കായംകുളം: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന രാമപുരം ലോക്കൽ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. ഏരിയ നേതൃത്വത്തിന്റെ പിടിപ്പുകേടുകളും വീഴ്ചകളുമാണ് വിമർശന വിധേയമായത്. സംഘടനാ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഗുരുതരമായി വീഴ്ചയാണ് ഏരിയ കമ്മിറ്റിക്ക് സംഭവിച്ചതെന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ജയിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം ഉണ്ടായില്ല. സ്ഥാനാർഥിക്കെതിരായ ബോധപൂർവമായ പ്രവർത്തനം നടത്തിയതായും ചിലർ കുറ്റപ്പെടുത്തി. ചില ഏരിയ നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി. നഗരസഭ ഭരണത്തിലെ വീഴ്ചകളും ജനങ്ങളിൽ അവമതിപ്പുണ്ടാക്കി. ഭരണ മറവിലെ അഴിമതി യു.ഡി.എഫ് പ്രധാന പ്രചരണ ആയുധമാക്കി. നഗരസഭയിലെ മോതിര മോഷണം അടക്കമുള്ള സംഭവങ്ങളും കാര്യമായി ബാധിച്ചു. സംസ്ഥാന കമ്മിറ്റി സ്ഥാനാർഥിയെ തീരുമാനിച്ചാൽ അംഗീകരിക്കുന്ന മുൻ സമീപനങ്ങൾ നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങൾ കായംകുളത്തുണ്ടായി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മനപൂർവമായ വീഴ്ചവരുത്തി. സംസ്ഥാന കമ്മിറ്റി തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന ഏരിയ കമ്മിറ്റിയുടെ സമീപനം ഗൗരവ പരിശോധനക്ക് വിധേയമാക്കണം. മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്ന ജയചന്ദ്രനെ രാമപുരം ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം അട്ടിമറിച്ചത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കണം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവും പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങളാണ് ചിലരുടെ താൽപ്പര്യത്താൽ മാറ്റിമറിച്ചത്. പാർട്ടി തീരുമാനങ്ങൾക്കപ്പുറം ചില നേതാക്കളുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതാണ് തുടർച്ചയായ തിരിച്ചടികൾക്ക് കാരണം.
പാർട്ടിയിൽ നിന്ന് അകറ്റി നിർത്തിയ മുഴുവൻ പേരെയും ചേർത്തുനിർത്താൻ തയാറാകണം. പത്തിയൂരിൽ തുടർച്ചയായി ഉണ്ടാകുന്ന പരാജയങ്ങൾക്കും പിന്നോട്ടുപോക്കിനും പരിഹാരം കാണുന്നതിൽ കൂട്ടായ ഇടപെടലുകൾ ഉണ്ടാവണം. ഡി.വൈ.എഫ്.ഐ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പുറത്തുവന്ന ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ചും ചർച്ചയുണ്ടായി. പ്രവർത്തിക്കുന്നവരെ മാറ്റിനിർത്തുന്ന സമീപനം ഒഴിവാക്കണമെന്നും ചർച്ചയിൽ അഭിപ്രായങ്ങൾ ഉയർന്നു. നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ല കമ്മിറ്റി അംഗം പി. ഗാനകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.