ആലപ്പുഴ കലക്ടറേറ്റ് വളപ്പിലെ വാകമരം ഓട്ടോക്ക് മുകളിൽ വീണപ്പോൾ
ആലപ്പുഴ: ആലപ്പുഴ കലക്ടറേറ്റ് വളപ്പിലെ മരം കടപുഴകി ഓട്ടോക്ക് മുകളിൽ വീണ് ഡ്രൈവറിനും യാത്രക്കാരിക്കും രക്ഷിക്കാനെത്തിയ ട്രഷറി ജീവനക്കാരനുമടക്കം നാലുപേർക്ക് പരിക്ക്. ഓട്ടോ പൂർണമായും തകർന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ എ.എൻ പുരം തെക്കേ ആറ്റുപുറം സത്യൻ (64), യാത്രക്കാരിയും റിട്ട. അധ്യാപികയുമായ പഴവീട് സായികൃപയിൽ സരസമ്മ (85), പരിസരത്ത് നിൽക്കുയായിരുന്ന ആലപ്പുഴ പഴവീട് ചങ്ങൻചിറയിൽ ലത (56) എന്നിവർക്കാണ് പരിക്കേറ്റത്.
തലക്ക് പരിക്കേറ്റ സരസമ്മയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരത്തിനടിയിൽപെട്ട ഓട്ടോയിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ മരച്ചില്ല കൊണ്ടാണ് ട്രഷറി ജീവനക്കാരനായ എസ്.എൽ പുരം അശ്വതിയിൽ രാജേഷിന് (43) പരിക്കേറ്റത്. ജില്ല ഭരണകൂടവുമായി ചേർന്ന് സ്വകാര്യ സ്ഥാപനം സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിക്കെത്തിയ സ്കൂൾ വിദ്യാർഥികളടക്കം കോമ്പൗണ്ടിൽ നിൽക്കവേയാണ് അപകടമുണ്ടായത്.
ഇതേ മരത്തിൽ പതിക്കുന്ന ബാനറിൽ ഒപ്പ് രേഖപ്പെടുത്തി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കാനായിരുന്നു പരിപാടി. മരം ചായുന്നത് കണ്ട് വിദ്യാർഥികളും അധ്യാപകരും ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചക്ക് 11.30നാണ് സംഭവം. ആലപ്പുഴ ഗേൾസ് സ്കൂളിലെ റിട്ട. അധ്യാപിക സരസമ്മ ട്രഷറിയിലേക്ക് എത്തിയതായിരുന്നു.
തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തുനിന്നാണ് സത്യന്റെ ഓട്ടോയിൽ കയറിയത്. കലക്ടറേറ്റ് പ്രവേശന കവാടത്തിന് സമീപം ഓട്ടോ നിർത്തി സരസമ്മ ഇറങ്ങുന്നതിനിടെ മരം ഓട്ടോക്ക് മുകളിൽ വീഴുകയായിരുന്നു. കലക്ടറേറ്റ് സെക്യൂരിറ്റി ഓഫിസിന് സമീപം നിന്ന വാക മരമാണ് നിലംപൊത്തിയത്.
സമീപത്തെ ഓട്ടോ ഡ്രൈവർമാരും കലക്ടറേറ്റിലെ ജീവനക്കാരും ചേർന്ന് ഓട്ടോയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. അതേസമയം, ബുധനാഴ്ച നടന്ന ഡി.വൈ.എഫ്.ഐ കലക്ടറേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പ്രവർത്തകരെ തടയാൻ പൊലീസ് ബാരിക്കേഡ് കയർകെട്ടി ഉറപ്പിച്ചത് ഈ മരത്തിലായിരുന്നു.
ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകരും എതിരിടാൻ പൊലീസും ശ്രമിച്ചതോടെ ആടിയുലഞ്ഞതാണ് ‘വാകമരം’ കടപുഴകാൻ കാരണമെന്ന് പറയപ്പെടുന്നു. അപകടത്തിന് പിന്നാലെ കലക്ടറേറ്റ് വളപ്പിലെ എല്ലാ മരങ്ങളുടെയും ശിഖരങ്ങൾ വെട്ടിയൊതുക്കാൻ തീരുമാനിച്ചതായി ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.