ച​മ്പ​ക്കു​ളം മൂ​ലം​ വ​ള്ളം​ക​ളി​ക്കാ​യി കു​മ​ര​കം ടൗ​ൺ ബോ​ട്ട് ക്ല​ബ്​ ശ്രീ​വി​നാ​യ​ക​ൻ ചു​ണ്ട​നി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു

ജ​​ലോ​ത്സ​വം സീ​സ​ണി​ന്​ തു​ട​ക്കം

ആലപ്പുഴ: ഈ വർഷത്തെ വള്ളംകളി ആരവത്തിന് തുടക്കമാകുന്നു. ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി 29ന് നടക്കും. ഉച്ചക്ക് രണ്ടിന് ഏഴ് ചുണ്ടനുകൾ അടക്കമുള്ള കളിവള്ളങ്ങൾ അണിനിരക്കും. സീസണിലെ ആദ്യത്തെ വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളം കളിക്കായി ടീമുകൾ പരിശീലനത്തിലാണ്. മിഥുന മാസത്തിലെ മൂലം നാളില്‍ പമ്പയാറിൽ തുടക്കം കുറിക്കുന്ന ജല മാമാങ്കത്തിന് നാനൂറോളം വര്‍ഷം പഴക്കമുണ്ട്.

1952ൽ ചിത്തിര തിരുനാൾ മഹാരാജാവ് വള്ളം കളി കാണാനെത്തി. ഒന്നാംസ്ഥാനം നേടുന്ന ചുണ്ടന് രാജ പ്രമുഖൻ ട്രോഫി ഏർപെടുത്തി. മത്സരങ്ങൾക്ക് മുന്നോടിയായി അമ്പലപ്പുഴയിൽനിന്ന് പാൽപായസവുമായി ചമ്പക്കുളത്തെ മാപ്പിളശേരി വീട്ടിലെത്തും. ഇതിനുശേഷമാണ് ജലോത്സവചടങ്ങുകൾ തുടങ്ങുന്നത്.

ഇക്കുറി ഏഴ് ചുണ്ടനുകളാണ് പോരിനിറങ്ങുക. ചെറുതന പുത്തൻചുണ്ടൻ (കൈനകരി വില്ലേജ് ബോട്ട് ക്ലബ്), ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്), വലിയ ദിവാൻജി (നിരണം ബോട്ട് ക്ലബ്), നടുഭാഗം ചുണ്ടൻ (നടുഭാഗം ബോട്ട് ക്ലബ്), നടുവിലെ പറമ്പൻ (കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ്), ശ്രീവിനായകൻ (കുമരകം ടൗൺ ബോട്ട് ക്ലബ്), അരോമ (ആരോമ ബോട്ട് ക്ലബ്) എന്നിവരാണ്‌ ചമ്പക്കുളത്താറ്റിൽ ഏറ്റുമുട്ടുക. വെപ്പ് എ ഗ്രേഡ്- ഷോട്ട് പുളിക്കത്തറ, പട്ടേരിപുരക്കൽ (ന്യൂ കാവാലം ബോട്ട് ക്ലബ്), വെപ്പ് ബി ഗ്രേഡ്: പുന്നത്ര പുരയ്ക്കൽ (കൊണ്ടാക്കൽ ബോട്ട് ക്ലബ്), പി.ജി. കരിപ്പുഴ, ഓടി എഗ്രേഡ്: തുരുത്തിത്തറ (മങ്കൊമ്പ് ബോട്ട് ക്ലബ്), പി.ജി. കർണൻ (എം.ബി.സി മേപ്രാൽ ബോട്ട് ക്ലബ്), ഓടി ബി ഗ്രേഡ്: സെന്‍റ് ജോസഫ് (ജോസ് കിങ്സ്ബോട്ട് ക്ലബ്), ദാനിയേൽ (മങ്കൊമ്പ് ബോട്ട് ക്ലബ്) എന്നിവയും മാറ്റുരക്കും.

ചമ്പക്കുളം ബോട്ട്‌ ക്ലബിനായി പി.ബി.സിയും നടുഭാഗം ബോട്ട്‌ ക്ലബിനായി എൻ.സി.എഫ്‌.സി–പി.ബി.സി പുന്നമടയും തുഴയെറിയും. കന്നിക്കാരായി അരോമ ചുണ്ടനും കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബും പോരിനെത്തും. അരോമ ചുണ്ടൻ, ചെറുതന പുത്തൻ ചുണ്ടൻ, വലിയ ദിവൻജി, ശ്രീവിനായകൻ എന്നിവ പരിശീലനം ആരംഭിച്ചു. ചമ്പക്കുളം ചുണ്ടനും നടുഭാഗവും വ്യാഴാഴ്‌ച മുതൽ പരിശീലനം തുടങ്ങി.

നടുവിലേപ്പറമ്പനും ഉടൻ എത്തും. ജലോത്സവത്തിന് മുന്നോടിയായി സ്കൂൾ വിദ്യാർഥികളടക്കമുള്ളവരുടെ പങ്കാളിത്തത്തോടെ നടന്ന സാംസ്കാരിക ഘോഷയാത്രയും വർണാഭമായി. റെജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടിജിൻ ജോസഫ് അധ്യക്ഷത വഹിച്ചു. എന്നാൽ, വിട്ടുനിൽക്കുന്ന യുനൈറ്റഡ് ബോട്ട്‌ ക്ലബ്‌ കൈനകരിയുടെ അഭാവം ആരാധകരുടെ ഉള്ളുപൊള്ളിക്കും. ഡിസംബറിൽ ചേർന്ന ക്ലബ്‌ വാർഷിക പൊതുയോഗമാണ്‌ സീസണിൽ വിട്ടുനിൽക്കാൻ തീരുമാനിച്ചത്‌. ആഗസ്ത് 22നാണ് നെഹ്റു ട്രോഫി വള്ളംകളി.

സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം

ആലപ്പുഴ: തിങ്കളാഴ്ച ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പമ്പാനദിയിൽ ചമ്പക്കുളം മാപ്പിളശ്ശേരി കടവ് മുതൽ തെക്കുഭാഗത്ത് ഫിനിഷിങ് പോയന്റ് വരെയുള്ള മത്സര ട്രാക്കുകളിൽ സ്പീഡ് ബോട്ടുകൾ പ്രവേശിക്കരുതെന്ന് തുറമുഖ ഓഫിസർ അറിയിച്ചു. സംഘാടക സമിതിയുടെ അനുവാദമില്ലാതെ ട്രാക്കിൽ അതിക്രമിച്ചു കടക്കുന്ന ബോട്ടുകൾക്കെതിരെ നിയമപ്രകാരം കർശനനടപടി സ്വീകരിക്കും.

Tags:    
News Summary - water festival season begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.