അരൂക്കുറ്റി ഹൗസ് ബോട്ട് ടെർമിനൽ പുതിയ മുഖത്തിൽ
അരൂർ : യു.പി.എ സർക്കാറിന്റെ കാലത്ത് കേന്ദ്ര സഹായത്തോടെ നടപ്പിലാക്കിയ മെഗ ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ടൂറിസം അമിനിറ്റി സെന്ററുകളും ഹൗസ്ബോട്ട് ടെർമിനലുകളും പരിഷ്കരിച്ച് ഉപയോഗപ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം അരൂരിന്റെ വിനോദ സഞ്ചാര വികസനത്തിന് വഴി തുറക്കുമെന്ന് പ്രതീക്ഷ.
ജില്ലയിലെ മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ കീഴിൽ അരൂക്കുറ്റിയിലെ പഴയ ബോട്ട് ജെട്ടിയിൽ ഒമ്പത് വർഷം മുമ്പ് ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ഉത്തരവാദിത്വത്തിൽ കോടികളുടെ ചെലവിൽ നിർമിച്ച ഹൗസ് ബോട്ട് ടെർമിനൽ വർഷങ്ങളായി ഉപയോഗശൂന്യമാണ്. അനുബന്ധ സൗകര്യങ്ങളുടെ അഭാവവും കരാറുകാരെ കണ്ടെത്തുന്നതിലുള്ള പരാജയവും കാരണം ടെർമിനൽ വർഷങ്ങളോളം ഉപയോഗിക്കാതെ കിടന്നു. മാസങ്ങൾക്കു മുമ്പ് ബോട്ട് ജെട്ടിയും കെട്ടിടവും സ്വകാര്യ കരാറുകാർക്ക് വാടകക്ക് നൽകിയിരിക്കുകയാണ്. വിശ്രമമുറികൾ, കുടിവെള്ളം, കടകൾ, ലൈറ്റിങ്, ഹൗസ്ബോട്ട് അനുബന്ധ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ അധിക സൗകര്യങ്ങൾ ഇവിടെയുണ്ട്. കോടികൾ ചെലവാക്കി ഉണ്ടാക്കിയ സൗകര്യങ്ങൾ സ്വകാര്യ കക്ഷികൾക്ക് നൽകിയത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഹൗസ് ബോട്ട് ടെർമിനലിൽ ഒരേസമയം നാല് ഹൗസ്ബോട്ടുകൾ വരെ നിർത്താൻ കഴിയും. എന്നാൽ, ഇതുവരെയും ഒരു ഹൗസ് ബോട്ട് പോലും ഇവിടെ വന്നിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ജെട്ടിയിൽ ഇതിനകം നിർത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പാണാവള്ളി-എറണാകുളം പാസഞ്ചർ ബോട്ട് സർവിസും ടെർമിനലിന്റെ ഉപയോഗക്ഷമത വർധിപ്പിക്കും. വൈക്കം സത്യാഗ്രഹ നായകൻ പെരിയാറിന്റെ സ്മാരകം കൈതപ്പുഴക്കായലോരത്ത് ഉയരുന്നുണ്ട്. ഇതിന്റെ പൂർത്തീകരണത്തോടെ വിനോദസഞ്ചാരസാധ്യത വർധിക്കും.
ഹൗസ് ബോട്ട് ടെർമിനൽ പദ്ധതി
അരൂക്കുറ്റിയിലെ ഹൗസ് ബോട്ട് ടെർമിനൽ പദ്ധതിക്ക് വേണ്ടി ആകെ ചിലവ് 216.47 ലക്ഷം രൂപയാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പിൽ പണിത ഹൗസ് ബോട്ട് ടെർമിനൽ ഉപയോഗമില്ലാതെ നശിക്കുകയാണ്. മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇതും പണിതത്. 138.06 ലക്ഷം രൂപ ഇതിന്റെ നിർമാണത്തിന് ചെലവായിട്ടുണ്ടെന്ന് പറയുന്നു. ഈ കെട്ടിടങ്ങളും ഹൗസ് ബോട്ട് ടെർമിനലും സർക്യൂട്ട് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താൻ ബജറ്റ് പ്രഖ്യാപനത്തിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് കുത്തിയതോട് നിവാസികൾ. കോടന്തുരുത്ത് പഞ്ചായത്തിൽ പ്രവർത്തനം നിലച്ച വഴിയോര വിശ്രമ കേന്ദ്രത്തെയും സർക്യൂട്ട് ടൂറിസത്തിൽ ഉൾപ്പെടുത്താനും ബജറ്റ് പ്രഖ്യാപനം വഴിതുറക്കും. ദേശീയ പാതയോരത്ത് ഒരു കോടി രൂപ ചെലവിട്ട് സഞ്ചാരികൾക്കായി തുറന്ന അമിനിറ്റി സെന്ററിന് (വഴിയോര വിശ്രമകേന്ദ്രം) ലോക്ക് വീണിട്ട് വർഷങ്ങൾ പിന്നിടുന്നു.
സെന്ററും പരിസരവും കാടുകയറി നശിക്കുകയാണ്. തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് ബജറ്റ് പ്രഖ്യാപനം. എ.എം. ആരിഫ് എം.എൽ.എ ആയിരിക്കുമ്പോൾ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കോടംതുരുത്ത് പഞ്ചായത്തിന് മുന്നിലെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സ്ഥലത്ത് സൗകര്യങ്ങൾ ഒരുക്കിയത്. വാഹന യാത്രികർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, ഓപൺ ഓഡിറ്റോറിയം, കോഫി ഷോപ്, എ.ടി.എം, ശുചിമുറി, ഫീഡിങ് മുറി, കുട്ടികളുടെ പാർക്ക് എന്നിവയായിരുന്നു വിഭാവനം ചെയ്തത്.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും സെന്ററിന്റെ പ്രവർത്തനം തുടങ്ങിയില്ല. ആകെ ഉണ്ടായിരുന്ന ഒരു ഹോട്ടലും പൂട്ടി. സൗജന്യ സേവനമെന്നായിരുന്നു ഉദ്ഘാടന വേളയിൽ പറഞ്ഞത്. എന്നാൽ, ഇവിടെ യാത്രക്കാർക്കു വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ പോലും ഇല്ലായിരുന്നു. ഓപൺ ഓഡിറ്റോറിയവും പാർക്കും കാടുകയറി. പൊതുമരാമത്തിന് കീഴിൽ രൂപവത്കരിച്ച ആശ്വാസ് അമിനിറ്റി സമിതിക്കായിരുന്നു മേൽനോട്ടച്ചുമതല. നിലവിൽ ആരും തിരിഞ്ഞ് നോക്കാനില്ലാത്ത സ്ഥിതിയിലാണ് വഴിയോര വിശ്രമ കേന്ദ്രം. അരൂർ- തുറവൂർ ഉയരപ്പാത പൂർത്തിയാകുന്നതോടെ വഴിയോര വിശ്രമ കേന്ദ്രത്തിന് പ്രസക്തി ഇല്ലാതാകും. പുത്തൻ വിനോദസഞ്ചാര സാധ്യതകൾക്ക് കെട്ടിടം വിഭാവന ചെയ്യാവുന്നതാണ്.
ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുന്ന അന്ധകാരനഴിയിലെ കടലോര വിനോദ സഞ്ചാരാവശ്യത്തിന് പണിത കെട്ടിടങ്ങളും അരൂർ സർക്യൂട്ട് ടൂറിസം പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപ് കോടികൾ ചെലവഴിച്ച് പണിതതാണ്. ബജറ്റ് പ്രഖ്യാപനത്തിലൂടെ ഇവയും ഉപയോഗിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരികളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.