ആനന്ദ് ബോധി
ആലപ്പുഴ: ലോകകപ്പ് ആവേശത്തിനിടെ ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടിൽ കാൽപന്ത് കളിക്കാൻ മലയാളി പയ്യൻ. മാവേലിക്കര മാങ്കാംകുഴി കപിലവസ്‌തുവിൽ സുഭാഷ് നാഗയുടെയും ടി.കെ. ഉഷയുടെയും മകനും പ്ലസ്വൺ വിദ്യാർഥിയുമായ ആനന്ദ് ബോധിയാണ് (17) അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുന്നത്. ഈമാസം 29ന് പോർച്ചുഗലിൽ തുടങ്ങുന്ന ഐബർകപ്പ് ടൂർണമെന്‍റിൽ ചെന്നൈയിലെ ഷൈനിങ് സ്‌റ്റാർ ഫുട്ബാൾ അക്കാദമിക്കുവേണ്ടി ആനന്ദ് ബോധി ബൂട്ടണിയും. ജൂലൈ അഞ്ചുവരെയാണ് മത്സരം. ഇതിന് പിന്നാലെ ജൂലൈ ആറ് മുതൽ 13വരെ നടക്കുന്ന പാരീസ് വേൾഡ് ഗെയിംസിലും കളിക്കും. അസുലഭ നിമിഷം കൈവന്നതിന്‍റെ സന്തോഷത്തിലാണ് വീട്ടുകാർ. എന്നാൽ, യാത്രയടക്കമുള്ള ചെലവുകൾക്കായി വലിയ സാമ്പത്തിക ഭാരമാണുള്ളത്. ഇതുവരെ കടംവാങ്ങിയും വായ്പയെടുത്തും മൂന്നര ലക്ഷത്തോളം രൂപയാണ് ചെലവായത്. റെണാൾഡോ ഫാൻ കൂടിയായ ആനന്ദിന്‍റെ മികവ് പോർച്ചുഗലിൽ പുറത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ താമരക്കുളത്ത് ഫിഫയുടെ അംഗീകാരത്തോടെ സംഘടിപ്പിച്ച അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പിലൂടെയാണ് മികവ് പുറത്തുവന്നത്. ഒമ്പതിൽ കൊല്ലത്തെ ഫുട്ബാൾ അക്കാദമിയിൽ പരിശീലനം തുടങ്ങി. 2025ൽ ഊട്ടിയിൽ നടന്ന ഓൾ ഇന്ത്യ അണ്ടർ 16 ലീഗിൽ ഒമ്പത് ഗോളടിച്ച് ടോപ് സ്കോററായി. 2025 ജൂലൈ 13ന് സ്വീഡനിൽ നടന്ന ദ വേൾഡ് യൂത്ത് കപ്പിലും കളിച്ചു. വെട്ടിയാർ ടി.എം. വർഗീസ് മെമ്മോറിയൽ സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. മാവേലിക്കര മറ്റം സെന്‍റ് ജോൺസ് എച്ച്.എസ്.എസിൽ പ്ലസ്വണ്ണിന് ചേർന്ന ശേഷമാണ് ഫുട്ബാൾ കളിക്കാൻ വിദേശത്തേക്ക് പോകുന്നത്. പിതാവ് സുഭാഷ് നാഗ ട്രെയിനറാണ്. മാതാവ് ഉഷ കുവൈത്തിൽ നഴ്സാണ്. സഹോദരി: ആരാധ്യ എസ്. നാഗ (പത്താംക്ലാസ് വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.