തോട്ടപ്പള്ളി ഹാർബറിൽ വള്ളത്തിൽനിന്ന് കൊഴുവ കരക്കെത്തിക്കുന്നു

അമ്പലപ്പുഴയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൊഴുവ ചാകര; 50 കുട്ട വരെ ലഭിച്ച വള്ളങ്ങളുണ്ട്

അമ്പലപ്പുഴ: ട്രോളിങ് നിരോധനം തുടരുന്നതിനിടയിൽ പരമ്പരാഗത വള്ളങ്ങൾക്ക് പ്രതീക്ഷ നൽകി കൊഴുവ ചാകര. തോട്ടപ്പള്ളി ഹാർബറിൽ നിന്നടക്കം തിങ്കളാഴ്ച മത്സ്യബന്ധനത്തിന് പോയ ബീഞ്ച്, നീട്ടു വല വള്ളങ്ങൾക്കാണ് സുലഭമായി കൊഴുവ ലഭിച്ചത്. 50 കുട്ട വരെ ലഭിച്ച വള്ളങ്ങളുണ്ട്. ആദ്യം കിലോക്കു 60 രൂപക്കും പിന്നീട് 40നുമാണ് ലേലം നടന്നത്. നീട്ടു വലക്കാർക്കാണ് രുചിയേറിയ നെയ്യൻ മത്തി ലഭിച്ചത്. കിലോക്കു 240 രൂപയായിരുന്നു മൊത്ത വില. ചെറുകിട വിപണിയിൽ ഇത് എത്തുമ്പോൾ 350 രൂപയോളം വിലവരും.

ട്രോളിങ് നിരോധന സീസണാണ് പരമ്പരാഗത വള്ളക്കാരുടെ പ്രതീക്ഷക്കാലം. ചെമ്മീൻ, മത്തി, അയല, കണവ തുടങ്ങിയ മീനുകളാണ് ലഭിക്കുക. നല്ല വിലയും ലഭിക്കും. എന്നാൽ അടിക്കടി മാറുന്ന കാലാവസ്ഥ വ്യതിയാനവും കടലാക്രമണവും ഇക്കുറി തിരിച്ചടിയായി. കടലിൽ പോയ ഭൂരിഭാഗം ദിവസങ്ങളിലും ഇന്ധന ചെലവും അധ്വാനവും മിച്ചമായി എന്നല്ലാതെ പൊടിമീൻ പോലും കിട്ടിയില്ല. ചാകരപ്രതീക്ഷയിൽ ജില്ലയുടെ നാനാഭാഗത്തുനിന്നും നൂറുകണക്കിനു വള്ളങ്ങളാണ് തോട്ടപ്പള്ളി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നത്. ഹാർബറിന്റെ ആഴക്കുറവും വിസ്തൃതിയില്ലായ്മയും മൂലം വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്ന സ്ഥിതിയാണ്. ഏറെ ദുരിതം സഹിച്ചാണ് വള്ളത്തിൽനിന്ന് മീൻ കരക്കെത്തിക്കുന്നത്. എന്തായാലും അടുത്ത കാലവർഷത്തിന് മുമ്പ് കടൽ ശാന്തമായി കൂടുതൽ മത്സ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് വള്ളമുടമകൾ.

Tags:    
News Summary - Traditional fishermen in Ambalapuzha hit a jackpot of anchovies (kozhuva); some boats caught up to 50 basket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.