ് എത്തിയത്. ജനറൽസീറ്റായ തിരുമല വാർഡിൽ (എട്ട്) മാധ്യമപ്രവർത്തകകൂടിയായ എൻ.ഡി.എ സ്ഥാനാർഥി രാഖി രമേശാണ് പുരുഷന്മാരോട് ഏറ്റുമുട്ടുന്നത്. കന്നിയങ്കക്കാരൻ സി.പി.എമ്മിലെ പി.കെ. ഫൈസൽ എൽ.ഡി.എഫിനായും കോൺഗ്രസിലെ ടി.എ. വാഹിദാണ് യു.ഡി.എഫിനായും മത്സരിക്കുന്നു.
ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ അസംബ്ലി മണ്ഡലം സെക്രട്ടറിയുമായ ഗൗരി പാർവതി രാജ് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് സനാതനപുരം വാർഡിലാണ് (18). വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്തതിന് പിന്നാലെ കോടതി ഉത്തരവിലൂടെ വോട്ട് പുനഃസ്ഥാപിച്ചാണ് ഗൗരി സ്ഥാനാർഥിയായത്. കന്നിയങ്കക്കാരനായ സി.പി.എമ്മിലെ ഒ.പി. ഷാജിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ആർ. നിഖിൽ രാജാണ് എൻ.ഡി.എ സ്ഥാനാർഥി.
കുതിരപ്പന്തി (25) വാർഡിൽ സി.പി.ഐയുടെ രശ്മി സനലാണ് മത്സരിക്കുന്നത്. കൗൺസിലറായ പി. രതീഷ് (പി.ഡി.പി), ബി.കെ. അജിത്കുമാർ (യു.ഡി.എഫ്), സി.എസ്. സുമാന്സൻ (ബി.ജെ.പി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. ജനറൽസീറ്റായ വാടക്കനാൽ (47) വാർഡിൽ സി.പി.എമ്മിലെ പി. റഹിയാനത്ത് പേരിനിറങ്ങിയത്. ആര്. അംജിത്ത്കുമാര്‍ (കോൺ.), ഷിബു കൊച്ചുവാവ (എസ്.ഡി.പി.ഐ), പി.പി.അനില്‍കുമാര്‍ (ബി.ജെ.പി) എന്നിവരാണ് മറ്റ് സ്ഥാനാർഥികളായി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.