അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികൾക്കായി തോട്ടപ്പള്ളി മണ്ണുംപുറത്ത് കഴിഞ്ഞ സർക്കാർ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയ പുനർഗേഹം സഫലം ഭവന സമുച്ചയം ഫ്ലാറ്റുകളിൽ വൈദ്യുതി ലഭിക്കാത്തത് മൂലം കിടപ്പാടം ലഭിച്ചവർ പെരുവഴിയിൽ. മുറികളിൽ ഫാനും ലൈറ്റും പൈപ്പുകളും ഉൾപടെ സ്ഥാപിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തതാണ് വീടിന്റെ താക്കോൽ ലഭിച്ചവർക്കു കയറി താമസിക്കാൻ തടസ്സമായത്. റവന്യു വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ മൂന്ന് ഏക്കർ 48 സെന്റ് ഭൂമിയിൽ 26.5 കോടി ചെലവഴിച്ചാണ് ഫ്ലാറ്റ് നിർമിച്ചത്.
കേരള തീരദേശ വികസന കോര്‍പറേഷനായിരുന്നു ഫ്ലാറ്റുകളുടെ നിർമാണ ചുമതല. കടലാക്രമണ സമയത്തും വേലിയേറ്റ സമയത്തും കടൽ വെള്ളം കയറി ദുരിതമനുഭവിക്കുന്നവരെയും സ്വന്തമായി കിടപ്പാടമില്ലാതെ വലയുന്ന മത്സ്യതൊഴിലാളി കുടുബങ്ങളെയും നല്ല രീതിയിൽ പാർപ്പിക്കാനാണ് ഫ്ലാറ്റ് സമുച്ചയം ഒരുക്കിയത്. അമ്പലപ്പുഴയിലെ ഭൂരഹിതരും കിടപ്പാടുമില്ലാത്തതുമായ 204 കുടുംബങ്ങൾക്കുള്ള ഭവനമാണ് വിഭാനം ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഫ്ലാറ്റ് സമുച്ചയം ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. ഇതിൽ 84 കുടുംബങ്ങൾക്കാണ് ഫ്ലാറ്റുകളുടെ താക്കോൽ കൈമാറിയത്. എന്നാൽ, 76 ഫ്ലാറ്റുകൾക്ക് മാത്രമാണ് വൈദ്യുതി ലഭിച്ചത്. ആവശ്യമായ രേഖകൾ സമർപ്പിക്കാത്തവർക്കും ഇവിടെ താമസിക്കാൻ ആഗ്രഹിക്കാത്തവർക്കുമാണ് വൈദ്യുതി ലഭിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, സ്വന്തം ഭവനങ്ങളിലേക്ക് താമസം മാറാൻ ആഗ്രഹിച്ചെത്തിയ പലരും വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ നിരാശയോടെ മടങ്ങുകയാണ്.ഫ്ലാറ്റുകൾ ലഭിച്ചവർ കഴിഞ്ഞ മൂന്ന് മാസമായി ഇടക്കെത്തി മുറികൾ വൃത്തിയാക്കി മടങ്ങേണ്ട അവസ്ഥയിലാണ്. ഫ്ലാറ്റ് കിട്ടിയതിനാൽ വാടകക്ക് താമസിച്ചിരുന്ന വീട് ഒഴിഞ്ഞാൽ പെരുവഴിയിൽ അഭയം തേടേണ്ടിവരുമെന്ന ആശങ്കയിലാണ് പലരും. കാലവർഷം ശക്തമായാൽ വാടക വീട്ടിലും ചോർന്നൊലിക്കുന്ന ഷെഡിലും കഴിയുന്നവർ എങ്ങോട്ടു പോകണമെന്നാണ് തോട്ടപ്പള്ളിയിൽ ഫ്ലാറ്റ് കെട്ടിടത്തിൽ ഭവനം ലഭിച്ചവർ ചോദിക്കുന്നത്.
പരസ്പരം പഴിചാരി വകുപ്പ് അധികൃതർ
അമ്പലപ്പുഴ: തോട്ടപ്പള്ളി മണ്ണുംപുറം പുനര്‍ഗേഹം പദ്ധതിയില്‍പ്പെട്ട 76 ഫ്ലാറ്റുകൾക്ക് മാത്രമാണ് വൈദ്യുതി കണക്ഷന് രേഖകൾ സമർപ്പിച്ചതെന്നാണ് വൈദ്യുതി വകുപ്പ് അമ്പലപ്പുഴയിലെ ഉദ്യോഗസ്ഥർ പറയുന്നത്. രേഖകള്‍ നല്കിയ മുഴുവന്‍ ഫ്ലാറ്റുകളിലും വൈദ്യുതി കണക്ഷന് നല്കി. ഉദ്ഘാടനത്തിന് മുമ്പായി ദിവസങ്ങളോളം ട്രയല്‍റണ്‍ നടത്തിയതുമാണ്. ഇതില്‍ ആറ് ഫ്ലാറ്റുകളിലെ വൈദ്യുതി പാനലില്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ട്. അത് കോര്പറേഷന് ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും പരിഹരിക്കാനാകുമെന്നും വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഓൺലൈനിലൂടെയാണ് വൈദ്യുതി കണക്ഷന് അപേക്ഷ നൽകിയതെന്നും ഇതിൽ ചില കുടുംബങ്ങൾക്ക് മതിയായ രേഖകൾ സമർപ്പിക്കാനായില്ലെന്നും മറ്റ് ചിലർക്ക് ഫ്ലാറ്റുകൾ വേണ്ടെന്ന നിലപാടിൽ രേഖകൾ നൽകാതിരുന്നതുമാണ് എട്ട് ഫ്ലാറ്റുകൾക്ക് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ തടസ്സമായതെന്ന് കേരള തീരദേശ വികസന കോര്പറേഷൻ അധികൃതർ പറഞ്ഞു. ട്രയല്‍റണ്ണില്‍ തന്നെ ഫ്ലാറ്റുകളിലെ വൈദ്യുതി സംവിധാനങ്ങളില്‍ ചില പാകപ്പിഴകള്‍ കണ്ടെത്തിയിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സഹകരണത്തോടെ മാത്രമെ പരിഹരം കണ്ടെത്താനാകുകയുള്ളുവെന്നും കേരള തീരദേശ വികസന കോര്പറേഷന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.